ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംഭവബഹുലമായ ഒരു വർഷം കൂടി കടന്നുപോകുകയാണ്. ചൈനയിൽ നിന്നും ക്ഷണിക്കാതെ വന്ന വൈറസ് ഇന്ത്യൻ ജനതയെ ഒന്നാകെ വീട്ടിനുള്ളിൽ തളച്ചിട്ട സാഹചര്യത്തിലാണ് 2020 വിട വാങ്ങുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കിയ വൈറസ് അതിന്റെ സംഹാര താണ്ഡവം മതിയാക്കാതെ ഇപ്പോഴും മുടിയഴിച്ചലറുകയാണ്. പിറക്കാനിരിക്കുന്ന പുതുവർഷം ഇതുകൊണ്ട് തന്നെ പ്രതീക്ഷകൾക്കൊപ്പം ആശങ്കയും നൽകുന്നതാണ്.
കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ മാതൃക സൃഷ്ടിച്ച കേരളത്തിൽ കോവിഡ് മരണനിരക്ക് കുറയ്ക്കാനായത് സർക്കാരിന്റെ കൃത്യമായ ഇടപെടൽ മൂലമാണ്.
ഈ കരുതൽ രോഗം നിയന്ത്രണവിധേയമാകുന്നതുവരെ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതതും കേരളത്തിൽ തന്നെയാണ്. കരിപ്പൂർ വിമാനദുരന്തവും പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തവും കേരള മനഃസാക്ഷിെയ കണ്ണീരണിയിച്ച സംഭവങ്ങളാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കള്ളക്കടത്ത് നടത്തിയ സംഭവത്തിൽ നടക്കുന്ന അന്വേഷണം ഇപ്പോഴും ഒരേ കുറ്റിയിൽക്കിടന്ന് കറങ്ങുകയാണ്. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് വിഷയത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും യാഥാർത്ഥ്യം.
സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന നിരവധി സാംസ്കാരിക പ്രതിഭകൾ മൺമറഞ്ഞുപോയ വർഷം കൂടിയാണ് 2020. ഇവരിൽ സുഗതകുമാരിയുടെയും വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും വിയോഗം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ കനത്ത ശൂന്യതയാണുണ്ടാക്കിയത്. സംഗീതസമ്രാട്ട് എസ്പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവും എടുത്തു പറയേണ്ടതാണ്. ഫുട്ബോൾ മാന്ത്രികൻ ദീഗോ മറഡോണ, കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകിം ഡൂക്ക്, മലയാള സിനിമാ സംവിധായകൻ സച്ചി, ഏറ്റവും ഒടുവിൽ നടൻ അനിൽ നെടുമങ്ങാട് ഇങ്ങനെ നഷ്ടങ്ങളുെട എണ്ണം തീരെ ചെറുതല്ല.
ദേശീയതലത്തിൽ സമരപ്രക്ഷുബ്ധമായ ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ത്യയെ അന്നമൂട്ടാൻ വയലുകളിൽ ഉഴവുകാളകളെപ്പോലെ വിയർപ്പൊഴുക്കുന്ന ഇന്ത്യൻ കർഷക ജനത നിലനിൽപ്പിനായി തെരുവിലിറങ്ങേണ്ടിവന്ന ഗതികേടിനും 2020 സാക്ഷിയായി. ഇന്ത്യൻ കർഷകർക്ക് പിറക്കാനിരിക്കുന്ന പുതുവർഷം ആശങ്കകളുടേത് കൂടിയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ നിരവധി യുവത്വങ്ങളുടെ കുരുതിച്ചോര തെരുവിൽ കലർന്ന വർഷം കൂടിയാണ് 2020. പുതുവർഷം ചുവക്കുന്നത് ഇവരുടെ രക്തം കൊണ്ട് കൂടിയാണ്. പിറക്കാനിരിക്കുന്ന വർഷം കൊല്ലപ്പെട്ടവരുടെ കൂടുബങ്ങൾക്ക് ആശങ്കകൾ മാത്രം സമ്മാനിക്കുന്നതാണ്. ചോര കൊണ്ട് കണക്കു തീർക്കുന്ന രാഷ്ട്രീയ കളികൾ ഇനിയും തുടരണമോ എന്നുള്ളത് പുതുവർഷം ഉയർത്തുന്ന ചോദ്യം.
ജനാധിപത്യത്തിന് ശുഭപ്രതീക്ഷകൾ നൽകുന്ന സന്ദേശം നൽകിക്കൊണ്ടാണ് പുതുവർഷം കടന്നുവരുന്നത്. സംസ്ഥാന തലസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഇരുപത്തൊന്നുകാരിയായ യുവതി നഗരസഭാ തലപ്പത്ത് അവരോധിതയായിരിക്കുകയാണ്. ജനാധിപത്യത്തിൽ പുതുതലമുറ വസന്തങ്ങൾ വരാനിരിക്കുകയാണെന്ന സൂചനയാണ് കേരളം ഇന്ത്യക്ക് നൽകിയിരിക്കുന്നതെന്നതിൽ കേരളത്തിന് അഭിമാനിക്കാം. പുതുവർഷം പിറക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കുമ്പോൾ പ്രതീക്ഷകൾ മാത്രമാണ് ബാക്കി പത്രമായി അവശേഷിക്കുന്നതെങ്കിലും, വരാനിരിക്കുന്ന വർഷമെങ്കിലും ആശങ്കകളില്ലാത്തതായിരിക്കുമെന്ന് ആശിക്കാം.