നഗരസഭ കുടിവെള്ള അഴിമതി 138 ട്രിപ്പ് ഒന്നിന് കൈപ്പറ്റിയത് 4600 രൂപ വീതം 6.34 ലക്ഷം രൂപ

കാഞ്ഞങ്ങാട്: 2017-18 വർഷം കാഞ്ഞങ്ങാട് നഗരസഭയിൽ നടന്ന 6.56 ലക്ഷം രൂപയുടെ കുടിവെള്ള വിതരണ അഴിമതിയിൽ വൻ മറിമായം. 138 ടാങ്കർ ലോറി കുടിവെള്ളം നഗരസഭയുടെ വരണ്ട പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ കുടിവെള്ള കരാറുകാരൻ പടന്നക്കാട് സ്വദേശി ടി.വി. ഗിരീശൻ നൽകിയ ടെണ്ടർ പ്രകാരം 4000 ലിറ്റർ കുടിവെള്ളം ട്രിപ്പ് ഒന്നിന് 4600 രൂപ വീതമാണ് നഗരസഭയിൽ നിന്ന് കൈപ്പറ്റിയതായി രേഖകളിലുള്ളത്. 4000 ലിറ്റർ കുടിവെള്ളം ടാങ്കറിൽ നിറച്ചു കൊടുത്താൽ ആയിരം ലിറ്ററിന് 50 രൂപ പ്രകാരം വെള്ളത്തിന് 200 രൂപയാണ് നിലവിലുള്ള കൂടിയ നിരക്ക്.

ഈ കുടിവെള്ളം ശേഖരിക്കുന്ന സ്ഥലത്ത് നിന്ന് ഏറിയാൽ വെറും 10 കി.മീറ്റർ ദൂരത്തിലുള്ള നഗരപരിധിയിൽ ലോറിയിൽ വിതരണം ചെയ്യുന്നതിന് കൂടിയ ലോറി വാടക 1100 രൂപയാണ്. 1100 + 200= 1300 രൂപയാണ് ഒരു ടാങ്കർ ലോറി വെള്ളത്തിന്റെ ഏറ്റവും കൂടിയ വില. ഈ സ്ഥാനത്ത് 138 ട്രിപ്പ് ടാങ്കർ വെള്ളം വിതരണം ചെയ്ത കരാറുകാരൻ ടി.വി. ഗിരീശന് 2018-ൽ അന്നത്തെ ചെയർമാൻ വി.വി. രമേശൻ ഭരണ സമിതി നൽകിയത് ട്രിപ്പ് ഒന്നിന് നാട്ടിലില്ലാത്തതും കേട്ടാൽ അമ്പരപ്പുളവാക്കുന്നതുമായ 4600 രൂപയാണ്. പ്രത്യക്ഷത്തിൽ നിലവിലുണ്ടായിരുന്ന യഥാർത്ഥ കുടിവെള്ളത്തിന്റെ മൂന്നര ഇരട്ടി പണം സർക്കാർ ഫണ്ടിൽ നിന്ന് രമേശൻ ഭരണകൂടം കുടിവെള്ളം കരാറുകാരന് അധികമായി നൽകിയ നടുക്കുന്ന അഴിമതിയാണ് 2018-ലെ വരൾച്ച കാലത്ത് കാഞ്ഞങ്ങാട് നഗരസഭ ഇടതുഭരണത്തിൽ നടത്തിയത്.

ഈ കുടിവെള്ള അഴിമതിയിൽ മൊത്തം 6.56 ലക്ഷം രൂപയുടെ ചെക്ക് വെള്ളം വിതരണം ചെയ്ത കരാറുകാരൻ ടി.വി. ഗിരീശന് കൈമാറിയതായാണ് നഗരസഭ രേഖകളിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതെങ്കിലും, ഈ പണം തനിക്ക് കിട്ടിയെന്നും കിട്ടിയില്ലെന്നും ടി.വി. ഗിരീശൻ ഇപ്പോൾ ഉറപ്പിച്ചു പറയുന്നില്ല. 6.56 ലക്ഷം രൂപ നഗരസഭ അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട് എന്നതിനാൽ ഈ അഴിമതിയിൽ മറ്റാരോ ഒരാൾ 4 ലക്ഷം രൂപയെങ്കിലും കമ്മീഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കാരണം 138 ടാങ്കർ കുടിവെള്ളം ഒരു ട്രിപ്പിന് 4600 രൂപ ടെണ്ടർ നിരക്ക് പാസ്സാക്കി നൽകിയപ്പോൾ, 138 ട്രിപ്പിന് പുറമെ അധികമായി വിതരണം ചെയ്ത കുടിവെള്ളം ട്രിപ്പ് ഒന്നിന് വെറും 1533 രൂപ വാങ്ങിയത് തന്നെ ഈ കുടിവെള്ള വിതരണത്തിൽ അതിസമർത്ഥനായ ഒരു ഇടത്തട്ടുകാരൻ കളിച്ചിട്ടുണ്ടെന്ന് നൂറു ശതമാനം ഉറപ്പാണ്.

ഇതിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരു സത്യം ഒരു ട്രിപ്പ് കുടിവെള്ളത്തിന് യഥാർത്ഥത്തിൽ ഈ കരാറുകാരന് കിട്ടേണ്ട തുക ട്രിപ്പ് ഒന്നിന് 1533 രൂപയാണ്. ടെണ്ടർ നിരക്ക് 4600 രൂപയിൽ നിന്ന് 1533 രൂപ കുറച്ചാൽ 3067 രൂപ ഇടത്തട്ടുകാരന്  വേണ്ടിയുള്ള അഴിമതിക്കച്ചവടത്തിൽ ടെണ്ടറിൽ കൂട്ടിയിട്ടു നൽകുകയായിരുന്നുവെന്ന് ഉറപ്പാണ്.കുടിവെള്ളം വിതരണം ചെയ്ത വകയിൽ തനിക്ക് നഗരസഭ പണം തരാനുണ്ടെന്ന് കരാറുകാരൻ ടി.വി. ഗിരീശൻ പറയുന്നുണ്ടെങ്കിലും, ആ പണം 2017-18 വരൾച്ചാക്കാലത്ത് നഗരപരിധിയിൽ കുടിവെള്ളം വിതരണം ചെയ്ത കരാറിലുൾപ്പെട്ടതല്ല. മറിച്ച് അത് ജില്ലാ ആശുപത്രിയിൽ രണ്ടോ മൂന്നോ ദിവസം കുടിവെള്ളമെത്തിച്ചതിനുള്ളതാണെന്നും ഗിരീശൻ ഓർമ്മിച്ചെടുക്കുകയും ചെയ്തു.

LatestDaily

Read Previous

ബദിയടുക്കയിൽ ഒരു മാസത്തിൽ 2 ശിശു കൊലപാതകങ്ങൾ മകനെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി റിമാന്റിൽ

Read Next

റിപ്പർ ചന്ദ്രനെ കണ്ടെത്തിയ കർണ്ണാടക പോലീസ് സംഘത്തിലെ അവസാന കണ്ണിയും വിട പറഞ്ഞു കർണ്ണാടക പോലീസ് ഇൻസ്പെക്ടർ പി. വി. കെ. രാമ അന്തരിച്ചു