നഗരസഭ സൈക്കിൾ അഴിമതി; 2.5 ലക്ഷം രൂപയുടെ ടെണ്ടർ റദ്ദാക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ 2017- 18 വർഷം നഗരസഭാ പരിധിയിലെ സ്കൂളുകളിൽ 50 പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകിയ പദ്ധതിയിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ഓഡിറ്റ് വിഭാഗം ഡെ. ഡയറക്ടർ ഈ പദ്ധതി ചിലവിനുള്ള തുക 2.5 ലക്ഷം രൂപയുടെ ചിലവ് റദ്ദാക്കി. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. വി. രമേശൻ ചെയർമാൻ പദവിയിലിരുന്ന കാലത്താണ് ഈ അഴിമതി നടത്തിയത്.

കാഞ്ഞങ്ങാട്ടെ അംഗീകൃത സൈക്കിൾ വിതരണ സ്ഥാപനമായ നോർത്ത് കോട്ടച്ചേരിയിലെ ഹിറ ട്രേഡിംഗ് സ്ഥാപനത്തിൽ നിന്നും, കാഞ്ഞങ്ങാട്ട് കടലാസ്സിൽ മാത്രമൊതുങ്ങി നിൽക്കുന്ന പുസ്തക ശാല കറന്റ് ബുക്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് നഗരസഭ സൈക്കിൾ വാങ്ങാൻ ടെണ്ടറുകൾ വാങ്ങിയത്. കറന്റ് ബുക്ക്സ് കോട്ടയത്ത് മാത്രമുള്ള ഒരു പ്രസിദ്ധീകരണ സ്ഥാപനമാണ്. ഹീറോ സ്പ്രിന്റ് മിഗ് 26 ഇഞ്ച് ആൺകുട്ടികളുടെ സൈക്കിൾ ഒന്നിന് ഹിറ ട്രേഡിംഗ് സ്ഥാപനം നഗരസഭയ്ക്ക് നൽകിയ നിരക്ക് 3,948 രൂപയാണെങ്കിൽ, കറന്റ് ബുക്സ് സ്ഥാപനത്തിന് വേണ്ടി അജാനൂർ കൊളവയലിൽ താമസിക്കുന്ന ഒരു ബാലകൃഷ്ണൻ നൽകിയ തുക 4,710 രൂപയാണ്

800 രൂപയോളം ഒരു സൈക്കിളിന് കൂടുതലാണ്. ഹെർക്കുലിസ് സ്പാർക്സ് 26 ഇഞ്ച് ആൺകുട്ടികളുടെ സൈക്കിളിന് ഹിറ സ്ഥാപനം നൽകിയ നിരക്ക് 4,900 രൂപയാണെങ്കിൽ കറന്റ് ബുക്സ് ഈ സൈക്കിളിന്റെ നിരക്ക് കാണിച്ചിരുന്നില്ല. ഹീറോ മിസ് ഇന്ത്യ വെൽവെറ്റ് 26 ഇഞ്ച് പെൺകുട്ടികളുടെ സാരിഗാഡും ബാസ്ക്കറ്റും അടക്കമുള്ള സൈക്കിളിന് അംഗീകൃത സ്ഥാപനം ഹിറ ട്രേഡിംഗ് നഗരസഭയ്ക്ക് നൽകിയ ടെണ്ടർ നിരക്ക് 4347 രൂപയാണെങ്കിൽ, കറന്റ് ബുക്സ് 400 രൂപ ഒരു സൈക്കിളിന് വില കൂട്ടി 4710 രൂപയാണ് നൽകിയത്. 

സാധാരണ രീതിയിൽ നഗരസഭയ്ക്ക് മാത്രമല്ല, ഏതൊരു സ്ഥാപനവും ടെണ്ടർ ക്ഷണിക്കുന്നത് കുറഞ്ഞ നിരക്കിൽ ഒന്നാം തരം ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണെന്നിരിക്കെ വി. വി. രമേശൻ നഗരസഭ ചെയർമാൻ പദവിയിലിരുന്ന 2017-18 വർഷം നടത്തിയ ഈ സൈക്കിൾ ടെണ്ടർ അഴിമതിയിൽ 2.5 ലക്ഷം രൂപയാണ് കറന്റ് ബുക്സ് എന്ന കാഞ്ഞങ്ങാട്ടില്ലാത്ത പുസ്തകശാലയ്ക്ക് നൽകിയത്.ഇല്ലാത്ത കറന്റ് ബുക്സിന്റെ പേരിൽ സൈക്കിൾ വിതരണം ചെയ്യാൻ നഗരസഭയ്ക്ക് ടെണ്ടർ നൽകിയ കൊളവയൽ ബാലകൃഷ്ണൻ ടെണ്ടർ നൽകിയ 2018-ൽ കാഞ്ഞങ്ങാട്ടെ ഡിസി ബുക്സിൽ സേവനമനുഷ്ടിച്ച ആളും നഗരസഭ ചെയർമാന്റെ പാർട്ടിയുമായി ബന്ധമുള്ള ആളുമാണ്. സൈക്കിൾ വാങ്ങാനുള്ള ടെണ്ടർ കഥകളും നോവലുകളും വിൽക്കുന്ന പുസ്തകശാലയ്ക്ക് നൽകിയതു തന്നെ ഏറ്റവും വലിയ അഴിമതിയാണ്.

അതു പോരാത്തതിന് ഹിറ ട്രേഡിംഗ് നൽകിയ ടെണ്ടർ നിരക്കിൽ ഒരു സൈക്കിളിന് ഏറ്റവും ചുരുങ്ങിയത് 800 രൂപ വില കൂട്ടിക്കാണിച്ച ടെണ്ടറാണ് പുസ്തകശാലയ്ക്ക് നൽകിയിട്ടുള്ളത്. കൂടിയ നിരക്കിനുള്ള ടെണ്ടർ അംഗീകരിച്ച് കറന്റ് ബുക്സിന് 2.5 ലക്ഷം രൂപ നൽകിയ നഗരസഭയ്ക്ക് ഹിറ ട്രേഡിംഗ് സ്ഥാപനത്തിൽ നിന്ന് സൈക്കിളുകൾ വാങ്ങിയാണ് ടെണ്ടർ ഏറ്റെടുത്ത കൊളവയൽ ബാലകൃഷ്ണൻ നൽകിയതെന്ന കാര്യം ഏറെ രസകരമാണ്. ഈ ടെണ്ടറിൽ നടന്ന 23,529 രൂപയുടെ അധികനിരക്കടക്കം 2,08971 രൂപയുടെ ചിലവ് ഓഡിറ്റ് വിഭാഗം ഡെപ്പ്യൂട്ടി ഡയറക്ടർ തടസ്സപ്പെടുത്തി വെച്ചിരിക്കുകയാണ്.

LatestDaily

Read Previous

ഖമറുദ്ദീന് പുറത്തിറങ്ങാനാവില്ല മൂന്നു കേസുകളിൽ ഹൈക്കോടതി ജാമ്യം

Read Next

പാണത്തൂർ അപകടം ബസ്സിന്റെ അമിത വേഗത മൂലം പരിക്കേറ്റ് ആശുപത്രികളിലുള്ളത് 50 പേർ