ബിജെപി രമേശന് വോട്ട് മറിച്ചു ടി. വി. ശൈലജ ബലിയാടായി

കാഞ്ഞങ്ങാട് : വാർഡ് 17-ൽ മാതോത്ത് മൽസരിച്ച നഗരസഭ മുൻ ചെയർമാൻ സിപിഎമ്മിലെ വി. വി. രമേശന് ഈ വാർഡിലുള്ള 70 ബിജെപി വോട്ടുകളിൽ 49 വോട്ടുകൾ മറിഞ്ഞുകിട്ടി. 1274 വോട്ടുകളാണ് ഈ വാർഡിൽ പോൾ ചെയ്തത്. 702 വോട്ടുകൾ വി. വി. രമേശൻ നേടിയപ്പോൾ, 551 വോട്ടുകൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി എം. വി. ലക്ഷ്മണൻ കരസ്ഥമാക്കി.

ബിജെപി സ്ഥാനാർത്ഥി സി. കുഞ്ഞമ്പുവിന് കിട്ടിയത് വെറും 21 വോട്ടുകളാണ്. ബിജെപി നേതാവും, സ്വർണ്ണവ്യാപാരിയുമായ എം. നാഗ്്രാജ്, സഹോദരൻ എം. ബൽരാജ് എന്നിവരുടെ മൊത്തം കുടുംബവോട്ട് ഈ വാർഡിലാണ്. ബിജെപിയുടെ 70 ഉറച്ച വോട്ടുകളിൽ 49 വോട്ടും വി. വി. രമേശന്റെ യന്ത്രത്തിലാണ് വീണത്. ബിജെപി- സിപിഎം ബാന്ധവം മറനീക്കി പുറത്തു വന്നത് വാർഡ് 17-ലും വാർഡ് 14-ലുമാണ്.

യുഡിഎഫിന്റെ എക്കാലത്തെയും കുത്തകയായ നഗരസഭ ഓഫീസ് വാർഡായ പുതിയകോട്ട പ്രദേശമുൾക്കൊള്ളുന്ന വാർഡ് 14-ൽ ബിജെപി പണമിറക്കിയതായും ബോധ്യപ്പെട്ടു.  ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം. ബൽരാജിന്റെ ഭാര്യ വന്ദന സർവ്വതന്ത്ര സ്വതന്ത്രയായി മൽസരിച്ച വാർഡ് 14-ൽ സിപിഎം- കോൺഗ്രസ്സ് – മുസ്ലീം ലീഗ് വോട്ടുകൾ വന്ദനയ്ക്ക് മറിഞ്ഞപ്പോൾ, ബലിയാടാക്കപ്പെട്ടത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഈ വാർഡിൽ മൽസരിച്ച കോൺഗ്രസ്സ് നേതാവ് ടി. വി. നാരായണമാരാരുടെ മൂത്ത മകൾ ടി. വി. ശൈലജയാണ്. യുഡിഎഫിൽ മുൻ നഗരസഭാ ചെയർപേഴ്സണായ ടി. വി. ശൈലജയ്ക്ക് ഇത്തവണ കിട്ടി.ത് വെറും 101 വോട്ടുകളാണ്. ഈ 101 വോട്ടുകൾ ശൈലജയുടെ വ്യക്തിഗത വോട്ടുകളാണ്. ഇടതുമുന്നണിക്ക് ഈ വാർഡിൽ 100 വോട്ടും ലീഗിന് 50 വോട്ടുകളുമുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥി തസ്രിയക്ക് 237 വോട്ടുകൾ ലഭിച്ചു. ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ 100 വോട്ടുകൾ ശൈലജയുടെ പെട്ടിയിൽ വീഴാതെ വന്ദനയുടെ പെട്ടിയിലേക്ക് ഒഴുകി. നഗരസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യം പമ്പ കടക്കുകയും, പണാധിപത്യം തിരിച്ചുവരികയും ചെയ്ത കാഴ്ചയാണ് ഇത്തവണ കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പിൽ പ്രകടമായത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ വാർഡ് 14-ൽ പണാധിപത്യം വിജയിക്കുമെന്ന് ലേറ്റസ്റ്റ് വെളിപ്പെടുത്തിയതാണ്.

LatestDaily

Read Previous

നിരോധനാജ്ഞയ്ക്ക് പുല്ലു വില

Read Next

പതിനൊന്നുകാരി ജനാലയിൽ തൂങ്ങി മരിച്ചു