ചെങ്കള മോഡലിൽ കാസർകോട് നിയമസഭ മണ്ഡലം പിടിക്കാൻ ഷാനവാസ് പാദൂർ ഫാത്തിമത്ത് ഷംനയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കണം

സിപിഎമ്മിൽ അനുകൂല നീക്കം ∙ ജില്ലാ സിക്രട്ടറിയേറ്റ് 21-ന്
 
കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെങ്കള ഡിവിഷനിൽ വിജയിച്ച രാഷ്ട്രീയ തന്ത്രം കാസർകോട് നിയമസഭാ മണ്ഡലത്തിൽ പരീക്ഷിച്ച് വിജയിപ്പിക്കാമെന്ന് മുസ്്ലീം ലീഗിന്റെ കൈയ്യിൽ നിന്ന് ഇത്തവണ ഇടതുപിന്തുണയിൽ ചെങ്കള ഡിവിഷൻ പിടിച്ചെടുത്ത ഷാനവാസ് പാദൂർ. അന്തരിച്ച കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ഷാനവാസ്. മുസ്്ലീം ലീഗിലെ ടി. ഡി. കബീർ എന്ന പ്രാദേശിക നേതാവിന്റെ ചില രാഷ്ട്രീയ പകപോക്കലുകളിൽ മനംനൊന്താണ് സജീവ കോൺഗ്രസ്സ് പ്രവർത്തകനും, കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്തംഗം കൂടിയായ ഷാനവാസ് ഇത്തവണ ഇടതു പിന്തുണയിൽ ചെങ്കള ഡിവിഷനിൽ മത്സരിച്ചു വിജയിച്ചത്.

99 വോട്ടുകൾക്കാണ് ഷാനവാസ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചെങ്കള ഡിവിഷൻ കൈപ്പിടിയിലൊതുക്കിയത്. ചെങ്കളയിൽ ഷാനവാസ് വിജയിച്ച രാഷ്ട്രീയ തന്ത്രം, സമാഗതമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ പരീക്ഷിക്കാമെന്നും, വിജയം സുനിശ്ചിതമാണെന്നുമുള്ള രാഷ്ട്രീയ ഫോർമുലയാണ് ഷാനവാസ് സിപിഎം ജില്ലാ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ നീക്കത്തിനുള്ള മുന്നൊരുക്കമെന്നോണം ഷാനവാസ് മുന്നോട്ടുവെച്ച ഒരേയൊരു നിർദ്ദേശം പെരിയ ഡിവിഷനിൽ നിന്ന് ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഡിവൈഎഫ്ഐ നേതാവ് ഫാത്തിമത്ത് ഷംനയെ 24, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ ഉപരോധിക്കണമെന്നതാണ്.

ഷംന ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തിയാൽ, കാസർകോട്ടെ വിദ്യാസമ്പന്നരായ മുസ്്ലീം ജനതയുടെ വോട്ടുകൾ ഇടതു സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുന്ന തനിക്ക് ലഭിക്കുമെന്നും, മുസ്്ലീം ലീഗ് കോട്ടയായ കാസർകോട് നിയമസഭാ മണ്ഡലം അതി സുന്ദരമായി പിടിച്ചടക്കാമെന്നുമാണ് ഷാനവാസിന്റെ ആത്മവിശ്വാസം. ഷാനവാസിന്റെ രാഷ്ട്രീയ തന്ത്രത്തോട് സിപിഎം ജില്ലാ നേതൃത്വം അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞു. പുതിയ രാഷ്ട്രീയ തന്ത്രം പാർട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഭവം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യാൻ ഡിസംബർ 21 തിങ്കളാഴ്ച പാർട്ടി ജില്ലാ സിക്രട്ടറിയേറ്റ് വിളിച്ചു ചേർത്തിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ്ചന്ദ്രൻ, എം. വി. ബാലകൃഷ്ണൻ മാസ്റ്റർ, മുൻ എംഎൽഏ, സി.എച്ച്. കുഞ്ഞമ്പു എന്നിവർ ഷാനവാസിന്റെ പുതിയ രാഷ്ട്രീയ തന്ത്രത്തോട് പൂർണ്ണമായും യോജിച്ചു കഴിഞ്ഞു. മുസ്്ലീം ലീഗിന്റെ എക്കാലത്തേയും കുത്തക നിയമസഭാ മണ്ഡലം കാസർകോട് എൽഡിഎഫ് സ്വതന്ത്രനായ ഒരു മുസ്്ലീം യുവാവ് പിടിച്ചടക്കിയാൽ, കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ യുഡിഎഫിൽ വൻ സ്ഫോടനങ്ങൾക്ക് കളമൊരുക്കും. ഫാത്തിമത്ത് ഷംനയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ ഉയർത്തിക്കാണിക്കാനുള്ള ഷാനവാസിന്റെ താൽപ്പര്യം രാഷ്ട്രീയം തന്നെയാണ്.

മുസ്്ലീം വനിത, അതും ഉറച്ച കമ്മ്യൂണിസ്റ്റുകാരി ജില്ലാ പഞ്ചായത്തിന്റെ സാരഥിയായാൽ, കാസർകോട്ടെ മുസ്്ലീം യുവത്വത്തിന് മുന്നിൽ ഷംനയെ ഉയർത്തിക്കാട്ടി ഇടതുപിന്തുണയോടെ മണ്ഡലത്തിൽ ജയിച്ചു കയറാമെന്നതാണ് ഷാനവാസിന്റെ നിലപാട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെ തിരഞ്ഞെടുക്കാൻ ഡിസംബർ 28 വരെ സമയമുണ്ട്. അതിനിടയിൽ ഫാത്തിമത്ത് ഷംനയെ അധ്യക്ഷയാക്കുന്ന കാര്യത്തിൽ സിപിഎം ജില്ലാ സിക്രട്ടറിയേറ്റ് തീരുമാനമെടുക്കും. നിലവിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് പറഞ്ഞുകേൾക്കുന്നത് മടിക്കൈ പി. ബേബിയുടെ പേരാണ്.

LatestDaily

Read Previous

പി. കെ. ഫൈസലിന്റെ വീടിന് നേരെ ബോംബെറിഞ്ഞു ഓരിയിൽ ഓട്ടോ കത്തിച്ചു: പിലിക്കോട് വീടിന് നേരെ കല്ലേറ്

Read Next

എൽ. സുലൈഖയ്ക്ക് സിപിഎം കേന്ദ്രത്തിൽ വോട്ട് കുറഞ്ഞു തോൽപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെ വരെ വാർഡിലിറക്കിയെന്ന് സുലൈഖ