ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ വേണമെന്ന് അമ്മ

ആദൂർ: ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കല്ല് സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തനിക്ക് വേണമെന്ന് മാതാവ്. ഇതേ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ അരികിലേക്ക് കുഞ്ഞിനെ തല്‍ക്കാലത്തേക്ക് മാറ്റി. ഡി.എന്‍.എ പരിശോധന നടത്തി നവജാത ശിശു യുവതിയുടേതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കുഞ്ഞിന്റെ സംരക്ഷണാവകാശം പൂര്‍ണ്ണമായും യുവതിക്കു കൈമാറുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.

ഞായറാഴ്ച ഉച്ചയ്ക്കാണ് സ്‌കൂള്‍ വരാന്തയില്‍ ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആദൂര്‍ പോലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവായ 32 കാരിയെ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. താന്‍ തന്നെയാണ് കുഞ്ഞിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു.

ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി, കുഞ്ഞിനെ കണ്ടതോടെയാണ് തനിക്കു വിട്ടു തരണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ കുഞ്ഞിനെ തല്‍ക്കാലത്തേക്ക് നല്‍കാനേ നിയമം അനുവദിക്കുന്നുള്ളൂവെന്നും ഡി.എന്‍.എ പരിശോധനക്കു ശേഷം കൈമാറാമെന്നും അധികൃതര്‍ യുവതിയെ അറിയിച്ചു.

LatestDaily

Read Previous

പെട്രോൾ പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച എഎസ്‌ഐ റിമാന്റില്‍

Read Next

കണ്ണൂർ കോട്ടയിൽ പോലീസുദ്യോഗസ്ഥന്റെ ഗുണ്ടാപ്പിരിവ്