ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പ് ഒതുക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ളയാളുടെ ബന്ധുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം രഹസ്യമായി ഒതുക്കി. എസ് ഐ റാങ്കിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ഒരാളും തമ്മിലുണ്ടാക്കിയ പദ്ധതി പ്രകാരമാണ് കാറഡുക്ക  പണയത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബന്ധുവിനെ കേസിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുത്തത്.

ബേക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി നോക്കിയിരുന്ന പോലീസുദ്യോഗസ്ഥൻ ഇപ്പോൾ ക്രൈംബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. കേസിൽ നിന്നൊഴിവാക്കാൻ ഉന്നത പോലീസുദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേനയാണ് പണം കൈപ്പറ്റിയത്. കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുള്ളയാളെ പോലീസുദ്യോഗസ്ഥൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഭീഷണി സഹിക്കാതെ നാലര ലക്ഷം രൂപ കൈമാറിയതിന് പിന്നാലെ ബേക്കൽ സ്വദേശി 3 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ, കാറഡുക്ക പണയത്തട്ടിപ്പ് പ്രതിയുടെ ബന്ധു ഉന്നതോദ്യോഗസ്ഥനെ നേരിൽക്കണ്ട് പരാതി പറഞ്ഞത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിലെത്താമെന്ന ധാരണയിൽ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഒന്നരലക്ഷം രൂപ കൈമാറി.

ഇടതുമുന്നണി ഘടകകക്ഷിയിൽപ്പെട്ടയാളെന്ന് അവകാശപ്പെടുന്ന ബേക്കൽ സ്വദേശിയോടൊപ്പം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും തട്ടിപ്പിൽ പങ്കാളികളാണ്. കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരൻ പണയത്തട്ടിപ്പ് പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളുപയോഗിച്ച് കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.

ഡിവൈഎസ്പി റാങ്കിലുള്ള രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേര് ദുരുപയോഗം ചെയ്താണ് ക്രൈംബ്രാഞ്ചിന്റെ എസ് ഐ റാങ്കിൽ പ്പെട്ട ഉദ്യോഗസ്ഥസ്ഥന്റെ   നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഭീഷണി മൂലമുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആശുപത്രിയിലെത്തിയപ്പോഴും എസ് ഐ ഇദ്ദേഹത്തെ തേടി യെത്തിയിരുന്നു. അസുഖബാധിതനായി വിശ്രമത്തിലായിരുന്ന ഉദ്യോഗസ്ഥസ്ഥന്റെ  പേരും തട്ടിപ്പിൽ വലിച്ചിഴയ്ക്കപ്പെട്ടു. തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ബേക്കൽ സ്വദേശിയുടെ കാറിന്റെ ടയർ മാറ്റുന്ന ചെലവ് പോലും തട്ടിപ്പിനിരയായയാൾക്ക് വഹിക്കേണ്ടിവന്നു.

LatestDaily

Read Previous

കാർഷിക കോളേജിൽ അധ്യാപക ക്ഷാമം; രക്ഷാകർത്താക്കളുടെ ഉപവാസം

Read Next

ഡിവൈഎഫ്ഐ നേതാവിന് എതിരായ ആരോപണം കെട്ടുകഥയാണെന്ന് ഏരിയാ നേതാവ്