കൊറിയർ സ്ഥാപനമുടമയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ

പരപ്പ:  ഉറ്റുസുഹൃത്തും അയാളുടെ അച്ഛനും മറ്റും ചേർന്ന്  മർദ്ദിച്ചതിനെത്തുടർന്ന്  യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ  മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ പ്രതിഭ നഗർ കുപ്പമാടിലെ കെ സുമേഷ് 30, ഇയാളുടെ പിതാവ് സതീശൻ ആചാരി 56, പുടങ്കല്ലൂരിലെ അഖിൽ എബ്രഹാം 28 എന്നിവരാണ് അറസ്റ്റിലായത്. 23– ന് രാവിലെയാണ്  പരപ്പ പട്ളത്തെ ചന്ദ്രൻ –- ഭവാനി ദമ്പതികളുടെ  മകൻ വിനയചന്ദ്രൻ 38, വാടക വീട്ടിൽ തൂങ്ങി മരിച്ചത്.  22– ന് രാത്രിയിൽ പ്രതികൾ വിനയചന്ദ്രനെ മർദ്ദിച്ച ശേഷം രണ്ടു മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും കവർന്നിരുന്നു.

ചുള്ളിക്കരയിലെ കൊറിയർ സർവീസ്  സ്ഥാപനം നടത്തിവന്നിരുന്ന വിനയചന്ദ്രന്റെ ഏറ്റവുമടുത്ത   സുഹൃത്താണ് മാവുങ്കാലിൽ ബൈക്ക് മെക്കാനിക്കായ സുമേഷ്. ചില പ്രശ്നങ്ങുടെ പേരിൽ  അടുത്ത കാലത്താണ് ഇവർ ശത്രുക്കളായി മാറിയത്. തട്ടിയെടുത്ത മൊബൈൽ ഫോണും പേഴ്സും സുമേഷിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവം നടന്ന ദിവസം രാത്രിയിൽ വീട്ടിലെത്തിയ വിനയചന്ദ്രൻ മർദ്ദന വിവരം അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

ഭക്ഷണം പോലും കഴിക്കാതെ കിടന്ന യുവാവ് രാവിലെ എഴുന്നേറ്റ് മകളുടെ കൂടെ അൽപ്പസമയം ചിലവഴിച്ച ശേഷം വീണ്ടും മുറിയിലേക്ക് പോയാണ് ജീവനൊടുക്കിയത്. അതിന് ശേഷം   സുഹൃത്ത് വന്ന് അന്വേഷിച്ചപ്പോഴാണ്  കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതേ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിനയചന്ദ്രൻ എഴു തിവെച്ചതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് ക ണ്ടെടുത്തു. വിനയചന്ദ്രന്റെ മൃതദേഹത്തിൽ നിന്നും ലഭിച്ച കത്തിൽ മകളെ മാപ്പ് എന്നും താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും നിരപരാധിയായ തന്നെ ആക്രമിച്ചുവെന്നും എഴുതിയിട്ടുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

സിപിഎം ലോക്കൽ സിക്രട്ടറി മതിൽ പൊളിക്കൽ കുരുക്കിൽ

Read Next

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ റൂട്ട് മാർച്ച്