വോട്ട് മറിച്ച ലീഗ് കൗൺസിലർമാരെ ആദരിച്ചത് നാണക്കേടായെന്ന് ലീഗണികൾ

കാഞ്ഞങ്ങാട്: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വോട്ട് മറിക്കുകയും വോട്ട് അസാധുവാക്കുകയും ചെയ്ത മൂന്ന് മുസ്ലീം ലീഗ് കൗൺസിലർമാരെ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആദരിച്ച സംഭവം പാർട്ടിക്ക്നാ ണക്കേടുണ്ടാക്കിയതായി വിമർശനം. സംഭവം പുറത്തറിഞ്ഞതോടെ ലീഗനുകൂല സമൂഹമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണുയർന്ന് വരുന്നത്. 

കഴിഞ്ഞ മാസം 28-ന് നടന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് പ്രതിനിധികളായ കൗൺസലർമാർ ഹസീന റസാഖ്, അസ്മ മാങ്കൂൽ എന്നിവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.  മറ്റൊരു ലീഗ് കൗൺസിലർ സി. എച്ച്. സുബൈദ ഇരുമുന്നണികൾക്കും വോട്ട് ചെയ്യാതെ അസാധുവാക്കുകയായിരുന്നു. 

വിഷയം വിവാദമായപ്പോൾ മുൻസിപ്പൽ ലീഗ് കമ്മിറ്റി ഇടപെട്ട് മൂന്ന് പേരിൽ നിന്നും രാജി എഴുതിവാങ്ങുകയും, ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. തീരുമാനമെടുക്കാൻ രാജിക്കത്ത് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക്  കൈമാറിയ സാഹചര്യത്തിലാണ് കഴിഞ്ഞ  ദിവസം കാഞ്ഞങ്ങാട്ട് ചേർന്ന ലീഗ് നിയോജക മണ്ഡലം കമ്മിറ്റി യോഗം വോട്ട് മറിച്ചതും അസാധുവാക്കിയതുമായ കൗൺസിലർമാരെ ആദരിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച മറ്റുള്ളവർക്കൊപ്പം വോട്ട് മറിച്ചവരെയും ആദരിക്കുകയായിരുന്നു.

മണ്ഡലം കമ്മിറ്റിയുടെ ആദരവ് കൂടി പുറത്ത് വന്നപ്പോൾ ലീഗ് തീർത്തും നാണക്കേടിലാവുകയായിരുന്നു.  നേരത്തെ രാജിക്കത്ത് എഴുതി വാങ്ങിയ രീതിയെക്കുറിച്ച് തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. മുൻസിപ്പൽ സിക്രട്ടറിക്ക് നൽകാനുള്ള രാജിക്കത്ത് പാർട്ടിയുടെ പേരിൽ എഴുതിവാങ്ങിയത് തന്നെയും സംഭവത്തിലെ നാടകീയത വെളിപ്പെടുത്തുന്നതാണ്.  ഇപ്പോൾ രാജിക്കത്ത് പാർട്ടിക്ക് സമർപ്പിച്ചവരെ മണ്ഡലം കമ്മിറ്റി ആദരിക്കുക കൂടിയായപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമർശനമാണ് ലീഗ് നേതൃത്വം നേരിടുന്നത്. 

വിഷയം ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയായിട്ടും ലാഘവത്തോടെ കാണുക മാത്രമല്ല, അവരെ പൂമാലയിട്ട് ആദരിക്കുക കൂടി ചെയ്യുന്നത് എന്തിന്റെ പേരിലാണെന്ന് ബന്ധപ്പെട്ട വാർഡുകളിലെ വോട്ടർമാരുടെയും യുഡിഎഫ് പ്രവർത്തകരുടെയും  ചോദ്യത്തിന് എന്ത് മറുപടി  നൽകുമെന്നറിയാതെ തത്രപ്പാടിലാണ് ലീഗ് നേതൃത്വം.  യോഗത്തിൽ നിന്ന്  മുൻ നഗരസഭ ചെയർമാനും മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ടുമായ അഡ്വ. എൻ. ഏ. ഖാലിദ് വിട്ടുനിന്നതിലെ ദുരൂഹതയും വിട്ടുമാറുന്നില്ല.

LatestDaily

Read Previous

അഭിഭാഷകനെ കയ്യേറ്റം ചെയ്യാൻ ആഹ്വാനം : 2 പേർക്കെതിരെ പരാതി

Read Next

ഭാര്യയെ വെടിവെച്ചു കൊന്ന ഭർത്താവ് തൂങ്ങി മരിച്ചു