ഐഎൻഎല്ലിന്റേത് മികച്ച പ്രകടനം

കാഞ്ഞങ്ങാട്: ഇടതുമുന്നണി പ്രവേശനത്തിന് ശേഷം ആദ്യമായി നടന്ന  തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ ഐഎൻഎല്ലിന്റെ പ്രകടനം ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുസ്്ലീം ലീഗിന്റെ കോട്ടയെന്നറിയപ്പെടുന്ന ഞാണിക്കടവ് വാർഡിലെ ഐഎൻഎൽ സ്ഥാനാർത്ഥി നജ്മ റാഫിയുടെ വിജയമാണ് ലീഗിന്റെ അടിത്തറയിളക്കിയത്.

കഴിഞ്ഞതവണ എൽ. സുലൈഖ വിജയിച്ച കരുവളം വാർഡിൽ ഐഎൻഎൽ നേതാവ് ബിൽടെക്ക് അബ്ദുള്ള വിജയിച്ചത് യുഡിഎഫിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 3 റിബൽ സ്ഥാനാർത്ഥികുണ്ടായിരുന്ന വാർഡിൽ ഇക്കുറി റിബലുകൾ ഒന്നുമില്ലാതിരുന്നിട്ടും, കെപിസിസി സിക്രട്ടറി എം. അസിനാർ പരാജയപ്പെടുകയായിരുന്നു.

ലീഗിന്റെ സിറ്റിങ്ങ് സീറ്റായ പട്ടാക്കൽ വാർഡും, ഐഎൻഎൽ സ്ഥാനാർത്ഥിയായ ഫൗസിയ ഷെരീഫ് പിടിച്ചെടുത്തു. മത്സരിച്ച 6 സീറ്റുകളിൽ 3 സീറ്റുകൾ പിടിച്ചെടുത്ത് ഐഎൻഎൽ കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസിനേക്കാളും വലിയ കക്ഷിയായി. 17-ാം വാർഡിലെ വി. വി. രമേശന്റെ  വിജയത്തിന് പിന്നിലും ഐ. എൻ. എൽ. മുനിസിപ്പൽ കമ്മിറ്റിയുടെ സ്വാധീനമുണ്ട്. വാർഡിലെ മുസ്്ലീം വോട്ടുകൾ വി. വി. രമേശന്  അനുകൂലമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് ഐ. എൻ.എൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സഹായി അസിനാർ, സിക്രട്ടറി എം. ഏ ഷെഫീഖ് കൊവ്വൽപ്പള്ളി എന്നിവരായിരുന്നു.

നഗരസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസ്സ് ദുർബ്ബലമാക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. കഴിഞ്ഞ തവണ 3 സീറ്റ് ലഭിച്ച കോൺഗ്രസ്സിന് ഇക്കുറി 2 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 4-ാം വാർഡായ അതിയാമ്പൂരിൽ മത്സരിച്ച എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ. വി. സുജാതയ്ക്കെതിരെ സിപിഎം വിമതയെ പിന്തുണച്ച കോൺഗ്രസ്സിന്റെ നടപടിയും ഫലം കണ്ടില്ല. ഐഎൻഎൽ മുൻസിപ്പൽ കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന വാർഡുകൾ  ഐഎൻഎൽ പിടിച്ചെടുത്തത്. ഈ തെരഞ്ഞെടുപ്പോടെ ഐഎൻഎൽ നഗരസഭയിൽ നിർണ്ണായക ശക്തിയായി.

LatestDaily

Read Previous

ഉദുമയിൽ ഇടതു മുന്നേറ്റം

Read Next

അജാനൂരിൽ ശോഭ അദ്ധ്യക്ഷയാകും,സബീഷ് ഉപാദ്ധ്യക്ഷൻസ്വന്തം ലേഖകൻ