ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച കേസ് വഴിത്തിരിവിൽ ഭർതൃബന്ധുക്കളും ബലാത്സംഗം ചെയ്തുവെന്ന് യുവതി

ബേക്കൽ : ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കേസുകൾ റജിസ്റ്റർ ചെയ്ത ബേക്കൽ പോലീസിൽ രണ്ട് കേസുകൾ കൂടി ഇന്ന് വീണ്ടും വന്നു. ഭർത്താവിന്റെ ബന്ധുക്കൾ ബലാത്സംഗം ചെയ്തുവെന്ന ഉദുമ ഭർതൃമതിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രണ്ടു കേസുകൾ കൂടി ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്തത്.  ബേക്കലിൽ റജിസ്റ്റർ ചെയ്ത ഉദുമ പീഡന കേസുകളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു. ഭർതൃബന്ധുക്കൾ പീഡനക്കേസുകളിൽപ്പെട്ടതോടെ ഉദുമ പീഡനക്കേസ് വഴിത്തിരിവിലായി.

യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ മുനവ്വിർ, മൊയ്തു എന്നിവരാണ് പോലീസ് പുതുതായി റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾ. 2020 സപ്തംബറിലാണ് 18 പേർ പീഡിപ്പിച്ചതായി പരാതിപ്പെട്ട് 25–കാരി പോലീസിലെത്തിയത്. ഭർതൃ സുഹൃത്തുക്കളായ പ്രതികൾ ഭീഷണിപ്പെടുത്തി പല തവണകളായി പീഡിപ്പിക്കുകയും നഗ്ന ചിത്രം പകർത്തിയതായുമാണ് കേസ്. ഇതിനിടയിൽ പരാതിക്കാരി പോലീസിന് നൽകിയത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പീഡനക്കേസ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് പ്രതികൾക്ക് ജാമ്യമനുവദിച്ച കാസർകോട് ജില്ലാ കോടതി വിധിക്കെതിരെ യുവതിയും ഹൈക്കോടതിയിലെത്തിയതോടെ ഇരു ഹർജിയിലും വാദം കേട്ട് ഹൈക്കോടതി, കണ്ണൂർ ക്രൈംബ്രാഞ്ചിലെ സ്പെഷ്യൽ അന്വേഷണ സംഘത്തിന് മുഴുവൻ കേസുകളുടെയും അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നതിനിടെയാണ് ഭർതൃമതി രണ്ട് ഭർതൃബന്ധുക്കൾ കൂടി പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഭർതൃമതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പോലീസ് രണ്ട് കേസുകൾ കൂടി റജിസ്റ്റർ ചെയ്തത്. ആദ്യം പോലീസ് റജിസ്റ്റർ ചെയ്ത പീഡനക്കേസുകളിലെ പ്രതികളിൽപ്പെട്ടവരെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച സംഭവത്തിൽ ഭർതൃമതിക്കും ഭർത്താവിനുമൊപ്പമുണ്ടായിരുന്നവരാണ് ഇപ്പോൾ പീഡനക്കേസിൽപ്പെട്ട മൊയ്തുവും മുനവ്വീറും.  തട്ടിക്കൊണ്ടു പോകൽ കേസിൽ പീഡനത്തിനിരയായ യുവതിക്കും ഭർത്താവിനുമൊപ്പം മുനവ്വീറും മൊയ്തുവും കൂട്ടു പ്രതികളാണ്.

LatestDaily

Read Previous

ശുദ്ധീകരിച്ച കുടിവെള്ളത്തിൽ അണുക്കൾ; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകോടതി വിധി

Read Next

ജില്ലാശുപത്രിയിൽ ഡോക്ടർമാരും, നഴ്സുമാരുമടക്കം 75 പേർ കുത്തിവെച്ചു ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് ഡോ. വി. സുരേഷ്