തൃക്കരിപ്പൂർ ലീഗ് ഗ്രൂപ്പ് വഴക്ക് തുറന്ന പോരിൽ

ത-ൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട യുഡിഎഫ് ജനപ്രതിനിധികൾക്ക് മെട്ടമ്മലിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ നിന്നും ഉദ്ഘാടകനായ ഏ. ജി. സി. ബഷീർ വിട്ടു നിന്നു.  തൃക്കരിപ്പൂരിൽ ലീഗിനകത്തെ ഗ്രൂപ്പ് വഴക്കാണ് ഉദ്ഘാടകൻ ചടങ്ങിൽ നിന്നും വിട്ടു നില്കാൻ കാരണം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുസ്്ലീം ലീഗ് ദേശീയ സമിതിയംഗവുമായ ഏ. ജി. സി. ബഷീറിനെയാണ് മെട്ടമ്മലിൽ നടന്ന സ്വീകരണ യോഗത്തിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. യൂത്ത് ലീഗ് അഖിലേന്ത്യാ നേതാവായ ഷിബു മീരാനായിരുന്നു മുഖ്യപ്രഭാഷകൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃക്കരിപ്പൂരിൽ ലീഗിനകത്ത് ബഷീർ ഗ്രൂപ്പും, വി. കെ. ബാവ ഗ്രൂപ്പും തമ്മിൽ നടന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ബഷീർ വിട്ടു നില്കാൻ കാരണം.

ഇനിമേൽ പൊതുരംഗത്ത് കാണരുതെന്ന് വി. കെ. ബാവ അനുകൂലികൾ ഏ. ജി. സി. ബഷീറിന്റെ ഉടുമ്പന്തലയിലെ വീട്ടിലെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. മെട്ടമ്മലിലെ ഉദ്ഘാടനച്ചടങ്ങിന് ഏ. ജി. സി. ബഷീർ എത്താതിരുന്നതിന്റെ കാരണം ഈ ഭീഷണിയാണെന്ന് സംശയിക്കുന്നു. തൃക്കരിപ്പൂരിൽ ലീഗിനകത്ത് നടക്കുന്ന ഗ്രൂപ്പ് യുദ്ധം ജില്ലാ–സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെങ്കിലും, വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏ. ജി. സി. ബഷീറിന്റെ നോമിനിയായ സത്താർ വടക്കുമ്പാടിന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാനുള്ള തീരുമാനമാണ് വി. കെ. ബാവ അനുയായികളെ ചൊടിപ്പിച്ചത്. ആദ്യത്തെ 2 വർഷം സത്താർ വടക്കുമ്പാടിനും, പിന്നീടുള്ള 3 വർഷം വി. കെ. ബാവയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതിക്കാനാണ് ധാരണയുണ്ടാക്കിയത്. ഈ ധാരണയെ വി. കെ. ബാവ അനുകൂലികൾ ആദ്യം മുതൽക്കേ എതിർത്തിരുന്നു.

ഏ. ജി. സി. ബഷീറിന്റെ തട്ടകമായ ഉടുമ്പുന്തലയിലെ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ രാജി വെക്കുകയും, കമ്മിറ്റി പിരിച്ചുവിടുകയും ചെയ്ത് സത്താർ വടക്കുമ്പാടിനെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ്. 2 വർഷം കഴിയുമ്പോൾ സത്താർ വടക്കുമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി. കെ. ബാവയ്ക്ക് നൽകണമെന്ന് ജില്ലാ നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. ഇത്തരത്തിൽ ധാരണയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലീഗിലെ ഏ. ജി. സി. അനുകൂലികളുെട പക്ഷം. കാസർകോട് ജില്ലയിൽ ലീഗിനകത്ത് ആഭ്യന്തര കലഹങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. തൃക്കരിപ്പൂരിലെ ഗ്രൂപ്പ് വഴക്കിന് പിന്നാലെ കാഞ്ഞങ്ങാട്ടും മുസ്്ലീം ലീഗിൽ ആഭ്യന്തര കലഹം ശക്തമായിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ലീഗ് വനിതാ കൗൺസിലർമാർ ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത സംഭവം ലീഗിനകത്തെ ആഭ്യന്തര കലഹം ശക്തമാക്കിയിട്ടുണ്ട്.

LatestDaily

Read Previous

അംഗത്വം രാജിവെച്ച ലീഗ് കൗൺസിലർമാരെ മണ്ഡലം കമ്മിറ്റി ആദരിച്ചു

Read Next

യുഎഇ നാടുകടത്തിയ കാസർകോട് യുവാക്കളെ എൻ ഐ എ ചോദ്യം ചെയ്തു