സ്വപ്നങ്ങൾക്ക് ചിറക്

Latest Online News

പെരിയ എയർസ്ട്രിപ്പിന് ബജറ്റിൽ ഒമ്പതു കോടി രൂപ നീക്കി വെച്ചതോടെ കാസർകോടിന്റെ പറക്കാനുള്ള മോഹങ്ങൾക്ക് ചിറക് ലഭിക്കുമെന്നുറപ്പായി. പെരിയ എയർ സ്ട്രിപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇതോടെ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. റൺവെ, എയർക്രാഫ്റ്റ്, പാർക്കിംഗ് ബേ പാസഞ്ചർ ടെർമിനൽ, വാഹന പാർക്കിംഗ് എന്നീ സൗകര്യങ്ങളോടുകൂടിയ ചെറുവിമാനത്താവളമാണ് പെരിയ എയർസ്്ട്രിപ്പ് വഴി ലക്ഷ്യമിടുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള പെരിയ എയർസ്ട്രിപ്പ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സാങ്കേതിക തടസ്സങ്ങൾ മൂലം അനന്തമായി നീണ്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെരിയ വിമാനത്താവള പദ്ധതിക്ക് ബജറ്റിൽ 9 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. മൃതാവസ്ഥയിൽ കിടന്ന പെരിയ എയർസ്ട്രിപ്പ് പദ്ധതിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ബജറ്റിലുണ്ടായിരിക്കുന്നത്. പെരിയയിൽ ചെറുവിമാനത്താവളം തയ്യാറാക്കുന്നത് വഴി ബേക്കൽ ടൂറിസം പദ്ധതിക്കും പുതുജീവൻ ലഭിക്കും.

നിലവിൽ ബേക്കലിലെത്തേണ്ട വിനോദ സഞ്ചാരികൾ മംഗളൂരു, കണ്ണൂർ, വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലെത്തുന്നത്. കാസർകോട് ജില്ലയ്ക്ക് സ്വന്തമായി ഒരു വിമാനത്താവളമുണ്ടാകുകയെന്നത് ജില്ലയിലെ ടൂറിസം സാധ്യതകളെ പതിൻമടങ്ങ് വർദ്ധിപ്പിക്കുമെന്നതിൽ തർക്കമില്ല. ബേക്കൽ ടൂറിസം വികസന പദ്ധതിക്ക് ബജറ്റിൽ രണ്ടരക്കോടി രൂപ നീക്കിവെച്ചിട്ടുള്ളതിനാൽ ടൂറിസം മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ടൂറിസം പദ്ധതികൾക്ക് അനന്ത സാധ്യതയുള്ള കാസർകോട് ജില്ലയിൽ തദ്ദേശീയവും, വിദേശീയവുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ അനവധിയാണ്.

ബേക്കൽകോട്ട, പുതിയകോട്ട, ചന്ദ്രഗിരിക്കോട്ട മുതലായ നിരവധി കോട്ടകളും, മായിപ്പാടി കൊട്ടാരം, നീലേശ്വരം കൊട്ടാരം തുടങ്ങിയ പൗരാണിക സ്മാരകങ്ങളും ഇവയിൽ ചിലത് മാത്രമാണ്. തെയ്യവും, യക്ഷഗാനവും, പൂരക്കളിയും, മാപ്പിളപ്പാട്ടും, മാർഗ്ഗംകളിയും തുടങ്ങിയ നാടൻ കലകളുടെ അക്ഷയഖനിയാണ് കാസർകോട്. പുഴകളും, കുന്നുകളും, താഴ്്വരകളും നിറഞ്ഞ കാസർകോടൻ ഭൂപ്രകൃതി വിനോദ സഞ്ചാരികളുടെ കണ്ണിന് അമൃതൂട്ടുന്ന കാഴ്ചകളാണ്.

യാത്രാ സൗകര്യത്തിന്റെ അഭാവമാണ് കാസർകോട് ജില്ലിയലെ ടൂറിസം വളർച്ചയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്നത്. പെരിയ എയർസ്ട്രിപ്പ് യാഥാർത്ഥ്യമാകുന്നതോടെ ജില്ല ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുമെന്നതിൽ സംശയമില്ല. എയർസ്ട്രിപ്പിന് ബജറ്റിൽ പണം നീക്കി വെച്ച സ്ഥിതിക്ക് വിമാനത്താവള നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാൻ സർക്കാർ തയ്യാറാകണം. ജില്ലയിലെ ജനപ്രതിനിധികൾ ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുമാണ്. റെയിൽവെ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയാണ് കാസർകോട്. ജില്ല വഴി കടന്നുപോകുന്ന മിക്ക അതിവേഗ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ലാത്തത് യാത്രാക്ലേശത്തെ ഇരട്ടിയാക്കിയിട്ടുണ്ട്.

പെരിയ എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ കാസർകോട് ജില്ലയിലുള്ളവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ സംസ്ഥാന തലസ്ഥാനത്ത് എത്താൻ കഴിയും. വികസന പദ്ധതികൾ ഏറ്റവുമൊടുവിൽ ലഭിക്കുന്ന ജില്ലയാണ് കാസർകോട്. കാസർകോട് മെഡിക്കൽ കോളേജ് വികസനമടക്കുമുള്ള വിഷയങ്ങളിൽ ഈ അവഗണന പ്രകടവുമാണ്. പെരിയ എയർസ്ട്രിപ്പ് പദ്ധതി പ്രഖ്യാപനത്തിന് ശേഷം ചന്ദ്രഗിരിപ്പുഴയിൽ കൂടി ഒരു പാട് വെള്ളം ഒഴുകിപ്പോയെങ്കിലും എയർസ്ട്രിപ്പ് മോഹം ഫയലിൽ ഉറങ്ങിക്കിടക്കുകയാണ്. ബജറ്റിലെ പ്രഖ്യാപനം കാസർകോടിന് ചിറക് നൽകുമെങ്കിൽ നന്ന്.

LatestDaily

Read Previous

പഞ്ചായത്ത് ഉടക്കുവെച്ചു; 21 കോടിയുടെ മെക്കാഡം റോഡ് നിർമ്മാണം മുടങ്ങി

Read Next

ശൃംഗാര ശബ്ദരേഖ: ബശീർ കോടതിയിൽ ബോധിപ്പിച്ചതെല്ലാം കള്ളമെന്ന് തെളിഞ്ഞു