സിപിഎം–ബിജെപി വോട്ടുവ്യാപാരം ഉറപ്പിച്ചു

കാഞ്ഞങ്ങാട് : നഗരസഭ 17– ാം വാർഡിൽ മുൻ നഗരസഭ ചെയർമാൻ വി. വി. രമേശനും 14 –ാം വാർഡിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജിന്റെ ഭാര്യയുമായ വന്ദനറാവു സ്വതന്ത്ര സ്ഥാനാർത്ഥിയായും, 13– ാം വാർഡിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജും വിജയിച്ചതോടെ ഈ മൂന്ന് വാർഡുകളിലും മുൻ ചെയർമാൻ സിപിഎമ്മിലെ വി. വി. രമേശന്റെ നേതൃത്വത്തിൽ നടന്ന വോട്ടു വ്യാപാരം ഫലം കണ്ടു.

സംസ്ഥാനത്തൊട്ടുക്കും ബിജെപിയെ ശക്തമായി എതിർക്കുകയും, മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സിപിഎം നേതാക്കൾ തന്നെ സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചുണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് കാഞ്ഞങ്ങാട്ട് പകൽ പോലെ തെളിഞ്ഞു വന്നത്. 13, 14, 17 വാർഡുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഈ നീക്കം പ്രകടമായത്. ലേറ്റസ്റ്റ് തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 14– ാം വാർഡായ മുൻസിപ്പൽ ഓഫീസ് വാർഡിൽ വന്ദനറാവു സർവ്വ തന്ത്ര സ്വതന്ത്രയായി മത്സരിച്ചാണ് വിജയിച്ചത്. കാലങ്ങളായി യുഡിഎഫിന്റെ വാർഡാണിത്.

ഇടതു സ്വതന്ത്ര മുൻ നഗരസഭാ ചെയർപെഴ്സൺ ടി. വി. ശൈലജ, യുഡിഎഫിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി തസ്റീന എന്നിവർക്കെതിരെ മത്സരിച്ചാണ് ബിജെപി ജില്ലാ നേതാവിന്റെ ഭാര്യ വന്ദന വിജയിച്ചത്. എം. ബൽരാജ് മത്സരിച്ച 13– ാം വാർഡായ എൻജിഒ ക്വാർട്ടേഴ്സിൽ സിപിഎം സ്ഥാനാർത്ഥി വിജയിക്കും എന്ന സിപിഎം നേതാക്കളുടെ അവകാശ വാദങ്ങളിലെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടു വരുന്ന രീതിയിലുള്ള വോട്ട് കച്ചവടമാണ് ബിജെപിയും, സിപിഎമ്മും ഇവിടെ നടത്തിയത്. നഗരസഭ ചെയർമാൻ വി. വി. രമേശൻ ജനവിധി തേടിയ 17– ാം വാർഡായ മാതോത്ത് ബിജെപി വോട്ടുകൾ രമേശന് അനുകൂലമായി മറിഞ്ഞു. വോട്ടെടുപ്പ് വേളകളിലുടനീളം ബിജെപി–സിപിഎം രഹസ്യ ബാന്ധവത്തിന് ഒട്ടേറെ തെളിവുകൾ പുറത്തു വന്നു.

17– ാം വാർഡിൽ വി. വി. രമേശന്റെ വിജയം ഉറപ്പാക്കേണ്ടത് സിപിഎമ്മിന്റെയും, 13– ാം വാർഡിൽ ബിജെപി ജില്ലാ ജനറൽ പ്രസിഡന്റ് എം. ബൽരാജും, 14– ാം വാർഡിൽ ബൽരാജിന്റെ ഭാര്യ വന്ദനറാവുവും വിജയിക്കേണ്ടത് ബിജെപിയുടെ മാത്രമല്ല വി. വി. രമേശനും ഒഴിച്ചു കൂടാത്ത സംഗതിയായിരുന്നു. പരസ്പര വിശ്വാസത്തിൽ നടന്ന അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് നഗരസഭയിലെ 13, 14, 17 വാർഡുകളിൽ ദൃശ്യമായത്. കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു മുന്നണി ഭരണത്തിലേക്കെത്തിയപ്പോഴും, ഇടതു മുന്നണിക്കേറെ തീരാകളങ്കമാണ് ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധം വരുത്തി വച്ചത്.

LatestDaily

Read Previous

നഗരസഭയിൽ ഐഎൻഎല്ലിന് മൂന്നംഗങ്ങൾ

Read Next

നിരോധനാജ്ഞയ്ക്ക് പുല്ലു വില