ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: അന്തർ സംസ്ഥാന കൊലയാളി റിപ്പർ ചന്ദ്രനെ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കർണ്ണാടക പോലീസ് ഇൻസ്പെക്ടർ ബേക്കൽ പനയാൽ അരവത്ത് പി.വി.കെ. രാമ എന്ന കുഞ്ഞിരാമൻ അന്തരിച്ചു. വയസ്സ് 79. മംഗളൂരു സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്.
1986 കാലത്ത് കേരള-കർണ്ണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച കൊലയാളി, റിപ്പർ ചന്ദ്രനെ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പോലീസ് ഉദ്യോഗസ്ഥനാണ് പി.വി.കെ. രാമ. 1962-ൽ കർണ്ണാടക പോലീസിൽ എസ്ഐ ആയി സേവനത്തിൽ പ്രവേശിച്ചു. പനയാൽ അരവത്ത് പരേതരായ അമ്പു വൈദ്യരുടെയും, മാധവിയുടെയും മകനാണ്. 35 വർഷത്തെ സേവനത്തിൽ രാഷ്ട്രപതിയുടെയും, കർണ്ണാടക സർക്കാറിന്റെയും വിശിഷ്ട സേവാ മെഡലുകൾ നേടിയ അങ്ങേയറ്റം സത്യ സന്ധനായ പോലീസ് ഓഫീസറാണ് അന്തരിച്ച രാമ.ഭാര്യ: പി.വി ശ്യാമള അജാനൂർ വീണച്ചേരി സ്വദേശിനി. മക്കൾ: ഗീത അബുദാബി, വീണ മംഗളൂരു, മരുമക്കൾ: രമേശ് തോയമ്മൽ അബുദാബി, സുധീഷ് സിസ്റ്റം അഡ്മിൻ ശ്രീനിവാസ കോളേജ് മംഗളൂരു. സഹോദരങ്ങൾ: പരേതനായ വാസു കുഞ്ഞിമംഗലം, ഭാസ്കരൻ റിട്ട.കസ്റ്റംസ് കുശാൽ നഗർ, എംബി. പ്രഭാകരൻ മംഗളൂരു.
മൃതദേഹം ഇന്നുച്ചയ്ക്ക് മംഗളൂരു നന്ദിഗുഡ്ഡ ശ്മശാനത്തിൽ സംസ്കരിച്ചു. റിപ്പർ സംഘത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി പോലീസ് ഓഫീസർ കാസർകോട് ചെമ്മനാട് സ്വദേശി സി.എം ഇക്ബാൽ 8 വർഷം മുമ്പ് അന്തരിച്ചു. ബംഗളൂരു സിറ്റി പോലീസ് അസി. കമ്മീഷണറായിട്ടാണ് സി.എം ഇക്ബാൽ റിട്ടയർ ചെയ്തത്.