പാണത്തൂർ അപകടം ബസ്സിന്റെ അമിത വേഗത മൂലം പരിക്കേറ്റ് ആശുപത്രികളിലുള്ളത് 50 പേർ

രാജപുരം: ഏഴ് പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ പരിയാരം അപകടത്തിന് കാരണമായത് ബസ്സിന്റെ അമിത വേഗതമൂലമാണെന്ന് വ്യക്തമായി. കർണ്ണാടക- സുള്ള്യ പാണത്തൂർ റൂട്ടിൽ പരിയാരത്തെ കുത്തനെയുള്ള വലിയ ഇറക്കത്തിലൂടെ വിവാഹ സംഘം സഞ്ചരിച്ച ബസ്സ് ഓടിയത് മൂന്നാം ഗിയർ ഉപയോഗിച്ച് അമിതവേഗതയിലാണെന്ന് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് പരിശോധിച്ച ഡ്രൈവർമാർ വെളിപ്പെടുത്തി. ഹൈ ഗിയറിൽ സാവധാനം ഇറങ്ങേണ്ട ഇറക്കത്തിലാണ് ഡ്രൈവർ ശശി പൂജാരി മൂന്നാംഗിയറിൽ അമിത വേഗതയിൽ ബസ്സ് ഇറക്കിയത്. അപകടത്തിൽ ഡ്രൈവർ ശശി പൂജാരിയും മരണപ്പെട്ടിരുന്നു.

ഇറക്കത്തിൽ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസ്സ് പരിയാരത്തുള്ള കമ്മ്യൂണിറ്റി കിച്ചൺ കെട്ടിടത്തിലിടിച്ച ശേഷം തൊട്ടടുത്തുള്ള മരത്തിന് മുകളിലേക്ക് മറിഞ്ഞാണ് പിന്നീടാണ് ആൾതാമസമില്ലാത്ത പഴയ ഓടിട്ട വീടിന് മുകളിലേക്ക് കൂപ്പുകുത്തിയത്. ബസ്സിനുള്ളിൽ കുടുങ്ങിയ എഴുപതോളം യാത്രക്കാരെയും പുറത്തെത്തിച്ച ശേഷം രക്ഷാ പ്രവർത്തനം നടത്തിയ ഇതര ഡ്രൈവർമാർ ബസ്സ് പരിശോധിച്ചപ്പോഴാണ് ബസ്സിന്റെ ഗിയർ മൂന്നാം നമ്പറിൽ കാണപ്പെട്ടത്.

പരിയാരത്തെ ഭാസ്ക്കരന്റെ പഴയ തറവാട് വീടിന് മുകളിലേക്ക് പതിച്ച ശേഷമാണ് ബസ്സ് നിന്നത്. പാണത്തൂരിൽ നിന്ന് മൂന്ന് കീലോമീറ്ററുണ്ട് അപകടം നടന്ന പരിയാരത്തെത്താൻ. കഷ്ടിച്ച് വലിയ ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ മാത്രം വീതിയുള്ള സുള്ള്യ പരിയാരം പാണത്തൂർ റൂട്ടിലൂടെ നിത്യവും മൂന്ന് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സുള്ള്യയ്ക്ക് പുറമെ കുടക്, മടിക്കേരി,മംഗളൂരുവിലേക്കുൾപ്പെടെയെത്താൻ നിത്യവും നൂറ് കണക്കിന് വാഹനങ്ങളിലൂടെ യാത്രക്കാർ സഞ്ചരിക്കുന്ന റോഡിലാണ് ഏഴു പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

LatestDaily

Read Previous

നഗരസഭ സൈക്കിൾ അഴിമതി; 2.5 ലക്ഷം രൂപയുടെ ടെണ്ടർ റദ്ദാക്കി

Read Next

പെൺകുട്ടി ജില്ലാശുപത്രി ശൗചാലയത്തിൽ പ്രസവിച്ചു