മതനിരപേക്ഷത സർക്കാറിന് കരുത്തായി: മുഖ്യമന്ത്രി

കാഞ്ഞങ്ങാട് : വർഗ്ഗീയതയോടുള്ള വിട്ട് വീഴ്ചയില്ലാത്ത സമീപനവും മതനിരപേക്ഷതയുമാണ് സംസ്ഥാനത്തെ ഇടതു മുന്നണി സർക്കാറിന്റെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദപരമായ നിലപാടുകൾ ഇടതു മുന്നണി ഒരിക്കലും കൈക്കൊണ്ടിട്ടില്ലെന്ന് കേരള പര്യടനത്തിന്റെ ഭാഗമായി പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടത്തിയ ജില്ലാതല പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് പൊതുവെയുള്ളത്. ഇത് കുറച്ച് കൊണ്ട് വരാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിനിയും തുടരും. ഐടി മേഖലയിൽ കേരളമാണ് രാജ്യത്ത് ഒന്നാമതുള്ളത്. ഇടതു സർക്കാർ കാസർകോട് ജില്ലയിൽ 4295 കോടി രൂപയുടെ വികസനം നടപ്പിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പൊതുവെ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോയവരെ കൈപിടിച്ചുയർത്താനും ചേർത്ത് പിടിക്കാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുവായ വികസനമുണ്ടാവുമ്പോഴും പിന്തള്ളപ്പെട്ട് പോയവരെ പ്രത്യേകം പരിഗണിക്കാനും അവർക്കായി ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാറിന് സാധ്യമായിട്ടുണ്ട്. ലോക രാജ്യങ്ങളിൽ പലതും കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിസന്ധികൾക്ക് മുമ്പിൽ നിലവിളിച്ചത് കൊണ്ട് പ്രയോജനമില്ല. ജനങ്ങളെ ഒപ്പം ചേർത്ത് പ്രതിസന്ധി നേരിടുകയാണ് വേണ്ടത്. നാലര വർഷത്തിനിടെ കേരളം നേരിട്ട മുഴുവൻ പ്രതിസന്ധികളെയും അതിജീവിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മഹാ പ്രളയം കേരളത്തെ തകർത്തപ്പോൾ കേവലമായ പ്രതിരോധവും പുനർനിർമ്മാണവുമല്ല സർക്കാർ നടത്തിയത്. ലോകമെമ്പാടുമുള്ള വിശിഷ്ടമായ അറിവുകളും സാങ്കേതിക വിദ്യയും സ്വായത്തമാക്കി കേരളം പുനർ നിർമ്മിക്കാനുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയായിരുന്നു. ഇതിനിടെ കോവിഡ് പ്രതിസന്ധിയും രൂപപ്പെട്ടപ്പോഴും നല്ല നിലയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞത് ജനങ്ങളുടെ ഒരുമയും കൂട്ടായ്മയും കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, മുൻ എം. പി., പി. കരുണാകരൻ, എംഎൽഏമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ഇടതു മുന്നണി ജില്ലാ കൺവീനർ കെ. പി. സതീഷ് ചന്ദ്രൻ, മുൻ എം. എൽ. ഏ, സി. എച്ച്. കുഞ്ഞമ്പു, നീയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത തുടങ്ങിയവർ സംബന്ധിച്ചു.

LatestDaily

Read Previous

കാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി ബിൽടെക്ക് അബ്ദുല്ല

Read Next

കല്ലൂരാവി കൊല