തങ്ങളെന്ന പേരിൽ ജനങ്ങളെ പറ്റിച്ച വ്യാജ സിദ്ധന്റെ കുമ്പസാരം

സ്വന്തം ലേഖകൻ

അജാനൂർ: ഉത്തര കേരളത്തിലെ വിവിധ ഭാഗങ്ങളിൽ 25 വർഷത്തോളം ഹക്കീം തങ്ങളെന്ന പേരിൽ ആത്മീയ ചികിത്സ നടത്തിയിരുന്ന വ്യാജ സിദ്ധൻ താൻ തങ്ങളുമല്ല തനിക്ക് അമാനുഷികമായ കഴിവുകളുമില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തുവന്നു. കൽപ്പകഞ്ചേരി വെട്ടിചിറയിൽ പി.വി. ബാവയുടെ മകൻ അബ്ദുൾ ഹക്കീം എന്ന കൂലിപ്പണിക്കാരനാണ് പിന്നീട് ഹക്കീം തങ്ങളായി മാറിയിരുന്നത്. ഹക്കീംതങ്ങൾ പരിവേഷത്തിലെത്തിയ കഥ അദ്ദേഹം വിവരിക്കുന്നതിങ്ങനെ.

നാട്ടിൽ കിണർ കെട്ടൽ, പെയിന്റിംഗ്, തേപ്പ് തുടങ്ങിയ കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന താൻ ഒരു തീർത്ഥയാത്ര നടത്തി വന്നതിന് ശേഷം തന്നിൽ ഏതോ ദിവ്യത്വമുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ വിവരമറിഞ്ഞ ചിലർ തന്നെ സമീപിക്കുകയും ആത്മീയ ചികിത്സ നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. മൂന്ന് ഭാര്യമാരുള്ള തനിക്ക് മക്കൾ വർദ്ധിക്കുന്നതോടെ സാമ്പത്തിക ബാധ്യതകളും വർദ്ധിച്ച് തുടങ്ങി. എന്നാൽ പിന്നെ നാട്ടുകാർ ചാർത്തിയ തങ്ങൾ പദവി ഉപയോഗപ്പെടുത്തി ജീവിതനിലവാരം മെച്ചപ്പെടുത്താമെന്ന് കരുതുകയായിരുന്നു. ആത്മീയ ചികിത്സയും നിധി കണ്ടെടുക്കുന്നതിനുമായി ആവശ്യക്കാർ വീട്ടിൽ എത്തിത്തുടങ്ങിയതോടെ സേവനങ്ങൾക്ക് നിരക്കേർപ്പെടുത്തുകയും പ്രവർത്തനം മറ്റു ജില്ലകളില്ക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

നിധിയെടുത്ത് നൽകാൻ സാധിക്കുമോയെന്ന് ചോദിച്ചവരോട് നിധി ശേഖരമുണ്ടന്നും അത് എടുത്തുനൽകാൻ സാധിക്കുമെന്നും വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിച്ചു. എന്നാൽ ഒരാൾക്കും  നിധിയെടുത്തുനൽകാൻ തനിക്ക് സാധിച്ചിട്ടില്ലെന്ന് അബ്ദുൾ ഹക്കീം പറയുന്നു. നാട്ടുകാരും അന്യദേശക്കാരും തന്നെ തങ്ങളെന്ന് വിശേഷിപ്പിച്ച് നടന്നപ്പോൾ ജീവിതമാർഗ്ഗത്തിന് ഒരു വഴിയായി താൻ സ്വീകരിക്കുകയായിരുന്നു. തട്ടിപ്പ് കേസിൽ കോഴിക്കോട് ജയിലിൽ കിടക്കുന്ന അവസരത്തിൽ പോലും തന്റെ ഉപദേശത്തിനായി ആളുകൾ ജയിലിൽ വന്നിരുന്നതായും അബ്ദുൾ ഹക്കീം വെളിപ്പെടുത്തി.

ഇതിനിടയിൽ തന്റെ പേരിൽ നാട്ടിൽ ചേരിതിരിഞ്ഞ് ആളുകൾ സംഘർഷത്തിലേർപ്പെടുകയുമുണ്ടായി. അള്ളാഹുവിന്റെ നാമത്തിന്റെ അർത്ഥംപോലും അറിയാത്ത എന്നെയാണ് ഇക്കാലമത്രയും തങ്ങളാണെന്ന് പറഞ്ഞ് ആളുകൾ ആത്മീയ ചികിത്സയ്ക്ക് സമീപിച്ചിരുന്നത്. അവരോടെല്ലാം ഇപ്പോൾ താൻ മാപ്പു ചോദിക്കുകയാണ്. ഇസ്ലാമിക ദർശനത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും തനിക്ക് വശമില്ല. ആത്മീയോപദേശങ്ങൾ നൽകാൻ സഹായകരമായ ഒരു സരണിയും തന്റെ പക്കലുണ്ടായിരുന്നില്ല. എന്നിട്ടും തന്റെ അനുയായികളായി ധാരാളം വികല വിശ്വാസികൾ തനിക്കുണ്ടായി. തനിക്കൊന്നേ പറയാനുള്ളൂ.

പടച്ചവന് മാത്രം സാധിക്കുന്ന കാര്യങ്ങൾ പടപ്പുകൾക്ക് സാധിക്കുമെന്ന ധാരണയിൽ ആരും തങ്ങൾമാരുടേയും സിദ്ധന്മാരുടേയും അടുത്ത് പോയി വഞ്ചിതരാവരുത്. മന്ത്രവാദത്തിന്റെ പേരിലും നിധി ശേഖരത്തിന്റ പേരിലും പലരോടും താൻ പണം വാങ്ങിയിട്ടുണ്ട്. വാങ്ങിയ പണം തിരിച്ചുകൊടുക്കാനുള്ള ഉദ്ദേശത്തിലാണ് താനുള്ളതെന്നും അബ്ദുൾ ഹക്കീം പറയുന്നു. ഇനിയും ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് അബ്ദുൽ ഹക്കീം തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്

LatestDaily

Read Previous

ജിംനേഷ്യം പീഡനം: അതിജീവിതയ്ക്കെതിരെ നവമാധ്യമ പ്രചാരണം പ്രതികൾക്ക് മുൻകൂർ ജാമ്യം

Read Next

റെയിൽവേ സ്റ്റേഷനിലെ തെരുവുനായ് ശല്യത്തിൽ പരാതി നൽകിയിട്ടും നഗരസഭ അനങ്ങുന്നില്ല