ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഇടതു തരംഗത്തിനിടയിലും മുൻ നഗരസഭ വൈസ് ചെയർപേഴ്സണായ എൽ. സുലൈഖയുടെ പരാജയം ഇടതു മുന്നണിക്ക് കനത്ത ആഘാതമായി.
പടന്നക്കാട് 27 –ാം വാർഡ് മുസ്്ലീം ലീഗ് ശക്തി കേന്ദ്രമായാണറിയപ്പെടുന്നതെങ്കിലും, കഴിഞ്ഞ അഞ്ച് വർഷം വൈസ് ചെയർപേഴ്സണായിരുന്ന സുലൈഖ നടത്തിയ വികസന പ്രവർത്തനങ്ങളും പടന്നക്കാട് വാർഡിൽ പ്രത്യേകമായി നടപ്പിലാക്കിയ ഒട്ടനവധി വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് സുലൈഖയുടെയും ഐഎൻഎല്ലിനൊപ്പം ഇടതു മുന്നണിയുടെയും കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ചുകൊണ്ടാണ് പുറത്ത് വന്ന ഫല പ്രഖ്യാപനം.
വാർഡിലുടനീളം സുലൈഖ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറിയതും, സുലൈഖ വാർഡിൽ കൊണ്ടു വന്ന വികസനവും ഇടതു മുന്നണി അനുകൂല വോട്ടായി മാറുമെന്നറിഞ്ഞതോടെ പരിഭ്രാന്തരായ മുസ്്ലീം ലീഗ് നേതൃത്വം പാർട്ടി ദേശീയ ജനറൽ സിക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയെ തന്നെ വാർഡിലെത്തിച്ച് പ്രചാരണ പ്രവർത്തനം നടത്തി അതിശക്തമായ ക്യാമ്പയിനായിരുന്നു സുലൈഖക്കെതിരെ 27 –ാം വാർഡിൽ യുഡിഎഫ് നടത്തിയത്. സുലൈഖയാണ് പടന്നക്കാട് വാർഡിൽ ഇടതു സ്ഥാനാർത്ഥിയെന്നറിഞ്ഞതോടെ വാർഡിലെ മുൻ കൗൺസിലർ റസാഖ് തായലക്കണ്ടിയുടെ ഭാര്യ ഹസീനയെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ലീഗ് നേതൃത്വം പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിരുന്നു. 250 പുതിയ വോട്ടർമാരെയാണ് 27– ാം വാർഡിൽ ലീഗ് പുതുതായി ചേർത്തത്. 1700 വോട്ടുകളുള്ള വാർഡിൽ സിപിഎമ്മിനും ഐഎൻഎല്ലിനുമായി 450 ഓളം വോട്ടുകൾ മാത്രമാണുള്ളതെന്നാണ് കണക്ക്.
മൂന്നിരട്ടിയോളം വോട്ട് ബാങ്കുകളുള്ള വാർഡിൽ സുലൈഖ പോരാടാനുറപ്പിച്ചിറങ്ങിയത് പാർട്ടിയുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ്. ലീഗ് കോട്ടകൊത്തളത്തിൽ രണ്ടും കൽപ്പിച്ച് പോരാടാനിറങ്ങിയപ്പോഴും, സിപിഎം ശ്കതി കേന്ദ്രത്തിൽ ഇവർക്ക് വോട്ട് കുറഞ്ഞത് ചർച്ചയായി.
ഒന്നാം ബൂത്തിലെ പെട്ടി എണ്ണി കഴിഞ്ഞപ്പോൾ തന്നെ ലീഗ് സ്ഥാനാർത്ഥി ഹസീന റസാഖ് 90 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. സിപിഎം സ്വാധീന മേഖലയായ കൃഷ്ണപിള്ള നഗർ, ഐങ്ങോത്ത് അണക്കെട്ട്് സിപിഎം വോട്ട് ബാങ്കുള്ള പ്രദേശങ്ങളാണെങ്കിലും ഇവിടങ്ങളിൽ ലീഡ് നേടിയത് മുസ്്ലീം ലീഗാണെന്നതാണ് പുറത്തു വന്ന കണക്ക്. സിപിഎം കേന്ദ്രമായ ഒന്നാം ബൂത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 90 വോട്ട് ഭൂരിപക്ഷം ലഭിച്ചതോടെ ലീഗ് കേന്ദ്രങ്ങളിൽ ആഹ്ലാദം തുടങ്ങി കഴിഞ്ഞിരുന്നു.
ഒന്നാം ബൂത്തിൽ വലിയ വോട്ടുകളുടെ ഭൂരിപക്ഷം സുലൈഖയും ഇടതു മുന്നണിയും പ്രതീക്ഷിച്ചതായിരുന്നു. സുലൈഖയ്ക്ക് 510 വോട്ട് ലഭിച്ചപ്പോൾ, ഹസീന 755 വോട്ട് നേടി. 245 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടിയത് തന്നെ ഇടതു വോട്ടുകൾ പൂർണ്ണമായും സുലൈഖയ്ക്ക് അനുകൂലമായി മാറിയില്ലെന്നതിന്റെ തെളിവാണ്.