ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബദിയടുക്ക: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനകം നടന്നത് 2 ശിശു കൊലപാതകങ്ങൾ. 2020 ഡിസംബർ 4,16 എന്നീ തീയ്യതികളിലായാണ് സ്റ്റേഷൻ പരിധിയിൽ 2 ശിശു കൊലപാതകങ്ങൾ നടന്നത്. 2 കേസിലും പ്രതികളായത് കുട്ടികളുടെ മാതാക്കൾ. ഡിസംബർ 4-നാണ് പെർള കാട്ടുകുക്കെ പെർടാജെയിലെ ശാരദ 25, തന്റെ ഒന്നര വയസ്സുള്ള മകൻ സ്വസ്തിയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. ഭർത്താവുമായുണ്ടായ കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി ഏക മകനെ കിണറ്റിലെറിഞ്ഞ് കൊന്നത്. സംഭവത്തിൽ ഇവർക്കെതിരെ ബദിയടുക്ക പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ശാരദയെ ബദിയടുക്ക എസ്.ഐ, വി.കെ. അനീഷ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ റിമാന്റ് ചെയ്തു. ഡിസംബർ 4-ന് അമ്മ മകനെ കിണറ്റിലെറിഞ്ഞ് കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ബദിയടുക്ക ചെടേക്കാലിൽ നവജാത ശിശുവിനെ കഴുത്തിൽ ഹെഡ്ഫോൺ കേബിൾ കുരുക്കി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡിസംബർ 16-നാണ് ചെടേക്കാലിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കട്ടിലിനടിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. ചെടേക്കാലിലെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷാഹിനയുടെ രണ്ടാം പ്രസവത്തിലുണ്ടായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഭർതൃഗൃഹത്തിലാണ് ഷാഹിനയുടെ പ്രസവം നടന്നത്. വീട്ടിൽ ബന്ധുക്കളില്ലാതിരുന്ന സമയത്താണ് പ്രസവം. താൻ ഗർഭിണിയായ വിവരം യുവതി ഒളിപ്പിച്ചുവെച്ചിരുന്നു. കുട്ടി മരിച്ചതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ഷാഹിന പോലീസിനോട് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. യുവതിയുടെ നിലപാട് പോലീസിനെ വട്ടം കറക്കിയിരിക്കുകയാണ്. നവജാത ശിശുവിന്റെ കൊലപാതകത്തിൽ ഡി.എൻ.ഏ പരിശോധനയടക്കം നടത്തി സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിക്ക് മറ്റാരുടേയോ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഒരു മാസത്തിനുള്ളിൽ നടന്ന 2 ശിശു കൊലപാതകങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ബദിയടുക്ക നിവാസികൾ. നവജാത ശിശുവിന്റെ കൊലപാതക പ്രതിയായ മാതാവിന്റെ നിസ്സഹകരണം മൂലം പ്രതിയുടെ അറസ്റ്റ് ഇനിയും വൈകുമെന്നാണ് സൂചന. ശക്തമായ തെളിവുകളുടെ പിൻബലത്തിൽ യുവതിയെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.