യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

രാജപുരം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പാണത്തൂർ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രന്റെ ഭാര്യ ഓമനയാണ് 32, മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെ കുണ്ടുപ്പള്ളിയിലെ വീട്ടിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിഞ്ഞ ഓമന ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

മദ്യപിച്ചെത്താറുള്ള രാജേന്ദ്രൻ ഓമനയെ പതിവായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മർദ്ദനം സഹിക്കവയ്യാതെയാണ് ഓമന ജീവനൊടുക്കിയതെന്നാണ് പരാതി. സഹോദരന്റെ പരാതിയിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ഓമനയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് വീടുവെച്ചാണ് ദമ്പതികളും മക്കളും താമസിച്ചിരുന്നത്. രാജേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവാണെന്ന് സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

ദേഹമാസകലം പൊള്ളലേറ്റ് അബേധാവസ്ഥയിലായതിനാൽ ഓമനയിൽ നിന്ന് മൊഴിയെടുക്കാൻ പോലീസിനും, മരണമൊഴിയെടുക്കാൻ മജിസ്ട്രേറ്റിനും സാധിച്ചിട്ടില്ലെന്ന് രാജപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു. യുവതിയെചികിത്സിച്ച ഡോക്ടറുടെ മൊഴിയെടുത്ത് അന്വേഷണത്തിനുശേഷം തുടർ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. യുവതി നേരത്തേയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന അഞ്ജന, പാണത്തൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥി രഞ്ജൻ എന്നിവർ മക്കളാണ്.

LatestDaily

Read Previous

ശൃംഗാര ശബ്ദരേഖ: സംയുക്ത ജമാഅത്ത് ഭാരവാഹികൾ രാജി സന്നദ്ധത അറിയിച്ചു

Read Next

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി വിദ്യാർത്ഥികൾ പരിശോധന ശക്തമാക്കി പോലീസ്