ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ജയിലിൽ കഴിയുന്ന ലീഗ് നേതാവ് എം.സി.ഖമറുദ്ദീൻ എം.എൽ എ യുടെയും ഒളിവിൽ പോയ ചന്തേരയിലെ പൂക്കോയ തങ്ങളുടേയും പേരിൽ തലശ്ശേരി പോലീസിൽ രണ്ട് വിശ്വാസ വഞ്ചനക്കേസ് കൂടി. തൂവ്വക്കുന്ന് സ്വദേശിനി കാരായില്ലത്ത് സുഹറ, കൊളവല്ലൂർ സ്വദേശി കുനിയിൽ വീട്ടിൽ മൂസ്സ എന്നിവരുടെ പരാതിയിലാണ് ഇന്ത്യൻ ശിക്ഷാ നിയമം 420 വകുപ്പിൽ കേസെടുത്തത് .
ഇരുവരും തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹരജി യെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സുഹറയുടെ പരാതിയിൽ പൂക്കോയ തങ്ങളാണ് കുറ്റാരോപിതൻ – മൂസ്സ പരാതിക്കാരനായ കേസിൽ എം.സി.ഖമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിസ്ഥാനത്തുണ്ട്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ മാസം പ്രതി നല്ലൊരു തുക ലാഭവിഹിതമായി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 ലക്ഷം വീതം ഇരുവരിൽ നിന്നും വാങ്ങിയെന്നാണ് ആരോപണം.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിലവിൽ നൂറിലേറെ കേസുകൾ ഇരുവരുടെയും പേരിൽ ചുമത്തപ്പെട്ടിട്ടുണ്ട്. 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് സംശയം.
തലശ്ശേരിയിൽ രജിസ്ടർ ചെയ്യപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണെങ്കിൽ ഇപ്പോൾ കണ്ണൂർ ജയിലിൽ റിമാൻ്റ് തടവുകാരനായി മഞ്ചേശ്വരം എം.എൽ.എയെ തലശ്ശേരി പോലീസിന് ജയിലിലെത്തി അറസ്റ്റ് ചെയ്യേണ്ടി വരും -ഇതിനായുള്ള അനുവാദം കോടതി നൽകണം. പുതിയ കേസുകളിൽ കൂടി അറസ്റ്റ് നടന്നാൽ എം.എൽ.എ.ക്ക് കുരുക്ക് മുറുകും. തലശ്ശേരി മേഖലയിൽ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള ചില സമ്പന്നരും ഖമറുദ്ദീൻ കമ്പനിയുടെ തട്ടിപ്പിൽ കുടുങ്ങിയതായി സൂചനയുണ്ട്.. എന്നാൽ സമ്മർദ്ദം കാരണം ഇവർ തൽക്കാലം പരാതിപ്പെടുന്നില്ലെന്നാണ് വിവരം.