പതിനൊന്നുകാരി ജനാലയിൽ തൂങ്ങി മരിച്ചു

സംഭവം കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കെ


ബന്തടുക്ക: 11 വയസുള്ള പെൺകുട്ടിയെ മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടി മുറിയിൽ കയറി കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങി മരിച്ചത്. ബന്തടുക്ക അടൂർ ചെന്നക്കുണ്ട് തിമ്മയ്യ മൂലയിലെ ചന്ദ്രൻ – നളിനി ദമ്പതികളുടെ മകൾ ലാവണ്യയെയാണ് 11, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അഡൂർ ഗവ. ഹൈസ്ക്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ്. ഒരാഴ്ച മുമ്പ് പിതൃസഹോദരി കാറഡുക്ക മൂലംകുളത്തിലെ യമുനയുടെ വീട്ടിൽ സഹോദരിക്കൊപ്പം പോയി താമസിച്ച് മടങ്ങിയെത്തിയതായിരുന്നു ലാവണ്യ. ബുധനാഴ്ച വൈകീട്ട് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് മുറിക്കകത്തേക്ക് പോയി വാതിൽ കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങി മരിക്കുകയായിരുന്നു.

ലാവണ്യയെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്ന് കയർ അഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  മരണകാരണം വ്യക്തമല്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരണ്യ, ശരത്ത്.

Read Previous

ബിജെപി രമേശന് വോട്ട് മറിച്ചു ടി. വി. ശൈലജ ബലിയാടായി

Read Next

നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞു