യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടിന്റെ മൂക്ക് തകർത്ത കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: സിപിഎമ്മിന് വേണ്ടി വോട്ട് മറിച്ച യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടിന്റെ മൂക്കിന്റെ പാലം അടിച്ചു തകർത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച കോൺഗ്രസ്സ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസ്സെടുത്തു. യൂത്ത് കോൺഗ്രസ്സ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ടായിരുന്ന കമ്മാടം കോടങ്കല്ലിലെ രാഹുലിന്റെ 30, മൂക്കിന്റെ പാലമാണ് പ്രകടനമായെത്തിയ കോൺഗ്രസ്സ് പ്രവർത്തകർ മരവടി ഉപയോഗിച്ച് തകർത്തത്.

രാഹുലിന്റെ സുഹൃത്തും കോൺഗ്രസ്സ് പ്രവർത്തകനുമായ അഷറഫിനും 46, കോൺഗ്രസ്സ് പ്രവർത്തകരുടെ മർദ്ദനമേറ്റു. രാഹുലിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അഷറഫിനെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. രാഹുലിനെയും അഷ്റഫിനെയും ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകരായ ഷിജു വടക്കേടം, ബാബു ജീരകപ്പാറ, ഫൈസൽ, ഷിജോ പുത്തരിയംകല്ല്, സുധാകരൻ എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്തു.

വെസ്റ്റ്എളേരി 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ്സിലെ മുഹമ്മദ് ഷെരീഫ് വാഴപ്പള്ളി മൽസരിച്ച് വിജയിച്ചിരുന്നു. ഷെരീഫിനെതിരെ 15-ാം വാർഡിൽ രാഹുലിന്റെയും അഷറഫിന്റെയും നേതൃത്വത്തിൽ റിബൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. റിബലിനെ പിൻവലിച്ച ശേഷം കോൺഗ്രസ്സ് വിമതർ സിപിഎം സ്ഥാനാർത്ഥിയെ സഹായിച്ച് രംഗത്ത് വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കോൺഗ്രസ്സ് പ്രവർത്തകർ ചേരി തിരഞ്ഞ് അക്രമം നടത്താൻ കാരണമായത്. കോൺഗ്രസ്സ് പ്രവർത്തകൻ കമ്മാടത്തെ ഷിബുവിനെ 52, മരവടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചതായുള്ള പരാതിയിൽ രാഹുൽ, അഷറഫ് മറ്റ് കണ്ടാലറിയാവുന്ന 8 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയും പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

ഷാർജയിൽ മൊട്ടിട്ട പ്രണയം: അതിയാമ്പൂര് പെൺകുട്ടി കൊച്ചിയിൽ പറന്നിറങ്ങി മുങ്ങി

Read Next

നിലാങ്കര വാർഡിൽ മുസ് ലീം ലീഗ് സ്ഥാനാർത്ഥിയെ പരാജപ്പെടുത്താൻ ലീഗ് നേതാവ് സിപിഎമ്മിന് വോട്ട് മറിച്ചു