ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോടിൽ കൊല ചെയ്യപ്പെട്ട ഔഫ് അബ്ദുൾറഹിമാനെ കൊല്ലണമെന്ന് തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് അബ്ദുൾ റഹിമാന്റെ ഇടതു നെഞ്ചിൽ മൂർച്ചയുള്ള കഠാര കുത്തിയിറക്കിയ പ്രതി ഇർഷാദിന്റെ വെളിപ്പെടുത്തൽ. ഔഫ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തോടാണ് ഈ കേസ്സിലെ ഒന്നാം പ്രതി ഇർഷാദിന്റെ കുറ്റസമ്മതം.
കൊലപ്പെടുത്താനല്ലെങ്കിൽ, രാത്രി 10 മണിക്ക് കൊല നടന്ന മുണ്ടത്തോട് പ്രദേശത്ത് കഠാര കരുതി കാത്തിരുന്നത് എന്തിനായിരുന്നുവെന്ന ന്യായമായ ചോദ്യത്തിന്, ഔഫ് കൊലക്കേസിൽ ഒന്നാം പ്രതിയായ ഇരുപത്തിയേഴുകാരൻ ഇർഷാദിന് ഉത്തരമില്ല. കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സിക്രട്ടറിയാണ് പ്രതി ഇർഷാദ്. ഡിസംബർ 23-ന് രാത്രി 10 മണിക്ക് ഗർഭിണിയായ ഭാര്യയ്ക്ക് മരുന്നു വാങ്ങാൻ കാഞ്ഞങ്ങാട് ടൗണിൽ പോവുകയായിരുന്നു ഔഫ് എന്നാണ് പുറത്തു വന്ന വിവരം.
ഔഫിനൊപ്പം മറ്റൊരു മോട്ടോർ ബൈക്കിൽ മറ്റു രണ്ടുപേരും, മറ്റൊരു കൂട്ടുകാരനുമടക്കം 3 പേരുണ്ടയിരുന്നു. കൊല നടന്ന മുണ്ടത്തോട് പ്രദേശത്ത് ഇസ്ഹാഖ് അടക്കമുള്ള പ്രതികൾ റോഡരികിൽ, ഔഫും മറ്റു 3 പേരും സഞ്ചരിച്ച ബൈക്ക് തടയുകയും, പരസ്പരം വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഔഫ് ഇരുമ്പു വടികൊണ്ട് തന്റെ തലയ്ക്ക് പിറകിൽ അടിച്ചുവെന്നും ആത്മരക്ഷാർത്ഥം കഠാര കൊണ്ട് ഔഫിനെ കുത്തിയെന്നും ഇർഷാദ് സമ്മതിക്കുന്നു. ഔഫിന്റെ ഇടതു നെഞ്ചിൽ ഹൃദയം ലക്ഷ്യമിട്ട് നടത്തിയ ഒരേയൊരു കഠാരക്കുത്ത് ആഴത്തിലുള്ളതായിരുന്നു.
കഠാര കൊണ്ട് ഹൃദയത്തിലേക്കുള്ള രക്ത ധമനികൾ മുറിഞ്ഞു പോയിരുന്നു.
കുത്തേറ്റ ഔഫ് ഉടൻ റോഡിൽ കമിഴ്ന്നാണ് വീണത്. ഔഫിന് കുത്തേറ്റയുടൻ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർ ഇരുളിൽ ഓടി രക്ഷപ്പെട്ടതു മൂലം ഇരുപതു മിനുറ്റുകളോളം അബ്ദുൾ റഹിമാൻ നിലത്തു തന്നെ കിടന്നു. കമിഴ്ന്നും വീണതിനാൽ ആവശ്യത്തിലധികം രക്തം വാർന്നു പോയതാണ് ഈ യുവാവിന്റെ മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.കൊലയ്ക്ക് ശേഷം ഒന്നാം പ്രതി ഇർഷാദ് രാത്രി 10-30 മണിയോടെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തി ഡ്യൂട്ടി ഡേക്ടറെ കണ്ടിരുന്നു. ഈ സമയത്ത് ഔഫ് ആശുപത്രിയിലെത്തിയിരുന്നില്ല.
തലയ്ക്കേറ്റ മുറിവിനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിയുന്നതിനിടയിൽ ഇർഷാദിന് ഒരു ഫോൺകോൾ വന്നു. തങ്ങൾ ജില്ലാആശുപത്രിയിൽ പോവുകയാണെന്ന് ഡോക്ടറോട് പറഞ്ഞ ഇർഷാദും മറ്റൊരാളും പിന്നീട് പോയത് അതിഞ്ഞാലിലുള്ള കേരള ആശുപത്രിയിലാണ്. കുത്തേറ്റ ഔഫ് മരണപ്പെട്ടുവെന്നറിഞ്ഞതോടെ ഇർഷാദ് മംഗളൂരിലേക്ക് കടക്കുകയും യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 24-ന് രാവിലെ തന്നെ ഇർഷാദിനെ പ്രവേശിപ്പിച്ച 217-ാം നമ്പർ മുറിയിൽ രണ്ടു പോലീസുദ്യോഗസ്ഥർ പാറാവിന് എത്തുകയും ചെയ്തു.
ഭാര്യയ്ക്ക് ഗുളിക വാങ്ങാൻ പോവുകയായിരുന്നുവെന്ന് പറയുന്ന കൊല്ലപ്പെട്ട ഔഫ് ഇരുമ്പുവടി കൈയ്യിൽ കരുതിയത് എന്തിനാണെന്ന് പ്രതി ഇർഷാദിന്റെ സംരക്ഷകർ ചോദിക്കുമ്പോൾ, രാത്രി 10 മണിക്ക് മൂർച്ചയുള്ള കഠാരയുമായി മറ്റു പ്രതികളായ ആഷിർ, ഹസ്സൻ എന്നിവർക്കൊപ്പം ഔഫ് അബ്ദുൾ റഹിമാൻ കടന്നു പോയ വഴിയിൽ കാത്തിരുന്നത് എന്തിനാണെന്ന ചോദ്യവും പ്രതികൾക്കെതിരെ ഉയരുന്നുണ്ട്. കുത്തേറ്റ ഔഫ് റോഡിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത് അതുവഴി പോയ കുട്ടികളാണ്. ഒരാൾ റോഡിൽ കിടക്കുന്നുണ്ടെന്ന് കുട്ടികളാണ് തൊട്ടടുത്തുള്ള വീട്ടിൽച്ചെന്ന് പറഞ്ഞത്.