കല്ലൂരാവിയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം: ലീഗ് പ്രവർത്തകർക്കതിരെ കേസ്സ്

കാഞ്ഞങ്ങാട് : ലീഗ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരിൽ ഒരു സംഘം മുസ്ലീം ലീഗ് പ്രവർത്തകർ കല്ലൂരാവിയിലെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും, ഭാര്യയെയും കൈയ്യേറ്റം ചെയ്ത സംഭവത്തിൽ 9 പേർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ ഡിസംബർ 16-നാണ് കല്ലൂരാവി തണ്ടുമ്മലിലെ മുസ്ലീം ലീഗ് അനുഭാവി സി. കെ. നാസറിനെ സംഘടിച്ചെത്തിയ ലീഗ് പ്രവർത്തകർ ആക്രമിച്ചത്. കൈയ്യിൽ വടിയും ആയുധങ്ങളുമായെത്തിയ സംഘം സി. കെ. നാസറിനെയും സഹോദരഭാര്യ ജസീലയെയും കൈയ്യേറ്റം ചെയ്തു. നാസറിനെ മർദ്ദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ജസീലയെയും ആക്രമിച്ചത്. ആക്രമിസംഘം മൊബൈൽ ഫോണിൽ ചിത്രീകരിച്ച അക്രമ ദൃശ്യങ്ങൾ ഇന്നലെ മുതൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഉത്തരേന്ത്യയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ആക്രമം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലീഗ് പ്രവർത്തകരുടെ ഭീഷണിയെതുടർന്ന് സി. കെ. നാസർ പോലീസിൽ പരാതി നൽകിയിരുന്നില്ല.

ലീഗ് ആക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും പൊതുസമൂഹം ഇതിനെതിരെ ശക്മായി പ്രതികരിക്കുകയും ചെയ്തതോടെയാണ് സി. കെ. നാസർ ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്. കാഞ്ഞങ്ങാട് നഗരസഭയിൽ ലീഗ് നേതൃത്വം കയറൂരിവിട്ട ലീഗ് പ്രവർത്തകരാണ് കല്ലൂരാവിയിൽ ആക്രമണം നടത്തിയത്. നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉത്തരേന്ത്യയിൽ നടക്കുന്ന തരത്തിലുള്ള ആക്രമദൃശ്യങ്ങളാണ്. ആക്രമിസംഘം വീട്ടുമുറ്റത്തുള്ള വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുന്നതും വീഡിയോയിലുണ്ട്. ലീഗിന്റെ ശക്തികേന്ദ്രമായ കല്ലൂരാവിയിൽ ഇക്കുറി സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞതിനെതുടർന്നാണ് പ്രവർത്തകർ പ്രകോപിതരായതെന്ന് കരുതുന്നു.

കല്ലൂരാവി ആക്രമണത്തിൽ ലീഗ് പ്രവർത്തകരായ കല്ലൂരാവിയിലെ സുലൈമാന്റെ മകൻ സി. എച്ച്. റഷീദ് 24, പുതിയകണ്ടം ഉസ്മാന്റെ മകൻ ഉവൈസ് 24, മുറിയനാവിയിലെ സാജിദയുടെ മകൻ ജംഷി 22, ഉസ്മാന്റെ മകൻ ഉമൈർ 28, കല്ലൂരാവിയിലെ നിസാമുദ്ദീൻ 26, കല്ലൂരാവിയിലെ കുഞ്ഞിമൊയ്തീൻകുട്ടിയുടെ മകൻ സമദ് 25, കല്ലൂരാവി ചിറമ്മൽ ഹൗസിലെെ മൂസ്സയുടെ മകൻ നൂറു, മുണ്ടത്തോട്ടിലെ മറിയത്തിന്റെ മകൻ ഹസ്സൻ 28, കല്ലൂരാവി തണ്ടുമ്മലിലെ ആമിനയുടെ മകൻ ഷബീർ 27, എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തത്.

ഐപിസി 143, 147, 148, 452, 324, 354 ബി (സ്ത്രീകളെ അപമാനിക്കൽ) 506, 149 വകുപ്പുകൾ ചേർത്താണ് ലീഗ് ആക്രമിസംഘത്തിനെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒത്തുകളിച്ചു; ആറങ്ങാടിയിൽ ലീഗ് മുൻ കൗൺസിലറെ പാർട്ടി പുറത്താക്കി

Read Next

നിയുക്ത ചെയർപേഴ്സൺ സുജാതയ്ക്കും മുൻ ചെയർമാൻ വി. വി. രമേശനും കൈയ്യടി മുൻ ചെയർമാനെ ക്ഷണിച്ചത് വിശേഷണങ്ങളോടെ