ഷാനവാസ് രാജിവെച്ചാൽ ചെങ്കള ഡിവിഷൻ നഷ്ടപ്പെട്ടേക്കും

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ പുതിയ രാഷ്ട്രീയ തന്ത്രം മുന്നോട്ടു വെച്ച ഇടതു മുന്നണിയുടെ ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂർ നിയമസഭയിലേക്ക് മത്സരിക്കാൻ ജില്ലാ പഞ്ചായത്തംഗ പദവി രാജി വെച്ചാൽ, നിലവിൽ ഷാനവാസ് വിജയിച്ച ചെങ്കള ഡിവിഷൻ ഇടതിന് നഷ്ടപ്പെടാൻ സാധ്യത. മുസ്്ലീം ലീഗിലെ ടി.ഡി കബീറിനെ 99 വോട്ടുകൾക്ക് പരാജയപ്പെടുത്തി കഷ്ടിച്ചാണ് ഷാനവാസ് ചെങ്കള ഡിവിഷൻ ഇത്തവണ പിടിച്ചെടുത്തത്.

പെരിയ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ഫാത്തിമത്ത് ഷംനയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കി ഉയർത്തിക്കാണിക്കുകയാണെങ്കിൽ, 2021 ഏപ്രിലിൽ കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ട് നിന്ന് മത്സരിച്ച് മുസ്്ലീംലീഗിന്റെ കൈകളിലുള്ള ഉറച്ച നിയമസഭാ സീറ്റ് പിടിച്ചെടുക്കാമെന്ന രാഷ്ട്രീയ തന്ത്രമാണ് ഷാനവാസ് സിപിഎം ജില്ലാ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ തന്ത്രം ചർച്ച ചെയ്യാൻ ഇന്ന് സിപിഎം ജില്ലാ സിക്രട്ടറിയേറ്റ് ചേരുന്നുണ്ട്.

ഷാനവാസ് മുന്നോട്ടു വെച്ച നിർദ്ദേശത്തിന് പിന്നിലുള്ള മുഖ്യ ഘടകം ഷംനയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതോടെ ഇടതു പക്ഷം ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നതാണ്. ഇതുവഴി ആസന്നമായ കാസർകോട് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. കാസർകോട് നിയമസഭാ മണ്ഡലത്തിൽ കേരള നിയമസഭയുടെ ചരിത്രത്തിൽ മുസ്്ലീം ലീഗല്ലാതെ മറ്റൊരു പാർട്ടിയും ഇന്നുവരെ ജയിച്ചു കയറിയിട്ടില്ല.

ഈ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാൻ 3 മാസത്തിന് ശേഷം ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്തംഗ പദവി രാജിവെച്ചാൽ ചെങ്കള ഡിവിഷനിൽ വീണ്ടും തെരഞ്ഞെടുപ്പ് വരും. രണ്ടാം തെരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥി ഏതെങ്കിലും കാരണത്താൽ പരാജയപ്പെട്ടാൽ ഇടതു പക്ഷത്തിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുകയും ചെയ്യും. ഒരു ഡിവിഷന്റെ ബലത്തിലാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് ഇടതു മുന്നണി പിടിയിലൊതുക്കിയത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോഴാണ് ഇത്തവണ 99 വോട്ടുകൾക്ക് ഷാനവാസ് വിജയിച്ചത്.

LatestDaily

Read Previous

നവജാത ശിശുവിന്റെ മരണം കൊല മാതാവ് പോലീസ് കസ്റ്റഡിയിൽ

Read Next

കാഞ്ഞങ്ങാട്ട് 52 പേർ അറസ്റ്റിൽ