മകളെ കെട്ടിയിട്ട് മുഖത്ത് കാന്താരിമുളക് തേച്ച രക്ഷിതാക്കൾക്കെതിരെ കേസ്

ചിറ്റാരിക്കാൽ : വെസ്റ്റ് എളേരി പറമ്പയിൽ ആറുവയസുകാരിയായ മകളെ ദമ്പതികൾ മദ്യലഹരിയിൽ വീടിനുള്ളിൽ കെട്ടിയിട്ട് മുഖത്ത് കാന്താരി തേച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെസ്റ്റ് എളേരി പറമ്പയിലാണ് ആറു വയസുകാരിയായ മകളെ മദ്യലഹരിയിൽ മാതാപിതാക്കൾ കാന്താരി അരച്ച് മുഖത്തു തേച്ചത്. പ്രാണരക്ഷാർത്ഥം അടുത്തുള്ള വീട്ടിൽ ഓടിയെത്തിയ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

പറമ്പ അംഗനവാടിക്ക് സമീപം താസിക്കുന്ന തമ്പി – ഉഷ ദമ്പതികളാണ് മകളോട് ക്രൂരമായി പെരുമാറിയത്. ബുധനാഴ്ചയായിരുന്നു സംഭവം. തമ്പിയും ഭാര്യ ഉഷയും സ്ഥിരം മദ്യ പാനികളാണെന്ന് പരിസര വാസികൾ പറയുന്നു.  രണ്ടു പെൺമക്കളുള്ള ഇവരുടെ മൂത്ത കുട്ടിയെ മാതാപിതാക്കളുടെ പീഡനത്തെ തുടർന്ന് നേരത്തെ തന്നെ പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രക്ഷിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായ ആറു വയസുകാരിയെയും ഇവിടേക്കാണ്‌ മാറ്റിയിരിക്കുന്നത്. പെൺകുട്ടി നിയമ സഹായ വളണ്ടിയർമാരുടെ സഹായത്തോടെ ചിറ്റാരിക്കാൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

മദ്യലഹരിയിൽ തമ്പിയും ഉഷയും ചേർന്ന് പെൺകുട്ടിയെ കെട്ടിയിട്ട് തല്ലുകയും മുഖത്തു കാന്താരി അരച്ച് തേക്കുകയുമായിരുന്നു. വീട്ടിൽ നിന്നും ഓടി അടുത്ത വീട്ടിലെത്തി നടന്ന കാര്യങ്ങൾ കരഞ്ഞു കൊണ്ട് വിവരിച്ച കുട്ടിയുടെ സങ്കടം കണ്ട് വീട്ടുകാർ ഉടൻ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു.  ഇവർ വാർഡ് മെമ്പറെയും പിന്നീട് ജില്ലാ നിയമ സഹായ അതോറിറ്റി വളണ്ടീയറെയും വിവരമറിയിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസും സ്ഥലത്തെത്തി കുട്ടിയെ കണ്ട് വിവരങ്ങളന്വേഷിച്ചു.

കുട്ടിയുടെ മൊഴി പ്രകാരം കുട്ടി രക്ഷിതാക്കൾകൊപ്പം സുരക്ഷിതമല്ലെന്ന കണ്ടത്തലിലാണ് പൊലീസ് കുട്ടിയെ സഹോദരി കഴിയുന്ന പടന്നക്കാട്ടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. സംഭവത്തിൽ മാതാപിതാക്കളായ തമ്പിക്കും, ഉഷയ്ക്കുമെതിരെ ചിറ്റാരിക്കാൽ പോലീസ് ജെ.ജെ. ആക്ട് പ്രകാരം കേസ്സെടുത്തു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർ സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങുന്നു

Read Next

വത്സൻ പിലിക്കോട് സിപിഐ വിട്ടു