കൃത്രിമ വോട്ടർ പട്ടിക നിർമ്മിച്ചത് നഗരസഭ ഒാഫീസിൽ നഗരസഭ സിക്രട്ടറി പ്രതിക്കൂട്ടിൽ

ഹൊസ്ദുർഗ് : നഗരസഭ തിരഞ്ഞെടുപ്പിൽ വാർഡ്­­ 14-ൽ കൃത്രിമ വോട്ടർ പട്ടിക നിർമ്മിച്ചതിന്റെ പൂർണ്ണ ഉത്തരവാദി നഗരസഭ സിക്രട്ടറി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നഗരസഭ സിക്രട്ടറിമാർക്ക് നൽകിയ വോട്ടു കൂട്ടിച്ചേർക്കാനുള്ള അധികാരം കാറ്റിൽപ്പറത്തിയാണ് വാർഡ് 14-ൽ നൂറിലധികം വരുന്ന വാർഡിന് പുറത്തും, കർണ്ണാടകയിൽ താമസിക്കുന്നവരുമായ വോട്ടർമാരെ കുത്തിക്കയറ്റി നഗരസഭ ഒാഫീസിൽ പുതിയ കൂട്ടിച്ചേർക്കൽ തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കിയത്.

തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം വന്നപ്പോൾ തന്നെ വാർഡ് 14-ൽ നൂറു പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കാൻ ഇതുമായി നഗരസഭയിൽ ബന്ധപ്പെട്ട ജീവനക്കാർക്ക് കൃത്രിമ പേരു വിവരങ്ങൾ ചിലർ നൽകിയിരുന്നു. ഈ നൂറു പേരെയും പുതിയ കൂട്ടിച്ചേർക്കൽ പട്ടികയിൽ ഉൾപ്പെടുത്തി നഗരസഭ സിക്രട്ടറിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പേരും, വയസ്സും, വീട്ടു നമ്പറും ചേർത്ത ശേഷം, പട്ടികയിൽ കാണിച്ച വീടുകളിൽ നിലവിലുള്ള താമസക്കാർ ആണോയെന്ന് അന്വേഷണം നടത്തിയപ്പോൾ, വോട്ടർ പട്ടികയിൽ കാണിച്ച വീടുകളിലും സ്ഥലങ്ങളിലും ഭൂരിഭാഗം പേരും, താമസിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന് നിത്യാനന്ദാശ്രമം പരിസരത്തും, നമ്പ്യാർവളപ്പിലും (നിത്യാനന്ദ പോളി ടെക്നിക്കിലെ പ്രിൻസിപ്പാൾമാർ വർഷങ്ങളായി താമസിച്ചുവരുന്ന കുശാൽനഗർ റെയിൽവെ ഗെയ്റ്റിന് പടിഞ്ഞാറുവശത്ത് ജലഅതോറിറ്റി പമ്പിംഗ് സ്റ്റേഷനടുത്തുള്ള ആദ്യ കാല ഭവനം) പൂങ്കാവനം ക്ഷേത്ര പരിസരത്തും മറ്റും താമസമില്ലാത്തവരുടെ പേരുകൾ നഗരസഭാ സിക്രട്ടറിയുടെ കമ്പ്യൂട്ടറിൽ കൂട്ടിച്ചേർക്കൽ പട്ടികയിൽ നിന്ന് പാടെ മായ്ച്ചു കളഞ്ഞിരുന്നു.

ഈ നൂറ് അനധികൃത വോട്ടർമാരെ എന്തു വന്നാലും വാർഡ് 14-ലെ കൂട്ടിച്ചേർക്കൽ പട്ടികയിൽ തിരുകിക്കയറ്റണമെന്ന് തീരുമാനിച്ച നഗരസഭ ഓഫീസിലെ ഗൂഢസംഘം സിക്രട്ടറിയുടെ ഇലക്ഷൻ ഔദ്യോഗിക വെബ് സൈറ്റിൽ പാസ്്വേർഡ് ഉപയോഗിച്ച് നുഴഞ്ഞുകയറുകയും നേരത്തെ തള്ളിക്കളഞ്ഞ നൂറു അനധികൃത വോട്ടർമാരുടെ പേരുകൾ വീണ്ടും ഈ അനധികൃത പട്ടികയിൽ തിരുകിക്കയറ്റിയാണ് അട്ടിമറിക്ക് കളമൊരുക്കിയത്. ഈ കൂട്ടിച്ചേർക്കൽ പട്ടിക ഉപയോഗിച്ചാണ് വാർഡ് 14-ൽ ഇത്തവണ വോട്ടെടുപ്പ് നടന്നത്. വാർഡ് 14 കാലങ്ങളായി യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുന്ന വാർഡായിരുന്നിട്ടും, ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥി വന്ദന 41 വോട്ടുകൾക്ക് ഈ വാർഡിൽ വിജയിച്ച അൽഭുതത്തിന് പിന്നിൽ യുപി മോഡൽ അട്ടിമറിയാണ് ചിലർ നടത്തിയത്.

LatestDaily

Read Previous

ഔഫ് കൊലക്കേസ്സിൽ ലീഗ് ഗൂഢാലോചന അന്വേഷിക്കണം: ഐഎൻഎൽ, ലീഗ് ദേശീയ സമിതിയംഗത്തിന്റെ ഇടപെടൽ സംശയാസ്പദം

Read Next

നഗരം ഗതാഗത കുരുക്കിൽ