ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ കുത്തേറ്റു മരിച്ചു

കാഞ്ഞങ്ങാട്: സഹജീവിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ കത്തി മുനത്തുമ്പിൽ ഒരു യുവാവിന്റെ ജീവൻ കൂടി പൊലിഞ്ഞതോടെ മുസ്്ലീം ലീഗിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം രൂക്ഷമായി. ഇന്നലെ രാത്രി 10 മണിയോടെയാണ് പഴയ കടപ്പുറത്തെ കാന്തപുരം സുന്നി വിഭാഗം അനുയായിയും, ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗവുമായ ഔഫ് അബ്ദുൾ റഹിമാനെ ലീഗ് ആക്രമി സംഘം കുത്തിക്കൊന്നത്.

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാനായി സുഹൃത്തിൽ നിന്നും പണം കടം വാങ്ങി ബൈക്കിൽ വരുന്നതിനിടെയാണ് ഇരുളിൽ ഒളിച്ചിരുന്ന ലീഗ് പ്രവർത്തകർ മുണ്ടത്തോട്ടിൽ ഔഫിനെ തടഞ്ഞു നിർത്തി കുത്തി വീഴ്ത്തിയത്. കാന്തപുരം അനുയായിയായ ഔഫ് കാഞ്ഞങ്ങാട് നഗരസഭ 35 –ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഫൗസിയ ഷെരീഫിന്റെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു.  ലീഗിന്റെ ഉറച്ച കോട്ടയായ 35 –ാം വാർഡ് ഉത്തവണ കാന്തപുരം വിഭാഗത്തിന്റെ സഹായത്തോടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ലീഗ് പ്രവർത്തകർക്ക് ഔഫ് അബ്ദുൾ റഹിമാനോട് വൈരാഗ്യം തോന്നാനുള്ള കാരണമിതാണ്.

കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലും ലീഗ് ആക്രമി സംഘങ്ങൾ നടത്തുന്ന ആക്രമപരമ്പരകളിൽ ഒടുവിലത്തേതാണ് ഇന്നലെ രാത്രി മുണ്ടത്തോടിൽ നടന്ന കൊലപാതകം.  പരിശീലനം ലഭിച്ച കൊലയാളികൾ നടത്തുന്ന രീതിയിൽ നെഞ്ചത്താണ് യുവാവിന് കുത്തേറ്റത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ഡിസംബർ 16-ന് കല്ലൂരാവി മുണ്ടത്തോടിൽ കല്ലേറുണ്ടായിരുന്നു.  എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിന് നേരെയാണ് മുസ്്ലീം ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞത്. ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത പലർക്കും അന്ന് മർദ്ദനമേറ്റിരുന്നു.

ഇതേ ദിവസം തന്നെയാണ് കല്ലൂരാവി തണ്ടുമ്മലിൽ ലീഗ് പ്രവർത്തകർ ഉത്തരേന്ത്യൻ മോഡൽ ആക്രമണം നടത്തിയത്.  ലീഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചാണ് ഒരു സംഘം പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെയടക്കം മർദ്ദിച്ചത്.  ഈ സംഭവത്തിൽ 9 ലീഗ് പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസ്സെടുത്തിരുന്നു.  ഏറ്റവുമൊടുവിൽ ഇന്നലെ രാത്രി ഡിവൈഎഫ്ഐ പ്രവർത്തകനെ കത്തിമുനയിൽ കൊരുത്ത ചോരക്കളിക്കും കല്ലൂരാവിക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.

അണികളെ നിയന്ത്രിക്കാതെ കയറൂരി വിട്ട ലീഗ് നേതൃത്വമാണ് കല്ലൂരാവിയിലെ അരുംകൊലയ്ക്ക് ഉത്തരവാദിയെന്ന് ആരോപണമുയർന്നു. സുന്നി കാന്തപുരം വിഭാഗത്തിന്റെ ആത്മീയാചാര്യനായ ആലമ്പാടി ഉസ്താദിന്റെ ചെറുമകനായ ഔഫ് അബ്ദുൾ റഹ്മാൻ മികച്ച സംഘാടകനും എസ്എസ്എഫിന്റെ സജീവ പ്രവർത്തകനുമാണ്.  ഇടത് ആഭിമുഖ്യമുള്ള യുവാവ് ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റിൽ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ഗൾഫിലായിരുന്ന യുവാവ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷാഹിന. ഏക സഹോദരി: ജുബൈരിയ.

LatestDaily

Read Previous

പി. കെ. ഫൈസലിന്റെ വീടിന് നേരെ ബോംബെറിഞ്ഞു ഓരിയിൽ ഓട്ടോ കത്തിച്ചു: പിലിക്കോട് വീടിന് നേരെ കല്ലേറ്

Read Next

മുണ്ടത്തോട് കൊല പ്രതികൾ മൂന്ന്