സദാചാര ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

കാഞ്ഞങ്ങാട്: സദാചാര ഗുണ്ടായിസം ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമിസംഘം തല തല്ലിത്തകർത്ത അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ സമീറിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ജനുവരി 16-ന് രാത്രി 9 മണിക്കാണ് ഒരു സംഘമാൾക്കാർ നായിക്കുട്ടിപ്പാറയിൽ സമീറിനെ ആക്രമിച്ചത്. ഇരുമ്പാണി തറച്ച സ്റ്റീൽ പൈപ്പ് കൊണ്ട് തലയുടെ നടുവിൽ അടിയേറ്റതിനെത്തുടർന്ന് സമീറിന്റെ തലയോട്ടിയിൽ സാരമായ പരിക്കേറ്റിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ സമീർ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലാണ്.

നായിക്കുട്ടിപ്പാറയിൽ നിർധനനായ വൃദ്ധനും മകളും താമസിക്കുന്ന വീട്ടിലേക്ക് സഹായവുമായെത്തിയ ആറങ്ങാടി സ്വദേശിയെ ഒരു സംഘമാൾക്കാർ കയ്യേറ്റം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ആറങ്ങാടി സ്വദേശിയെ കയ്യേറ്റം ചെയ്ത സംഘം വൃദ്ധനെയും മകളെയും കയ്യേറ്റം ചെയ്യുകയും, വീടിനകത്തെ കസേരകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ നടന്ന അക്രമണത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് സമീറിനെയും, സുഹൃത്ത് മുനീറിനെയും ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. സമീറിനെ ആക്രമിച്ച സംഭവത്തിൽ 7 പേർക്കെതിരെയാണ് അമ്പലത്തറ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

നായിക്കുട്ടിപ്പാറയിലെ മജീദിന്റെ മക്കളായ സാജിദ്, നാസർ, നായിക്കുട്ടിപ്പാറയിലെ ഹമീദിന്റെ മകൻ അൽത്താഫ്, റഹീമിന്റെ മക്കളായ റയിസ്, റിയാസ്, അബ്ദുൾ ഖാദറിന്റെ മകൻ ഫായിസ് എന്നിവരാണ് പ്രതികൾ. സാദിഖാണ് കേസിലെ ഒന്നാം പ്രതി. വധശ്രമക്കേസിലെ 5 പ്രതികൾ ഇപ്പോൾ റിമാന്റിലാണ്. മറ്റ് 2 പ്രതികളായ റിയാസ്, ഫാസിൽ എന്നിവരെ പിടികിട്ടാനുണ്ട്. നായിക്കുട്ടിപ്പാറയിൽ ഏതാനും വർഷം മുമ്പ് കുടകിൽ നിന്നും കുടിയേറിയവരാണ് അക്രമിസംഘത്തിൽപ്പെട്ട ഭൂരിപക്ഷം പേരും.  അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നതായി തദ്ദേശവാസികൾക്ക് പരാതിയുണ്ട്. അമ്പലത്തറയിലും പരിസര പ്രദേശങ്ങളിലും സുലഭമായി കഞ്ചാവ് ലഭിക്കുന്നതിന് പിന്നിൽ കർണ്ണാടകയിൽ നിന്ന് കുടിയേറി വന്നവരുടെ കൈകളുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പോലീസിന്റെ നിഷ്ക്രിയത്വമാണ് അമ്പലത്തറയിൽ സ്ഥിരമായി നടക്കുന്ന അക്രമങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിയമം കയ്യിലെടുത്ത് വിലസുന്ന അക്രമിസംഘത്തെ നിലയ്ക്ക് നിർത്താൻ പോലീസ് തയ്യാറാകാത്തതിന്റെ അനന്തരഫലമാണ് നായിക്കുട്ടിപ്പാറയിലുണ്ടായതെന്നും ആക്ഷേപമുണ്ട്. നായിക്കുട്ടിപ്പാറയിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിലായി 2 കേസുകളാണ് അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്തത്. 2 കേസുകളിലുമായി 12 പ്രതികളുമുണ്ട്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിമുറുക്കിയ കഞ്ചാവ് മാഫിയയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിയേറി താമസമായവർ തദ്ദേശവാസികളെ കയ്യേറ്റം ചെയ്യുന്നത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പ്രതിരോധത്തിന്റെ പേരിൽ നാട്ടുകാർ നിയമം കയ്യിലെടുത്താൽ അതിന്റെ ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. സമീറിനെ കയ്യേറ്റം ചെയ്തവർ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് അക്രമണ രീതിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സ്റ്റീൽ പൈപ്പിൽ ആണി തറച്ച് പ്രത്യേകം തയ്യാറാക്കിയ വടി കൊണ്ടാണ് ഒന്നാം പ്രതിയായ സാദിഖ് സമീറിന്റെ തല തല്ലിപ്പിളർന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ മുഖം നീര് വന്ന് വീർത്ത നിലയിലാണ്.

LatestDaily

Read Previous

ബാങ്ക് വായ്പ മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയ്ക്ക് കുരുക്ക്

Read Next

കുപ്രസിദ്ധ മോഷ്ടാക്കൾ ജയിലിന് പുറത്ത്: ഉറക്കം നഷ്ടപ്പെട്ട് പോലീസ്