മുഖ്യമന്ത്രിയുടെ ആഗമനം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നു

കാഞ്ഞങ്ങാട്: നീണ്ട ഇരുപത്തിയാറു മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ജില്ലയിൽ നേരിട്ട് പര്യടനത്തിനെത്തുമ്പോൾ, കേരളം ഉറ്റുനോക്കുന്ന ചില സംഗതികൾക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ഒന്ന് പ്രമാദമായ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത് ഡിസംബർ 16-നാണ്. പെരിയ ഇരട്ടക്കൊല അന്വേഷണം സിബിഐയുടെ കൈകളിലെത്താതിരിക്കാൻ സംസ്ഥാന സർക്കാർ ചുരുങ്ങിയത് 3 കോടി രൂപയെങ്കിലും സുപ്രീംകോടതിയിലും മറ്റുമായി നിയമജ്ഞർക്കുള്ള പ്രതിഫലമായി മാത്രം മുടക്കിയിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതി പെരിയ ഇരട്ടക്കൊലക്കേസ് നോക്കിക്കണ്ടത് ഏറെ ഗൗരവത്തോടെയാണ്.  നാടുനടുങ്ങിയ ഈ കൊലക്കേസ്സ് അന്വേഷിക്കാൻ ഒടുവിൽ സുപ്രീംകോടതി സിബിഐയെ തന്നെ ഏൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ജില്ലയിലെത്തുന്നത്.

രണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൂട്ടിക്കിഴിക്കലുകൾ ഉയർത്തുന്ന ചിത്രം, കേരളത്തിൽ നൂറ്റിപ്പത്ത് നിയമസഭാ മണ്ഡലങ്ങൾ ഇടതു മുന്നണിക്ക് അനുകൂലമാകുമെന്ന രാഷ്ട്രീയ നിരീക്ഷണത്തിന്റെ ആവേശത്തിലാണ് പിണറായിയുടെ കേരള പര്യടനം.

മൂന്ന്: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ യുഡിഎഫിൽ പ്രത്യേകിച്ച് കോൺഗ്രസ് പാളയത്തിൽ ഉരുത്തിരിഞ്ഞ പോരുകൾ പ്രതിപക്ഷത്തിന്റെ വായ കൊട്ടി അടച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അപചയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കോവിഡാനന്തര കേരള മണ്ണിൽ പാദമൂന്നുന്നത്. പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നാളിതുവരെ സ്വീകരിച്ച, ഘാതകരായാലും പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കുകയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാവും മുഖ്യമന്ത്രിയുടെ നിലപാട്.ഇതിനെല്ലാം പുറമെ ഇടതു സർക്കാർ പോയ 5 വർഷക്കാലം നേരിട്ട രണ്ടു പ്രളയങ്ങളും അതിലേറെ കോവിഡ് മഹാമാരിയെ ഭരണയന്ത്രമുപയോഗിച്ച് പിടിച്ചുകെട്ടി നാടു കടത്തിയ ധീരതയും പര്യടനവേളയിൽ മുഖ്യമന്ത്രി ജനങ്ങളോടുള്ള മുഖ്യ വിഷയമാക്കുക തന്നെ ചെയ്യും.

മറ്റൊന്ന്: ഇടതുസർക്കാർ കോവിഡ് കാലത്ത് മുഖം നോക്കാതെ നൽകിയ പലവ്യജ്ഞന സഹായം, പുറമെ പെൻഷൻ ആയിരത്തിൽ നിന്ന് 1500 രൂപയാക്കി ഉയർത്തിയ സഹായം. സ്വർണ്ണക്കടത്തുമായി മുഖ്യമന്ത്രിയേയും കെ.ടി. ജലീലിനെയും നിയമസഭാ സ്പീക്കർ പി.ശ്രീരാമ കൃഷ്ണനേയും ബന്ധനസ്ഥനമാക്കാൻ കേന്ദ്ര ഏജൻസികളെ നിരന്തരം കെട്ടഴിച്ചു വിട്ട സംഭവ പരമ്പരകൾ. എല്ലാ നീക്കങ്ങളും ഏറ്റവുമൊടുവിൽ താളിന് പുറത്തു വീണ വെള്ളത്തുള്ളി പോലെ ആയി മാറിയ സ്ഥിതിഗതികളുമായിരി ക്കും മുഖ്യമന്ത്രിക്ക് ജനങ്ങളോട് പറയാനുള്ള മർമ്മ പ്രധാനമായ വസ്തുതകൾ.ഇന്ന് വൈകുന്നേരം 4-ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിലാണ് മുഖ്യമന്ത്രിയുടെ വേദി.

LatestDaily

Read Previous

കല്ലൂരാവി കൊലക്കേസ്സിൽ ഒന്നാം പ്രതി റിമാന്റിൽ 2 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read Next

ഔഫിന്റെ കൊലയിൽ ഖേദവുമായി മുനവ്വറലി വാഹനം തടഞ്ഞു അണികളില്ലാതെ വീട് സന്ദര്‍ശനം