മാവുങ്കാലിൽ ബിജെപി ആഹ്ലാദ പ്രകടനം അക്രമാസക്തമായി യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം

സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്
 
കാഞ്ഞങ്ങാട് : മാവുങ്കാലിൽ വിജയാഹ്ലാദപ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം നടത്തി. യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾക്കും ബന്ധുക്കൾക്കുമുൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. അക്രമം കണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഭയന്ന് നിലവിളിച്ചു. യൂത്ത് കോൺഗ്രസ്സ് അജാനൂർ മണ്ഡലം ജനറൽ സിക്രട്ടറി വി. എം. അനൂപിന്റെയും 28, മണ്ഡലം സിക്രട്ടറി പ്രകാശന്റെയും 19, വീടുകൾക്ക് നേരെയാണ് അക്രമമുണ്ടായത്.

മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപത്തുള്ള വീടുകൾക്ക് നേരെ രാത്രി 9–30 മണിയോടെ, മാവുങ്കാൽ ടൗണിൽ നിന്നും പ്രകടനമായെത്തിയ 25 ഓളം വരുന്ന ബിജെപി പ്രവർത്തകർ കല്ലെറിയുകയായിരുന്നു. വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറിയ ബിജെപി പ്രവർത്തകർ സ്ക്കൂട്ടിയുൾപ്പടെ മറിച്ചിട്ടു. അനൂപിനെയും, പ്രകാശനെയും കൂടാതെ, അനൂപിന്റെ സഹോദരൻ വി. എം. അനീഷ് 31, അനീഷിന്റെ ഭാര്യ പ്രിൻസി 21, അനൂപിന്റെ ഭാര്യ അനഘ 19, പിതാവ് ദിനേശൻ 62, മാതാവ് ശശികല 50, എന്നിവർക്ക് മർദ്ദനമേറ്റു.

മര വടി കൊണ്ട് അടിയേറ്റ ദിനേശന്, തലയ്ക്കാണ് പരിക്ക്. പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമ രംഗം കണ്ട് വീട്ടിലുണ്ടായിരുന്ന ഒരു വയസ്സും, രണ്ടു വയസ്സുമുള്ള കുഞ്ഞുങ്ങൾ ഭയന്ന് വിറച്ച് നിലവിളിച്ചു. രാത്രി തന്നെ പോലീസ് സ്ഥലത്തെത്തിയതോടെയാണ് കോൺഗ്രസ്സ് കുടുംബം ആശ്വാസത്തിലായത്. പരിക്കേറ്റവരെ കോൺഗ്രസ്സ് നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. അജാനൂർ പഞ്ചായത്തിൽ മാവുങ്കാൽ 11– ാം വാർഡിൽ ബിജെപിക്കെതിരെ, ഇവരുടെ ബന്ധുവായ കെ. സുജാതയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിൽ മൽസരിച്ചത്.

LatestDaily

Read Previous

അനുമതിയില്ലാതെ പ്രകടനം: യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾക്കെതിരെ കേസ്സ്

Read Next

നറുക്കെടുപ്പിൽ നഷ്ടപ്പെട്ട വാർഡ് തിരിച്ചു പിടിച്ച് യുഡിഎഫ്