ലീഗ് നഗരസഭാംഗങ്ങളുടെ രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം: ഐഎൻഎൽ

കാഞ്ഞങ്ങാട് : നഗരസഭധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത രണ്ട് ലീഗ് നഗരസഭാംഗങ്ങളുടെയും വോട്ട് അസാധുവാക്കിയ മറ്റൊരു ലീഗ് നഗരസഭാംഗത്തിന്റെയും രാജി എഴുതി വാങ്ങിയ മുസ്്ലീം ലീഗ് നേതൃത്വത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പിന് സന്നദ്ധമാവണമെന്ന് ഐഎൻഎൽ സംസ്ഥാന ജില്ലാ നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ ചെയർപേഴ്ൺ തെരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗ് പ്രതിനിധികളായ ഹസീന റസാക്ക്, അസ്മ മാങ്കൂൽ എന്നിവർ ഇടതു മുന്നണി നഗരസഭാധ്യക്ഷ സ്ഥാനാർത്ഥി കെ. വി. സുജാതക്ക് വോട്ട് ചെയ്യുകയും, മറ്റൊരു നഗരസഭാംഗം സി. എച്ച്. സുബൈദയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. മൂന്ന് അംഗങ്ങളോടും മുസ്്ലീം ലീഗ് നഗരസഭ കമ്മിറ്റി വിശദീകരണം ആരായുകയും മൂന്നുപേരോടും രാജിക്കത്ത് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വത്തിന് തന്റേടമുണ്ടെങ്കിൽ രാജി സ്വീകരിക്കുകയാണ് വേണ്ടത്.

ലീഗ് നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായാണ് നഗരസഭാംഗങ്ങൾ ഇടതു മുന്നണിക്ക് വോട്ട് രേഖപ്പെടുത്തിയത്. ലീഗണികളുടെയും വോട്ടർമാരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നേതൃത്വം രാജി ആവശ്യപ്പെട്ടതെന്നാണറിയുന്നത്. രാജി നാടകമാക്കി മാറ്റി ലീഗ് അണികളുടെ പ്രതിഷേധം വഴിമാറ്റാനുള്ള ശ്രമം വിലപോവില്ല. എത്രയും വേഗം രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ. പി. അബ്ദുൽ വഹാബ്, ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, ജനറൽ സിക്രട്ടറി അസീസ് കടപ്പുറം നഗരസഭ ഡപ്യൂട്ടി ചെയർമാൻ ബിൽടെക്ക് അബ്ദുല്ല നീലേശ്വരം നഗരസഭ കൗൺസിലർ ഷംസുദ്ധീൻ, സി. പി. നാസർകോയമ്മ തങ്ങൾ, എൻ. കെ. അബ്ദുൽ അസീസ്, ഇഖ്ബാൽ, എം. എ. ഷഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

LatestDaily

Read Previous

നടി ആക്രമണം: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

Read Next

പ്രസിഡന്റ് തർക്കം : ഉടുമ്പുന്തലയിൽ യൂത്ത് ലീഗ് ഭാരവാഹികൾ രാജിവെച്ചു ഏജിസി ബഷീറിന്റെ കോലം കത്തിച്ചു