ഒറ്റനമ്പർ ബോസുമാരുടെ വിവരങ്ങൾ തേടുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഒറ്റനമ്പർ ചൂതാട്ടത്തിൽ കുടുങ്ങി കിടപ്പാടം പോലും നഷ്ടപ്പെട്ടവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം നാട്ടിൽ പെരുകിയതോടെ, ഒറ്റനമ്പർ ചൂതാട്ടത്തിന്റെ സൂത്രധാരന്മാരായ ബോസുമാരുടെ വിവരങ്ങൾ പോലീസ് രഹസ്യാന്വേഷകർ അന്വേഷിക്കാൻ തുടങ്ങി. ജില്ലയിൽ മേൽപ്പറമ്പ് മുതൽ തൃക്കരിപ്പൂർ വരെയുള്ള പ്രദേശങ്ങളിലും മലയോരത്തുമാണ് ഒറ്റനമ്പർ ഓൺലൈൻ ചൂതാട്ടം സജീവമായത്.

ഹൊസ്ദുർഗ് താലൂക്കിന്റെ മലയോരമായ കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള പ്രദേശം ഒറ്റനമ്പറിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. അമിതധനം മോഹിച്ച് ഒറ്റനമ്പർ ചൂതാട്ടത്തിൽ പതിവായി ഏർപ്പെട്ടവരിൽ പലർക്കും ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഇവരിൽ പലരും കിടപ്പാടം പോലും പണയപ്പെടുത്തി ദേശാന്തരികളായവരാണ്. പണം നഷ്ടപ്പെട്ടവരിൽ പലരും ലഹരിമരുന്നുകൾക്കടിമകളായി ജീവിതം തുലയ്ക്കുകയും ചെയ്തവരാണ്.

മുമ്പ് ഇഷ്ട നമ്പർ കടലാസിൽ എഴുതി വാങ്ങിയാണ് ഒറ്റനമ്പർ ചൂതാട്ടം നടത്തിയിരുന്നതെങ്കിൽ, ഇപ്പോൾ മൊബൈൽ വാട്സാപ്പിലേക്ക് നമ്പറുകൾ ഷെയർ ചെയ്താണ് ചൂതാട്ടം. താലൂക്കിൽ മറയ്ക്കുള്ളിലിരുന്ന് ഒറ്റനമ്പർ ചൂതാട്ടത്തിന് നേതൃത്വം നൽകുന്ന ബോസുമാർ പതിനഞ്ചു പേരുണ്ടെന്ന് പോലീസ് രഹസ്യാന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ ചുറ്റുപാടുകളും സാമ്പത്തിക  സ്രോതസ്സുകളും ഇതിനകം രഹസ്യാന്വേഷകർ ശേഖരിച്ചിട്ടുണ്ട്. ഒരിക്കലും രംഗത്തു വരാതെ മറയ്ക്കുള്ളിലിരുന്ന് ഓൺലൈൻ ഇടപാട് നടത്തുന്ന ബോസുമാരുടെ ഒരു ദിവസത്തെ ചുരുങ്ങിയ വരുമാനം മൂന്ന് ലക്ഷം രൂപ വരെയാണ്. ഒറ്റനമ്പർ ബോസുമാരുടെ വിവര ശേഖരണ പട്ടിക സംസ്ഥാന ഇന്റലിജൻസിന് കൈമാറും. ഇന്റലിജൻസ് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞാൽ സംസ്ഥാന വ്യാപകമായി ഒറ്റനമ്പർ ബോസുമാർക്കെതിരെ കർശന നടപടികളുണ്ടാകാനാണ് സാധ്യത.

LatestDaily

Read Previous

ചിറപ്പുറത്തെ പകൽക്കള്ളനെ കുടുക്കി നീലേശ്വരം പോലീസ്

Read Next

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു