ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു ആയുധം കണ്ടെടുക്കാനാവാത്തത് വീഴ്ചയെന്ന് കോടതി

കാഞ്ഞങ്ങാട്: കല്ലൂരാവി ഔഫ് അബ്ദുറഹ്മാൻ കൊലക്കേസ്സിലെ ഒന്നാം പ്രതി പി. എം. ഇർഷാദിനെ 27, ജനുവരി 4 വരെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്്ട്രേറ്റ് പോലീസ് കസ്റ്റഡിയിൽ വിട്ടു. രാവിലെ 11-20-നാണ് ഇർഷാദിനെ ജില്ലാ ജയിലധികൃതർ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ ചോദ്യം ചെയ്യാനും, ആയുധം കണ്ടെടുക്കാനും കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് കാസർകോട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

പ്രതി ഇർഷാദിനെ അറസ്റ്റ് ചെയ്ത ശേഷം, കോടതിയിൽ ഹാജരാക്കും മുമ്പ് 24 മണിക്കൂർ സമയം പോലീസ് കസ്റ്റഡിയിലുണ്ടായിട്ടും, ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താനുപയോഗിച്ച കഠാര കണ്ടെത്താൻ കഴിയാത്തത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നും തുറന്ന കോടതിയിൽ ന്യായാധിപൻ പറഞ്ഞു. പ്രോസിക്യൂട്ടർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും, കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തേണ്ടത് അനിവാര്യമായതിനാൽ ഒന്നാം പ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് സംഘത്തിന് വിട്ടുകൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കോടതിയോട് പറഞ്ഞു.

ഇതേതുടർന്ന് 2021 ജനുവരി 4 വരെ ഇർഷാദിനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുത്തു. വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഇർഷാദ് പ്രതിക്കൂട്ടിൽ നിന്നത്. തലയ്ക്ക് പിറകിലുള്ള മുറിവിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു.

LatestDaily

Read Previous

ഔഫ് അബ്ദുറഹ്മാൻ കൊലചെയ്യപ്പെട്ട് 24 മണിക്കൂറിനകം ഏ. ഹമീദ്ഹാജി മംഗളൂരുവിൽ പുറത്തുവിട്ട ശബ്ദരേഖ

Read Next

ഔഫ് കൊലക്കേസ്സിൽ ലീഗ് ഗൂഢാലോചന അന്വേഷിക്കണം: ഐഎൻഎൽ, ലീഗ് ദേശീയ സമിതിയംഗത്തിന്റെ ഇടപെടൽ സംശയാസ്പദം