കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മരണം കൊലയാകാൻ സാധ്യത മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നീലേശ്വരം: നീലേശ്വരത്ത് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്. കാസർകോട് കെഎസ്ഇബി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ പയ്യന്നൂർ ഏഴിലോട് സ്വദേശി വടക്കേടത്ത് രാജന്റെ 53, മരണത്തിലുള്ള ദുരൂഹത ഇന്നുച്ചയ്ക്ക് പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തോടെ അകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്തുള്ള ഇരുനില വീടിന്റെ പുറത്തെ കോണിപ്പടിയിലാണ് നാല് ദിവസത്തിലേറെ പഴക്കമുള്ള രാജന്റെ മൃതദേഹം പുർണ്ണമായും നഗനനാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദുർഗന്ധമുണ്ടായതിനെത്തുടർന്ന് അയൽവാസികളാണ് വിവരം നീലേശ്വരം പോലീസിനെ അറിയിച്ചത്. നീലേശ്വരം എസ്ഐ, കെ.പി. സതീഷ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുറത്ത് നിന്നും വീടിന്റെ മുകൾ നിലയിലേക്ക് കയറാൻ സ്ഥാപിച്ച ഇരുമ്പ് കോണിപ്പണിയിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോണിപ്പടിയിലെ താഴത്തെ പടിയിൽ നിന്നും തലമണ്ണിൽ കുത്തിയ നിലയിലായിരുന്നു മൃതദേഹം. പ്ലാസ്റ്റിക്ക് കസേര മൃതദേഹത്തിൽ കയറ്റിവച്ച നിലയിലുമാണ് കാണപ്പെട്ടത്. രാജന് മദ്യപിക്കുന്ന ശീലമില്ലാത്തതിനാൽ മദ്യലഹരിയിൽ വീണ് മരിച്ചതാകാനുള്ള സാഹചര്യമില്ല. രാജൻ ആത്മഹത്യ ചെയ്തതിന് തെളിവില്ല. ആത്മഹത്യ ചെയ്തതിന്റെ അടയാളം മൃതദേഹത്തിൽ നിന്നും കണ്ടെത്താനായിട്ടില്ല. വിഷദ്രാവകങ്ങളുടെ കുപ്പികൾ തേടി പോലീസ് സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഷം അകത്ത് ചെന്നാണ് മരണമെങ്കിൽ, മൃതദേഹത്തിന്റെ വായയിൽ നിന്നും നുരയുണ്ടാകേണ്ടതാണ്. ഇതും മൃതദേഹത്തിൽ കണ്ടെത്താനായില്ല. 

ആത്മഹത്യ ചെയ്തതിന് തെളിവില്ലാതായതോടെയാണ് കൊലപാതക സാധ്യതയിലേക്ക് പോലീസ് അന്വേഷണം നീണ്ടത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷം കേസ്സിൽ തുടർന്നുള്ള അന്വേഷണം നടക്കും. കോണിപ്പടിയിൽ തട്ടിയതിനെ തുടർന്ന് മുഖം നിലത്ത് കുത്തിനിന്നപ്പോഴുണ്ടായ പരിക്കുകൾ മൃതദേഹത്തിൽ കാണാനുണ്ട്. പ്രത്യക്ഷത്തിൽ മറ്റ് പരിക്കുകളൊന്നും പോലീസിന്റെ ഇൻക്വസ്റ്റിൽ കണ്ടെത്താനായില്ല. അഴുകിയ മൃതദേഹമായതിനാൽ കൂടുതൽ പരിക്കുകളുണ്ടെങ്കിൽ പോസ്റ്റ്മോർട്ടത്തിൽ മാത്രമെ തിരിച്ചറിയാൻ സാധിക്കും.

ജീവിതത്തിൽ ഒരിക്കൽപോലും മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാത്ത രാജന് മറ്റ് ദുശ്ശീലങ്ങളൊന്നുമുള്ളതായി നാട്ടുകാർക്കും ബന്ധുക്കൾക്കുമറിയില്ല. സുഹൃത്തുക്കളുമായും കുടുംബക്കാരുമായും കൂടുതൽ അടുപ്പം പുലർത്താതിരുന്ന അവിവാഹിതനായ രാജൻ ഒറ്റപ്പെട്ട് കഴിഞ്ഞ് പോകുന്ന പ്രകൃതക്കാരനാണ്.

മൃതദേഹം കാണപ്പെട്ട കറുത്ത ഗേറ്റിലെ വീട്ടിനകത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. മോഷണം നടന്നതിന് വീട്ടിനകത്ത് ലക്ഷണവുമില്ല. രാജന്റെ വീട്ടിൽ നിന്നും പണം മോഷണം പോയിട്ടുണ്ടോയെന്നറിയുന്നതിന് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ് പോലീസ്. അടുത്ത കാലത്ത് രാജൻ പണം പിൻവലിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. സ്വിച്ച് ഓഫിലുള്ള സെൽഫോൺ വിദഗ്ധരുടെ സഹായത്തോടെ തുറന്ന് പരിശോധിക്കും. കെഎസ്ഇബിയിൽ ഫീൽഡ് ഉദ്യാഗസ്ഥനായതിനാൽ രാജന് എല്ലാ ദിവസവും ഓഫീസിലെത്തേണ്ട ആവശ്യമില്ല. സഹപ്രവർത്തകർ ഇക്കാരണത്താൽ തന്നെ രാജനെ കാണാത്തതിനെ കുറിച്ച് അന്വേഷണം നടത്തിയതുമില്ല.

LatestDaily

Read Previous

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ അഴുകിയ മൃതദേഹം ദുരൂഹസാഹചര്യത്തിൽ വീട്ടിലെ കോണിപ്പടിയിൽ

Read Next

ബശീറിന്റെ ആഭാസ ഫോൺവിളി ഫേസ്ബുക്കിൽ പരിഹാസ പൊങ്കാല