കാഞ്ഞങ്ങാട് നഗരസഭ സൈക്കിൾ കച്ചവടത്തിൽ ₨ 2.5 ലക്ഷം അഴിമതി

കാഞ്ഞങ്ങാട്: പട്ടിക വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്ക് 50 സൈക്കിൾ വിതരണം ചെയ്യാനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിയിൽ 2.5 ലക്ഷം രൂപയുടെ അഴിമതി. 2017-18 സാമ്പത്തിക വർഷത്തിൽ പദ്ധതി നടത്തിപ്പിൽ പദ്ധതി നമ്പർ 456/18 ലാണ്  2.5 ലക്ഷം രൂപയുടെ അഴിമതി. നഗരസഭ പ്രദേശത്ത് താമസക്കാരും പട്ടിക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുമായ 50 സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാൻ 2,50,000 രൂപയാണ് പദ്ധതിയിൽ വിലയിരുത്തിയത്.

  21 ആൺകുട്ടികൾക്കും 29 പെൺകുട്ടികൾക്കും  സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യാൻ ചെയർമാൻ വി.വി. രമേശന്റെ നേതൃത്വത്തിലുള്ള ഭരണ വിഭാഗം സൈക്കിൾ ഷാപ്പുടമകളിൽ നിന്ന് മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ രണ്ട് സ്ഥാപനങ്ങളാണ് നഗരസഭയ്ക്ക് ടെണ്ടർ നൽകാൻ മുന്നോട്ടു വന്നത്.

ഒന്ന്: നോർത്ത് കോട്ടച്ചേരിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വിതരണ സ്ഥാപനം ഹിറ ട്രേഡേഴ്സും, മറ്റൊന്ന്:  കാഞ്ഞങ്ങാട് ടൗണിൽ പ്രവർത്തിച്ചിരുന്ന കറന്റ് ബുക്സ് എന്ന സ്ഥാപനവുമാണ്.

ഹീറോ സ്പ്രിന്റ് മിഗ്- 26 ഇഞ്ച് ആൺകുട്ടികളുടെ സൈക്കിൾ ഒന്നിന് ഹിറ ട്രേഡിംഗ് നഗരസഭയ്ക്ക് നൽകിയ കുറഞ്ഞ ക്വട്ടേഷൻ നിരക്ക് 3,948 രൂപയാണ്. കറന്റ്  ബുക്സ് ആൺകുട്ടികൾക്കുള്ള 26 ഇഞ്ച് സൈക്കിളിന് നൽകിയ കുറഞ്ഞ നിരക്ക് 4,710 രൂപയാണ്. ഹിറ ട്രേഡിംഗ്  നൽകിയ ക്വട്ടേഷനേക്കാൾ കറന്റ്  ബുക്സിന്റെ ക്വട്ടേഷൻ 26 ഇഞ്ച് സൈക്കിളിന്  762 രൂപ കുടുതലാണ്. ഹീറോ മിസ് ഇന്ത്യ വെൽവെറ്റ് 26 ഇഞ്ച്  സാരി ഗാർഡ് അടക്കമുള്ള പെൺകുട്ടികളുടെ സൈക്കിളിന് ഹിറ ട്രേഡിംഗ്  നഗരസഭയ്ക്ക്  നൽകിയ വില 4347 രൂപയെങ്കിൽ കറന്റ് ബുക്സ്  നൽകിയ ക്വട്ടേഷൻ നിരക്ക് 4710 രൂപയാണ്.

ഒരു സൈക്കിളിന് ഹിറ ട്രേഡിംഗിനേക്കാൾ 363 രൂപ കൂടുതലാണ് കറന്റ് ബുക്ക്സിന്റെ നിരക്ക്. ഹിറ ട്രേഡിംഗ് കഴിഞ്ഞ പത്തു വർഷക്കാലമായി കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വിതരണ സ്ഥാപനമാണ്. കറന്റ് ബുക്സ് എന്നൊരു സ്ഥാപനം കാഞ്ഞങ്ങാട്ട് എങ്ങും പ്രത്യക്ഷത്തിലില്ലെങ്കിലും, കാഞ്ഞങ്ങാട്ടെ ഡിസി ബുക്സുമായി ബന്ധപ്പെട്ട ചിലരാണ് ഇല്ലാത്ത കറന്റ് ബുക്സിന്റെ പേരിൽ നഗരസഭയ്ക്ക് 50 സൈക്കിളുകൾ വിതരണം ചെയ്യാൻ,  കൂടിയ നിരക്ക് കാണിച്ച്  ക്വട്ടേഷൻ നൽകിയത്.

