ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കുപ്രസിദ്ധ കവർച്ചക്കാരെല്ലാം ശിക്ഷാ കാലാവധി പൂർത്തിയാക്കിയും, റിമാന്റ് കാലാവധി കഴിഞ്ഞും ശേഷം ജയിലിന് പുറത്തെത്തിയതോടെ പോലീസിന് ഉറക്കം നഷ്ടപ്പെട്ടു. പോലീസിന്റെ നിരീക്ഷണപ്പട്ടികയിലുള്ള 15ലധികം വരുന്ന കവർച്ചക്കാരാണ് കാസർകോട് ജില്ലയിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടുള്ള പ്രതികൾ. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമെത്തി കവർച്ച നടത്തുന്ന പ്രതികളെ കൂടാതെയാണ് ജില്ലയിലെ സ്ഥിര താമസക്കാരായ 15ലേറെ പ്രതികൾ കാസർകോട് ജില്ലയിൽ നിന്നും അടുത്ത കാലത്തായി പുറത്ത് വന്നിട്ടുള്ളത്.
പ്രതികളെല്ലാം സ്ഥിരം കവർച്ചക്കാരും പോലീസ് നിരീക്ഷണത്തിലുള്ളവരാണെങ്കിലുമിപ്പോൾ ജയിലിൽ നിന്നും പുറത്തെത്തിയിട്ടുള്ള ഭൂരിഭാഗം പേരും എവിടെയാണെന്ന് പോലീസിന് യാതൊരു ഊഹവുമില്ല. കാസർകോടിന്റെ എല്ലാ ഭാഗങ്ങളിലും അടുത്ത കാലത്തായി കവർച്ചകൾ വർദ്ധിക്കുന്നത് കവർച്ചക്കാരെല്ലാം ജയിലിൽ നിന്ന് പുറത്തെത്തിയ സാഹചര്യത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ചട്ടഞ്ചാൽ 55-ാം മൈലിൽ കടയുടെ ഷട്ടർ തുറന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന കുരുമുളക് മോഷണം പോയതിന് പിന്നിൽ അടുത്ത കാലത്ത് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് തുരപ്പൻ സന്തോഷിനെയാണ് പോലീസ് സംശയിക്കുന്നത്.
കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ അടുത്ത നാളുകളിലായി കവർച്ചകൾ പെരുകിയിട്ടുണ്ട്. നീലേശ്വരം രാജാ റോഡിൽ ജ്വല്ലറി തുരന്ന് കവർച്ചയ്ക്ക് ശ്രമിച്ചത് ഒരു മാസം മുമ്പാണ്. ഇതിന് പിന്നാലെ മാവുങ്കാലിൽ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും വജ്രാഭരണവും കവർച്ച ചെയ്തു. ഭണ്ഡാര കവർച്ചകളും വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്നുള്ള കവർച്ചകളും വർദ്ധിച്ചതും അടുത്ത കാലത്താണ്. ബേക്കലിൽ കഴിഞ്ഞയാഴ്ചക്കിടെ രണ്ട് പിടിച്ചുപറി കേസ്സുകൾ റിപ്പോർട്ട് ചെയ്തു. സ്കൂട്ടിയിലെത്തി 60 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ കഴുത്തിൽ നിന്നും 10 പവനിലേറെ ആഭരണങ്ങൾ പട്ടാപ്പകൽ തട്ടിയെടുത്തതിന് പിന്നിൽ പരിചയ സമ്പന്നനായ മോഷ്ടാവിനെയാണ് പോലീസ് സംശയിക്കുന്നത്. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടും കവർച്ചകൾ പെരുകുകയാണ്.