ഗെയ്ൽ യാഥാർത്ഥ്യമായി

ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാന മന്ത്രി നിർവ്വഹിച്ചതോടെ കേരളത്തിന് മുന്നിൽ വെല്ലുവിളിയായി നിന്ന ഒരു പദ്ധതിയുടെ സ്വപ്ന പൂർത്തീകരണമാണ് നടന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു പോയ ഗെയ്ൽ പദ്ധതി ഭഗീരഥ പ്രയത്നത്തിലൂടെ യാഥാർത്ഥ്യമായത് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം ഒന്നു കൊണ്ട് മാത്രമാണ്. ഒട്ടേറെ എതിർപ്പുകളെയും, സമരപരമ്പരകളെയും അതിജീവിച്ചാണ് 2 സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി യാഥാർത്ഥ്യമായത്.

കൊച്ചിയിൽ നിന്നും മംഗളൂരുവിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്നത് കേരളത്തിലാണ്. തീവ്ര സ്വഭാവമുള്ള സംഘടനകൾ വരെ ഗെയ്ൽ പ്രകൃതി വാതക പദ്ധതിക്കെതിരെ സമരരംഗത്തുണ്ടായിരുന്നു. 3000 കോടി രൂപ ചെലവിൽ നിർമ്മിച്ച പദ്ധതിക്ക് 450 കിലോ മീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായതോടെ ഗാർഹിക ഉപയോഗങ്ങൾക്ക് പെട്രോളിയം ഗ്യാസ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കൾക്ക് ബദൽ മാർഗ്ഗമെന്ന നിലയിൽ പ്രകൃതി വാതകം ഉപയോഗിക്കാൻ കഴിയും.

ഗെയ്ൽ പദ്ധതിയുടെ പൂർത്തീകരണം വ്യവസായ-വാണിജ്യ മേഖലകൾക്ക് പുത്തൻ ഉണർവ്വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്ത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ജില്ലകളിലും പോണ്ടിച്ചേരി സംസ്ഥാനത്തിൽപ്പെട്ട മാഹിയിലും പദ്ധതി ഗുണം ചെയ്യും. പാചക വാതകത്തിന്റെ വില മാസത്തിൽ രണ്ടു തവണയെന്ന രീതിയിൽ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി സാധാരണക്കാരായ പൊതുജനത്തിന് അനുഗ്രഹമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഗ്യാസിനേക്കാൾ അപകട സാധ്യത കുറഞ്ഞതാണ് പ്രകൃതി വാതകമെന്നതിനാൽ അപകട ഭീഷണിയും കുറവാണ്.

ഗെയ്ൽ പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കൾക്കുള്ള പാചക വാതക വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ കൂടി ആരംഭിക്കേണ്ടതുണ്ട്. എല്ലാ തടസ്സങ്ങളും നീക്കി ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയ സർക്കാരിന് തുടർ പ്രവർത്തനങ്ങളും തടസ്സമാകില്ലെന്ന് വേണം കരുതാൻ. ചുരുങ്ങിയ ചെലവിൽ വീടുകളിൽ പാചക വാതകമെത്തിക്കാൻ സർക്കാർ അടിയന്തിരമായി മുന്നിട്ടിറങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സർക്കാരിന്റെ ഉറച്ച നിലപാടുകൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്നതിന്റെ ഉദാഹരണമാണ് ഗെയ്ൽ പദ്ധതിയുടെ പൂർത്തീകരണമെന്നതാണ് യാഥാർത്ഥ്യം. വരാനിരിക്കുന്ന ഗവൺമെന്റുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. എതിർപ്പുകളിൽ തളരാതെ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ വികസനപദ്ധതികൾ സ്തംഭിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഗെയ്ൽ പദ്ധതി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവരുമായി സംവദിച്ച് ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് ഭരണ തന്ത്രജ്ഞത. മുഖ്യമന്ത്രി പ്രകടിപ്പിച്ചതും ഇതേ ഭരണ തന്ത്രജ്ഞതയാണ്.

പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ ഗുണം സാധാരണക്കാരായ പൊതുജനത്തിന് അനുഭവവേദ്യമാകണമെങ്കിൽ പാചക വാതക വിതരണ ശൃംഖല കൂടി തുടങ്ങേണ്ടതുണ്ട്. പദ്ധതി ഏറ്റെടുത്ത് നടത്തുന്ന ഏജൻസികളുമായി കൂടിയാലോചിച്ച് എളുപ്പത്തിൽ പാചകവാതക വിതരണ സംവിധാനമേർപ്പെടുത്താൻ സർക്കാർ മുൻകൈയ്യെടുക്കണം. പൈപ്പ് ലൈൻ കടന്നു പോകുന്ന ജില്ലകളിലെ ജനപ്രതിനിധികളും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കരുതാം.

LatestDaily

Read Previous

കാഞ്ഞങ്ങാട് 20 കിലോ മീറ്ററിൽ സിറ്റി ഗ്യാസ് പദ്ധതി, കരാറെടുത്തത് അദാനി ഗ്രൂപ്പ്

Read Next

യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് എതിരെ വധ ഭീഷണി