യുഎഇ നാടുകടത്തിയ കാസർകോട് യുവാക്കളെ എൻ ഐ എ ചോദ്യം ചെയ്തു

കാസർകോട്: തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്ന് ദാഇശില്‍ ചേർന്ന് അഫ്ഘാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയവരുമായി മൊബൈൽ ഫോണിൽ നിരന്തരം സമ്പർക്കം പുലർത്തിയ ഏഴു പേരെ യു എ ഇ നാടുകടത്തി. തൃക്കരിപ്പൂർ, പടന്ന സ്വദേശികളായ ഏഴ് യുവാക്കളെയാണ് യു എ ഇ സെക്യൂരിറ്റി വിഭാഗം പിടികൂടി മൂന്നു മാസം ജയിലിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇവരെ എറണാകുളത്തെ എൻഐഎ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത് പാസ്പോർട്ടുകൾ പിടിച്ചെടുത്തതായി ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ദാഇശില്‍ ചേർന്ന ഉടുമ്പുന്തലയിലെ റാശിദ് അബ്ദുല്ല, ഡോ. ഇജാസ് എന്നിവരുമായി യുവാക്കൾ മൊബൈൽ ഫോണിൽ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഇവരെ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.കോഴിക്കോട് കരിപ്പൂരിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളിലിറങ്ങിയ ഏഴ് പേരെയും എൻ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു.

2016 ലാണ് ഇവർ റാശിദ് അബദുല്ലയുമായും, ഡോ. ഇജാസുമായും ഫോണിൽ സംസാരിച്ചത്. നാട്ടുകാരെന്ന നിലയിലായിരുന്നു ഇവരുമായി സംസാരിച്ചതെന്നാണ് യുവാക്കൾ എൻഐഎയെ അറിയിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം യുഎഇയിലെത്തിയ ഏഴ് പേരും നല്ല ജോലിയിൽ തുടരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇന്ത്യയിലേക്ക് നാടുകടത്തിയതും.

LatestDaily

Read Previous

തൃക്കരിപ്പൂർ ലീഗ് ഗ്രൂപ്പ് വഴക്ക് തുറന്ന പോരിൽ

Read Next

ആലക്കോട് കൂട്ടബലാത്സംഗം: 4 പേർ പിടിയിൽ