പ്രസിഡന്റ് തർക്കം : ഉടുമ്പുന്തലയിൽ യൂത്ത് ലീഗ് ഭാരവാഹികൾ രാജിവെച്ചു ഏജിസി ബഷീറിന്റെ കോലം കത്തിച്ചു

തൃക്കിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്്ലീം ലീഗിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലാരംഭിച്ച ഗ്രൂപ്പ് തർക്കങ്ങൾ തുറന്ന യുദ്ധത്തിലേക്ക്.  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ. ജി. സി. ബഷീറിന്റെ നോമിനിയായ സത്താർ വടക്കുമ്പാടിനെ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് ഉടുമ്പുന്തലയിൽ യൂത്ത് ലീഗ് നേതാക്കൾ രാജി വെച്ചശേഷം യൂണിറ്റ് പിരിച്ചു വിട്ടു.

തൃക്കരിപ്പൂരിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ലീഗിൽ കടുത്ത ഭിന്നതയുണ്ടായതോടെയാണ് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ സത്താർ വടക്കുമ്പാടിനെ ആദ്യത്തെ 2 വർഷം പ്രസിഡന്റാക്കാനും, ബാക്കിയുള്ള 3 വർഷംലീഗ് ജില്ലാ നേതാവ് കൂടിയായ വി. കെ. ബാവയെ പ്രസിഡന്റാക്കാനും തീരുമാനിച്ചത്. വി.കെ ബാവയെ അനുകൂലിക്കുന്നവർ ഇതിനെ ശ്കതമായി എതിർത്തിരുന്നു.

ഈ എതിർപ്പിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ ബാവ അനുകൂലികൾ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. ബാവ സത്താറിന് വോട്ട് ചെയ്തതിന് പിന്നാലെ ഉടുമ്പുന്തല ലീഗ് ഓഫീസ് കൊടിമരത്തിൽ ലീഗ് പ്രവർത്തകർ കരിങ്കൊടിയുയർത്തി. ബാവ അനുകൂലികൾ ഏ. ജി. സി. ബഷീറിന്റെ കോലം കത്തിച്ചു. ഇന്നലെത്തന്നെയാണ് ഉടുമ്പുന്തല ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് പി. സി. കബീർ സിക്രട്ടറി വി. പി. നൂറുദ്ദീൻ എന്നിവർ തങ്ങളുടെ യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്നും രാജിവെച്ചൊഴിഞ്ഞ് യൂണിറ്റ് പിരിച്ചു വിട്ടത്. ഇതോടെ തൃക്കരിപ്പൂർ പഞ്ചായത്തിൽ ലീഗിനകത്ത് നടക്കുന്ന ഗ്രൂപ്പ് യുദ്ധങ്ങൾ സ്ഫോടനാത്മകമായി.

വി. കെ. ബാവയെ കടത്തിവെട്ടി സത്താർ വടക്കുമ്പാടിനെ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റാക്കിയതിന് പിന്നിൽ ഏ. ജി. സി. ബഷീറാണെന്നാണ് വി. കെ. ബാവ അനുകൂലികളുടെ ആരോപണം പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള ഗ്രൂപ്പ് യുദ്ധങ്ങൾ കൊഴുക്കുമ്പോൾ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പദവി ഇരു ഗ്രൂപ്പുകൾക്കും മുൾക്കിരീടമാകാനാണ് സാധ്യത.

LatestDaily

Read Previous

ലീഗ് നഗരസഭാംഗങ്ങളുടെ രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം: ഐഎൻഎൽ

Read Next

നഷ്ടങ്ങളുടെ വർഷം