സാധാരണ നിലയിൽ നിശ്ചിത സാധനങ്ങൾക്ക് ഏതു സ്ഥാപനവും ക്വട്ടേഷൻ സ്വകരിച്ചാൽ  കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ ക്വട്ടേഷനാണ് അംഗീകരിക്കാറുള്ളത്. ഇവിടെ അംഗീകൃത സൈക്കിൾ വിതരണ സ്ഥാപനമായ ഹിറ ട്രേഡിംഗിനേക്കാൾ കൂടിയ നിരക്ക് കാണിച്ച കറന്റ് ബുക്സ് എന്ന അദൃശ്യ പുസ്തക ശാലയിൽ നിന്നാണ് കാഞ്ഞങ്ങാട് നഗരസഭ 50 സൈക്കിളുകൾ വാങ്ങി രണ്ടര ലക്ഷം രൂപ നൽകിയതായി നഗരസഭാ രേഖകളിൽ എഴുതി വെച്ചിട്ടുള്ളത്.

2015 മുതൽ 2020 വരെ 5 വർഷക്കാലം  ഇടതു മുന്നണിയുടെ കാവൽക്കാരനായി സിപിഎം കാസർകോട് ജില്ലാകമ്മിറ്റി അംഗമായ വി.വി.രമേശൻ നടത്തിയ ഈ അഴിമതി കാഞ്ഞങ്ങാട് നഗരസഭയിലെ  പട്ടിക വിഭാഗം വിദ്യാർത്ഥികളോട് ചെയ്ത പൊറുക്കാനാവാത്ത ക്രൂരതയാണ്. ഇനി മറ്റൊരു രഹസ്യം കൂടി കേൾക്കുക: രണ്ടര ലക്ഷം രൂപ സൈക്കിളിന്റെ പേരിൽ നഗരസഭയിൽ നിന്ന് കൈപ്പറ്റിയ കറന്റ് ബുക്സ് എന്ന അദൃശ്യ പുസ്തക സ്ഥാപനം തീർത്തും  അനധികൃത മാർഗ്ഗത്തിൽ  കരസ്ഥമാക്കിയ ക്വട്ടേഷനിൽ തീരുമാനിച്ച സൈക്കിളുകൾ വാങ്ങി നഗരസഭയ്ക്ക് നൽകിയതാകട്ടെ ഹിറ ട്രേഡേഴ്സിൽ നിന്നു തന്നെയാണെന്നതാണ് മറ്റൊരൽഭുതം.

ഈ സൈക്കിളുകൾ നഗരത്തിലെ വിവിധ സ്കൂളുകളിലെ  പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ കൈകളിൽ എത്തിയിട്ടുണ്ടോ എന്ന് ചേദിച്ചാൽ എത്തിയതുമില്ല. പിന്നെ- രണ്ടര ലക്ഷം രൂപ സർക്കാർ ഫണ്ട് ചിലവിട്ട് വാങ്ങിയ വെറും 12 സൈക്കിളുകൾ എന്തു ചെയ്തുവെന്ന് ചോദിച്ചാൽ, മുൻ ചെയർമാൻ വി.വി. രമേശന് മറുപടിയില്ലെങ്കിലും, ലേറ്റസ്റ്റ് അന്വേഷണ സംഘം നട ത്തിയ വിശദമായ അന്വേഷണത്തിൽ പട്ടിക വിഭാഗം സ്കൂൾ വിദ്യാർത്ഥികളുടെ പേരിലുള്ള 12 സൈക്കിളുകൾ ചെമ്മട്ടംവയൽ സയൻസ് പാർക്കിന്റെ ഒന്നാം നിലയിലുള്ള ഒരു മുറിയിൽ ഭദ്രമായി ആരും കാണാതെ അടച്ചു പൂട്ടിവെച്ചിരിക്കയാണ്.

LatestDaily

Read Previous

സ്ഥാനാർത്ഥിയെ ബിജെപി തീർത്തും അവഗണിച്ചു

Read Next

ജില്ലാ പഞ്ചായത്ത് നിർണ്ണായകം ഷാനവാസ് ആർക്കൊപ്പം ഉപാദ്ധ്യക്ഷ പദത്തിന് സിപിഐ പിടിമുറുക്കി