വ്യാജ സിദ്ധൻ: കുടുംബനാഥന്റെ പേരിൽ സ്ത്രീധനപീഡനക്കേസ്

സ്വന്തം ലേഖകൻ

അജാനൂർ: വ്യാജ സിദ്ധന്റെ വലയിലകപ്പെട്ട കുടുംബനാഥന്റെയും കുടുംബത്തിന്റെയും പേരിൽ സ്ത്രീധന പീഡന ക്കേസ്. രണ്ട് മാസത്തോളമായി ഭാര്യയേയും മക്കളായ മൂന്ന് യുവതികളെയും കൊണ്ട് കണ്ണൂർ ജില്ലയിലെ  ഒരു വ്യാജ സിദ്ധന്റെ കീഴിൽ താമസിക്കുന്ന മാണിക്കോത്തെ ബേളാടത്ത് മുഹമ്മദ്, ഭാര്യ ജമീല, മകൻ അലി മുർന്തല, സഹോദരി സാജിത എന്നിവർക്കെതിരെയാണ് മകന്റെ ഭാര്യയും കോട്ടിക്കുളം കോടി സ്വദേശിനിയുമായ ഷമീമയുടെ പരാതി പ്രകാരം ഹൊസ്ദുർഗ് പോലീസ് ഗാർഹിക പീഡന നിയമ പ്രകാരം കേസ്സെടുത്തത്.  16 വർഷം മുമ്പ് വിവാഹിതയായ ഷമീമയെ ഗൾഫിലെ ജോലി സ്ഥലത്തും മാണിക്കോത്തെ ഭർതൃവീട്ടിലും മാനസികമായും ശാരീരികമായും ഭർത്താവും മാതാപിതാക്കളും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് ഷമീമയുടെ പരാതി.

ഭർത്താവിനെതിരെ ജോലിസ്ഥലമായ ഗൾഫിലും ഷമീമ പരാതി നൽകിയതിനെത്തുടർന്ന്  നിയമപരമായുള്ള ശിക്ഷ ഭയന്ന് ഗൾഫിലെ വ്യാപാര സ്ഥാപനങ്ങളുപേക്ഷിച്ച്  ഭർത്താവ് നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആത്മീയതയുടെ മറവിൽ ചൂഷണം നടത്തുന്ന കണ്ണൂരിലെ കക്കാടുള്ള വ്യാജ സിദ്ധന്റെ സങ്കേതത്തിലേക്ക് മകനും എത്തിപ്പെടുകയായിരുന്നു. സിദ്ധന്റെ മായാവലയത്തിലകപ്പെട്ട കുടുംബത്തെ ഏത് വിധേനയും മോചിപ്പിക്കണമെന്നുള്ള ആഗ്രഹമാണ് കുടുംബനാഥന്റെ മാണിക്കോത്തുള്ള ബന്ധുക്കൾക്കുള്ളത്.

എന്നാൽ ഈ കാര്യത്തിൽ കുടുംബനാഥന്റെ ചെറുത്തു നിൽപ്പിന് മുന്നിൽ ബന്ധുക്കൾ നിരാശരാവുകയാണ്. അതിനിടെ കഴിഞ്ഞ വർഷം തൊട്ടടുത്ത പ്രദേശമായ പൂച്ചക്കാട്ട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഗൾഫ് വ്യാപാരി ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള മാങ്ങാട്ടെ ജിന്ന് യുവതിയുമായി കുടുംബനാഥന് ആത്മീയ ചികിത്സയുടെ പേരിൽ ബന്ധമുള്ള വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ശാപമുക്തിയുടെ പേരിൽ തട്ടിപ്പ് നടത്തി ഒരു കുടുംബത്തെ മുഴുവൻ വേട്ടയാടി നാമാവശേഷമാക്കാനുള്ള വ്യാജ സിദ്ധനെതിരെ മാണിക്കോത്ത് ജമാ അത്തും പ്രാദേശിക രാഷ്ട്രീയ യുവജന സംഘടനകളും പൊതുജന താൽപ്പര്യം മുൻനിർത്തി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ആത്മീയതയുടെ മറവിൽ ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന കപട ആത്മീയവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഉന്നത പോലീസ് അധികാരികളെ  സമീപിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ കുടുംബനാഥന്റെ ബന്ധുക്കളുള്ളത്.

LatestDaily

Read Previous

കൺസ്യൂമർഫെഡ് മദ്യശാല ഹൊസ്ദുർഗിൽ കൊണ്ടുവരുന്നു

Read Next

വിവാഹ ഏജൻസിയുടെ പേരിൽ തട്ടിപ്പ് യുവതികൾ തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