വിജേഷിന്റെ അന്തകനായത് കെഎസ്ആർടിസി ബസ്

ചെറുവത്തൂർ: ചെറുവത്തൂർ ചെക്ക് പോസ്റ്റിന് സമീപം ചുമട്ടുതൊഴിലാളിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ കെഎസ്ആർടിസി ബസ് ചന്തേര പോലീസ് മംഗളൂരുവിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ 4 മണിക്കാണ് നീലേശ്വരം പള്ളിക്കര സ്വദേശിയും, നീലേശ്വരത്തെ ചുമട്ടുതൊഴിലാളിയുമായ പള്ളിക്കര ചെമ്മാക്കരയിലെ വിജേഷിനെ എറണാകുളത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്ത്തിയത്.

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ബന്ധുവീട്ടിൽ നിന്നും ചെമ്മാക്കരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബസ് സ്കൂട്ടറിന്റെ പിറകിലിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ചോര വാർന്നു കിടന്ന വിജേഷിനെ അതുവഴി വന്നവരാണ് ചന്തേര പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്.  ചോര വാർന്ന് റോഡരികിൽ ദീർഘനേരം കിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിജേഷിനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ വാഹനം ഏതെന്ന അന്വേഷണത്തിനൊടുവിലാണ് അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ് കണ്ടെത്തിയത്.

നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് വിജേഷിന്റെ സ്കൂട്ടറിന് പിന്നിലിടിച്ചത് കെ.എൽ.15.ഏ.1365 നമ്പർ കെഎസ്ആർടിസി ബസാണെന്ന് തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കി നിർത്താതെ പോയ ബസ് ചന്തേര പോലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു.  വിജേഷ് അവിവാഹിതനാണ്. പള്ളിക്കര ചെമ്മാക്കരയിലെ വേണു- വസുമതി ദമ്പതികുടെ മകനാണ്. സഹോദരി: വീണ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.
ബസ് ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

സിപിഎം ബിജെപി വോട്ടിടപാട് മുഖ്യധാര മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു

Read Next

ഖാദർ കരിപ്പോടിയെ കെണിയിലാക്കിയത് കോഴിക്കോട്ടെ ഓൺലൈൻ മാധ്യമ പ്രവർത്തകൻ