കൊവ്വൽ 41-ാം വാർഡിലും വൻ തോതിൽ ബിജെപി വോട്ടുകൾ ചോർന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കൊവ്വൽ 41-ാം വാർഡിലും ബിജെപിയിൽ നിന്നും വൻതോതിൽ വോട്ട് ചോർന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം. ബൽരാജിന്റെ ഭാര്യ വന്ദന സ്വതന്ത്രയായി മൽസരിച്ച് വിജയിച്ച വാർഡ് 14-നോട് ചേർന്ന് കിടക്കുന്നതാണ് ബിജെപിക്ക് വോട്ട് ചോർന്ന കൊവ്വൽ വാർഡ്. വാർഡ് 14-ൽ വലിയ മുന്നേറ്റം ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി നടത്തിയപ്പോൾ തൊട്ടടുത്ത 41-ാം വാർഡിൽ കേവലം 60 വോട്ടുകൾ മാത്രമാണ് താമര ചിഹ്നത്തിൽ മൽസരിച്ച ബിജെപി സ്ഥാനാർത്ഥി എച്ച് ആർ വസന്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നളിനി 115 വോട്ട് പിടിച്ച വാർഡിൽ ഇത്തവണ പകുതിയോളം വോട്ട് മാത്രം ബിജെപിക്ക് ലഭിക്കാനുള്ള കാരണം. ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിച്ചത് മൂലമാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. കൊവ്വൽ വാർഡിൽ 150-200 ഇടയിൽ വോട്ട് ബിജെപിക്കുണ്ടെന്നാണ് കണക്ക്. വാർഡ് 14-ൽ ബിജെപി പിന്തുണയുള്ള വന്ദനയ്ക്ക് സിപിഎം വോട്ടുകൾ മറിച്ചതായി പുറത്ത് വന്ന സാഹചര്യത്തിൽ പ്രത്യുപകാരമായി കൊവ്വൽ വാർഡിൽ ബിജെപി – സിപിഎമ്മിനെ സഹായിച്ചതായാണ് ആരോപണം. യുഡിഎഫ് ഏറെ വിജയപ്രതീക്ഷവെച്ച് പുലർത്തിയിരുന്ന വാർഡിൽ സിപിഎം സ്ഥാനാർത്ഥിയുടെ ലീഡ് നില ഏറെ വലുതുമാണ്.

41-ൽ യുഡിഎഫ് സ്വതന്ത്രൻ റഷീദ് ഹൊസ്ദുർഗ്ഗ് 260 വോട്ട് നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. ശിവദത്ത് 474 വോട്ട് നേടിയിട്ടുണ്ട്. യുഡിഎഫിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരിക്കുകയും ഇടത് സ്ഥാനാർത്ഥിക്ക് വലിയ ഭൂരിപക്ഷം  ലഭിച്ച സാഹചര്യവും കൂടി കണക്കിലെടുക്കുമ്പോൾ ബിജെപിയുടെ ഭൂരിഭാഗം വോട്ടുകളും സിപിഎമ്മിലേക്ക് പോയതായി മനസ്സിലാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി.

LatestDaily

Read Previous

കേന്ദ്രസർവ്വകലാശാലയിലെ പ്രൊഫസറെ പിരിച്ചുവിട്ടത് വിദ്യാർത്ഥിനികളുടെ പരാതിയിൽ

Read Next

കെ. വി. സുജാത ചെയർപേഴ്സൺ ബിൽടെക് അബ്ദുല്ല വൈസ് ചെയർമാൻ വി. വി. രമേശൻ പാർട്ടി ലീഡർ