കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പിൽ കൃത്രിമ വോട്ടർപ്പട്ടിക നിർമ്മിച്ചു വാർഡ് 14-ൽ വോട്ടുചെയ്ത 70 പേർ വാർഡിന് പുറത്തുള്ളവർ

വോട്ടർപ്പട്ടിക നിർമ്മിച്ചത് കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറിയുടെ ഔദ്യോഗിക വെബ് സൈ റ്റിൽ ∙ നഗരസഭ സിക്രട്ടറിയടക്കം നാലു ഉദ്യോഗസ്ഥർ കൃത്രിമ വോട്ടർ പട്ടികയുണ്ടാക്കാൻ കൂട്ടുനിന്നു ∙ വന്ദന വിജയിച്ചത് 61 വോട്ടുകൾക്ക് ∙ ബിജെപിക്ക് ഈ വാർഡിൽ 70 വോട്ടുകൾ മാത്രം ∙ വന്ദനയ്ക്ക് ലഭിച്ചത് 314 +1 തപാൽ അടക്കം 315 വോട്ടുകൾ
 
കാഞ്ഞങ്ങാട്: സർവ്വ തന്ത്ര സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡ് 14-ൽ നിന്ന് ഇത്തവണ വിജയിച്ച വന്ദന റാവുവിന് വാർഡിന് പുറത്തുള്ള നൂറോളം പേർ വോട്ടുചെയ്തു. ബിജെപി കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ടും നഗരത്തിലെ സ്വർണ്ണ വ്യാപാരിയും വാർഡ് 13-ൽ നിന്ന് ഇത്തവണ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബാലു എന്ന എം. ബൽരാജിന്റെ പത്നിയാണ് കൗൺസിലർ വന്ദനറാവു.

വി. വി. രമേശൻ മത്സരിച്ചു വിജയിച്ച മാതോത്ത് വാർഡ് 17-ലെ ഒന്നാം നമ്പർ വോട്ടറായ ചെന്നസങ്കപ്പ മകൻ 53 വയസ്സുള്ള വിദ്യാനന്ദ ഭാരതി സ്വാമി വാർഡ് 17-ൽ ഉൾപ്പെട്ട നിത്യാനന്ദാശ്രമത്തിലെ അന്തേവാസിയാണ്. വിദ്യാനന്ദൻ നിലവിൽ താമസം നിത്യാനന്ദാശ്രമം വകയിലുള്ള ഗുരുവനം ആശ്രമത്തിലാണ്.  17-ാം വാർഡിലെ വോട്ടർ വിദ്യാനന്ദൻ വാർഡ് 14-ൽ വന്ദനയ്ക്ക് വോട്ടുചെയ്യുകയായിരുന്നു. വാർഡ് 17-ന് തൊട്ടുരുമ്മിക്കിടക്കുന്ന വാർഡാണ് വന്ദന വിജയിച്ച മുൻസിപ്പൽ ഓഫീസ് വാർഡ് 14.

ഈ വാർഡ് കൈലാസ് തിയേറ്റർ ജംഗ്ഷനിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന അരിമല ആശുപത്രി റോഡിന് തെക്കുഭാഗത്താണ്.  അലാമിപ്പള്ളിയിലുള്ള ലാൻഡ് മാർക്ക് റോഡിന് വടക്കുഭാഗവും റെയിൽ പാളത്തിന് കിഴക്കുമാണ് ഈ വാർഡിന്റെ അതിർത്തി. വന്ദനയുടെ വാർഡ് 14-ലെ വോട്ടർപ്പട്ടികയിൽ തീർത്തും അനധികൃതമായി നൂറോളം വ്യാജ വോട്ടർമാരെ ചേർത്ത ഗൂഢാലോചന നടന്നത് കാഞ്ഞങ്ങാട് നഗരസഭാ സിക്രട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് കമ്പ്യൂട്ടറിലാണ്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതിന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 30 വരെയുള്ള സമയത്ത് നടന്ന നടുക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണിത്. വോട്ട് കൂട്ടിച്ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവസാന അവസരം ഉപയോഗിച്ചാണ് നഗരസഭാ ഓഫീസിലുള്ള വി. വി. രമേശന്റെ വിശ്വസ്തൻ നാട്ടിലില്ലാത്തവരും ഉള്ളവരുമായ 100 കള്ളവോട്ടർമാരെ വന്ദനയുടെ വാർഡ് 14-ൽ അതി രഹസ്യമായി കൂട്ടിചേർത്ത് സപ്ലിമെന്ററി വോട്ടർപ്പട്ടിക പുറത്തിറക്കിയത്.

ഈ കൂട്ടിച്ചേർക്കൽ പട്ടികയിൽ കൗൺസിലർ എം. ബൽരാജിന്റെ മംഗളൂരുവിൽ താമസിക്കുന്ന ബന്ധുക്കൾ പോലും കടന്നുകൂടിയത് വലിയ അദ്ഭുതവും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ വൻ അട്ടിമറിയുമാണ്.  ഈ കള്ളവോട്ടർപ്പട്ടികയിൽ വോട്ടു കൂട്ടിച്ചേർക്കലിന് കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗം ചെയ്തു. മേൽ രീതിയിലുള്ള വോട്ടു കൂട്ടി ചേർക്കലിൽ ഉൾപ്പെട്ട 100 വോട്ടർമാർ വാർഡ് 14-ൽ വന്ദനയ്ക്ക് വോട്ടുചെയ്തിട്ടുണ്ട്. 61 വോട്ടുകൾക്കാണ് വന്ദന വിജയിച്ചത്.

ത്രികോണ മത്സരം നടന്ന വാർഡ് 14-ൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ തസ്റിയയും, ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഎം സ്വതന്ത്ര ടി.വി. ശൈലജയുമായിരുന്നു.  നഗരസഭ മുൻ കൗൺസിലർ ടി.വി. നാരായണമാരാറുടെ മകളാണ് വന്ദനയോട് പരാജയപ്പെട്ട ടി.വി. ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി തസ്്റിയയും, എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജയും പരാജയപ്പെട്ട വാർഡിലാണ് സർവ്വതന്ത്ര സ്വതന്ത്ര സ്ഥാനാർത്ഥി വന്ദന വിജയിച്ച അട്ടിമറി നടന്നത്.

കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായ ടി.വി. ശൈലജയെ വന്ദന വിജയിച്ച വാർഡിൽ നിർബ്ബന്ധിച്ച്് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത് വി. വി. രമേശനാണ്. ഈ വാർഡിൽ വോട്ട് വേർപെട്ടുപോകാനും വന്ദനയുടെ വിജയം ഉറപ്പിക്കാനുമുള്ള മറ്റൊരു തന്ത്രമായിരുന്നു ഇത്.  ഏറെ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ശൈലജയും , യുഡിഎഫ് സ്ഥാനാർത്ഥി തസ്രിയയും ഒടുവിൽ ഈ അട്ടിമറിയിൽ ബലിയാടാവുകയും ചെയ്തു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ രണ്ട് പുതിയ കേസ്സുകൾ

Read Next

ഷാർജ കെ എം സി സി നേതാവ് ഖാലിദ് പാറപ്പള്ളി വിവാഹമോചനം നേടി മൈസൂരിൽ മൂന്നാം കെട്ടിനുള്ള ശ്രമം പാളി