ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വതന്ത്ര വന്ദനറാവു ആർക്കും വോട്ട് ചെയ്തില്ല
കാഞ്ഞങ്ങാട്: ഇടതു ജനാധിപത്യ മുന്നണിയിലെ സിപിഎം കൗൺസിലർ കെ.വി. സുജാത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 43 അംഗ കൗൺസിലിൽ മുഴുവൻ പേരും ഹാജരായി. വോട്ട് രേഖപ്പെടുത്തിയപ്പോൾ എൽഡിഎഫിലെ കെ.വി. സുജാതയ്ക്ക് 26 വോട്ടുകളാണ് ലഭിച്ചത്. ഇടതു മുന്നണിക്ക് നഗരസഭയിൽ 24 അംഗങ്ങളുടെ പിന്തുണയാണുള്ളതെങ്കിലും, രണ്ട് മുസ്്ലീം ലീഗ് പ്രതിനിധികൾ കൂടി സുജാതയ്ക്ക് വോട്ട് ചെയ്തതാണ് 26 ആയി വർദ്ധിച്ചത്. മുസ്്ലീം ലീഗ് കൗൺസിലർമാരായ ഹസീന റസാക്ക്, അസ്മ മാങ്കൂൽ എന്നിവരാണ് കെ.വി. സുജാതയ്ക്ക് വോട്ട് ചെയ്ത ലീഗ് കൗൺസിലർമാർ. യുഡിഎഫ് സ്ഥാനാർത്ഥി ലീഗിലെ പി.കെ. സുമയ്യയ്ക്ക് 10 ഉം ബിജെപി സ്ഥാനാർത്ഥി കുസുമം ഹെഗ്ഡെക്ക് 3 വോട്ടുകളും കിട്ടി.
ബിജെപിക്ക് സ്വതന്ത്ര വന്ദനറാവു ഉൾപ്പെടെ ആറംഗങ്ങൾ ഉണ്ടെങ്കിലും 2 വോട്ടുകൾ അസാധുവായി. ബിജെപിയിലെ ബൽരാജ്, സുഷമ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. മുസ്്ലീംലീഗിലെ സി.ച്ച്.സുബൈദയുടെ വോട്ടും അസാധുവായി. വരണാധികാരി പ്രദീപൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് കെ.വി. സുജാതയുടെ പേര് മുൻ ചെയർമാൻ വി.വി.രമേശൻ നിർദ്ദേശിക്കുകയും, കെ.വി. മായാകുമാരി പിന്താങ്ങുകയും ചെയ്തു. സുമയ്യയുടെ പേര് കോൺഗ്രസിലെ ബിനീഷാണ് നിർദ്ദശിച്ചത്. സെവൻസ്റ്റാർ അബ്ദുറഹിമാൻ പിന്താങ്ങി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വന്ദനറാവു ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല.