പി. ബേബി – ഷംന നറുക്ക് ആർക്ക് വീഴും

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് രണ്ടു വനിതകൾ.
പെരിയ ഡിവിഷനിൽ നിന്ന് വിജയിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഫാത്തിമത്ത്് ഷംനയും, മടിക്കൈ പി. ബേബിയുമാണ് പട്ടികയിൽ മുന്നിലുള്ളത്. പി. ബേബി പാർട്ടി ജില്ലാ കമ്മിറ്റിയംഗമാണ് രണ്ടു തവണ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയുമായിരുന്നു.

ഷംന എസ്എഫ്ഐയിലൂടെ സംഘടനാ രംഗത്തെത്തിയ ഇരുപത്തിയഞ്ചുകാരി യുവ നേതാവും പാർട്ടി അംഗവുമാണ്. ന്യൂനപക്ഷത്ത് നിന്ന് ഒരു യുവ വനിതാ നേതാവിനെ ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് ഉയർത്തിക്കൊണ്ടു വന്നാൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ അടക്കമുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിനോട് പൂർണ്ണമായും യോജിക്കുന്നവർ മൂന്ന് സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. എച്ച്. കുഞ്ഞമ്പു ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാസ്റ്റർ കെ. പി. സതീഷ്ചന്ദ്രൻ എന്നിവർ ഷംനയ്ക്ക് അനുകൂലമാണ്. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, പി. ബേബിയെ അനുകൂലിക്കുന്നു.

പെരിയ കൊലയുടെ ബഹിർ സ്ഫുരണങ്ങളും സിബിഐ അന്വേഷണത്തിന്റെ വരും വരായ്കകളും ഉദുമയിൽ മാത്രമല്ല കേരളമാകെ കത്തിപ്പടരുന്ന രാഷ്ട്രീയ ആയുധമായി മാറാനിരിക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരം ഉദുമ, തൃക്കരിപ്പൂർ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങൾ ഇത്തവണ ഇടതു പക്ഷത്തിന് അത്ര എളുപ്പമാകില്ലെന്നാണ് പുതിയ രാഷ്ട്രീയ നിരീക്ഷണം. പി. ബേബിക്ക് ഭരണ പരിചയമുണ്ടെങ്കിലും ഷംന തദ്ദേശ സ്ഥാപനത്തിലെത്തുന്നത് ഇതാദ്യമായാണ്. ഇരുവരും ബിരുദധാരിണികളാണ്. തളിപ്പറമ്പ നഗരസഭയിൽ ഇരുപത്തിനാലുകാരി മുസ്്ലീം ലീഗിലെ മുർഷിദ കോങ്ങായിയെയാണ് യുഡിഎഫ് നഗരസഭാ അധ്യക്ഷ പദവിയിലേക്ക് ഉയർത്തിക്കാണിച്ചിട്ടുള്ളത്.

LatestDaily

Read Previous

ആറങ്ങാടിയിൽ ലീഗ് പ്രവർത്തകന്റെ കാൽമുട്ട് തല്ലിയൊടിച്ചു

Read Next

ഖമറുദ്ദീൻ എംഎൽഏക്കും പൂക്കോയക്കുമെതിരെ തലശ്ശേരിയിൽ വിശ്വാസ വഞ്ചനക്കേസ്