ഭീഷണിമൂലം കത്തി കരുതി: ഇർഷാദ് രണ്ട് പ്രതികളെ ക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട്: തന്റെ ജീവന് ഭീഷണി നിലനിന്നതിനാൽ കുറച്ചു കാലമായി കത്തി സ്ഥിരമായി കൊണ്ട് നടക്കാറുണ്ടായിരുന്നുവെന്ന് കല്ലൂരാവി ഔഫ് അബ്ദുറഹ്മാൻ വധക്കേസ്സിലെ ഒന്നാം പ്രതി പി.എം. ഇർഷാദ് 27, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി. സംഘടനാപരമായും രാഷ്ട്രീയമായും ഭീഷണി നിലനിന്നിരുന്നു. ഏത് സമയത്തും താൻ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഇതുമൂലമാണ് ആയുധം കൈവശം സൂക്ഷിച്ച് യാത്ര ചെയ്തിരുന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഇർഷാദ് പറഞ്ഞു. സ്ഥിരമായി കൈവശം സൂക്ഷിച്ചിരുന്ന കഠാര കൊണ്ടാണ് ഔഫ് അബ്ദുൾ റഹ്മാനെ കുത്തിയത്. കാഞ്ഞങ്ങാട്ടെ കടയിൽ നിന്നാണ് കത്തി വിലയ്ക്ക് വാങ്ങിയതെന്ന് ഇർഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള യുവാവാണ് ഇർഷാദെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ദിവസങ്ങളായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനായ ഇർഷാദിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും റിമാന്റ് ചെയ്തു. കൊലപാതകക്കേസ്സിൽ തുടർന്നും ഇർഷാദിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന് അന്വേഷണസംഘത്തിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, കെ. ദാമോദരൻ പറഞ്ഞു.

ഔഫിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഠാര കൃത്യം നടന്ന സ്ഥലത്തിന് സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് ഇർഷാദിന്റെ കൂട്ടു പ്രതികളായ ഹാഷിർ, ഹസ്സൻ എന്നിവരെ ഇന്ന് ഹൊസ്ദുർഗ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.  പ്രതികളെ ഉച്ചയോടെ ജയിലിലെത്തി ക്രൈംബ്രാഞ്ച് കാസർകോട് ഓഫീസിലേക്ക് കൊണ്ടുപോയി. പ്രതികളെ കൊലപാതകം നടന്ന കല്ലൂരാവി മുണ്ടത്തോടിലുൾപ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.

LatestDaily

Read Previous

ഔഫ് കൊലക്കേസ് പ്രതി ഇർഷാദിനെ വെള്ളപൂശി പള്ളി ഖത്തീബിന്റെ സന്ദേശം

Read Next

മദ്യം കിട്ടാത്ത വിഭ്രാന്തിയിൽ വസ്ത്രം അഴിച്ചു മാറ്റി മനു കിണറ്റിൽ ചാടിയതാകാമെന്ന് പോലീസ് സർജൻ