കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഇടതുതരംഗം

കാഞ്ഞങ്ങാട്: ഉദ്യോഗങ്ങൾക്കും, ആശങ്കകൾക്കും വിരാമമിട്ട് കാഞ്ഞങ്ങാട്, നീലേശ്വരം നഗസഭകളിൽ ഇടതുമുന്നണിക്ക് തുടർഭരണം. ഗ്രൂപ്പ് വഴക്കുകളൊന്നുമില്ലാതെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നടത്തിയ മൽസരത്തിൽ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഫലമുണ്ടായില്ലെന്നത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭ ഇക്കുറി യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശക്തമായ ഇടതുതരംഗങ്ങൾ യുഡിഎഫിന്റെ അടിതെറ്റി.

നീലേശ്വരം നഗരസഭയിലെ വികസന മുരടിപ്പ് ഉയർത്തിക്കാണിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. നീലേശ്വരം ചാത്തമത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടന്നില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ 3 സീറ്റുകൾ നേടി. കോൺഗ്രസ്സിനേക്കാൾ നിർണ്ണായക ശക്തിയായി. കോൺഗ്രസ്സിന് 2 സീറ്റുകൾ മാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയിൽ ലഭിച്ചത്.

കാഞ്ഞങ്ങാട് നഗരസഭയിൽ 4-ാം വാർഡിൽ കോൺഗ്രസ്സ് പിന്തുണയോടെ മൽസരിച്ച് സിപിഎം റിബൽ പരാജയപ്പെട്ടപ്പോൾ നീലേശ്വരം നഗരസഭയിൽ 3-ാം വാർഡിൽ മൽസരിച്ച കോൺഗ്രസ്സ് റിബൽ ഷീബ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയിൽ വിജയത്തുടർച്ചയുണ്ടാകേണ്ടത് എൽഡിഎഫിന്റെ അഭിമാനപ്രശ്നമായതിനാൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്.

എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായിരുന്ന കെ. വി. സുജാതടീച്ചറെ പരാജയപ്പെടുത്താൻ യുഡിഎഫ് – സിപിഎം റിബൽ സ്ഥാനാർത്ഥിയായ പി. ലീലയുമായി കൈകോർത്തെങ്കിലും അതിയാമ്പൂർ സിപിഎം സ്ഥാനാർത്ഥിയെ കൈവിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെയെല്ലാം സ്തംഭിപ്പിക്കുന്ന വിധത്തിലുള്ള യുഡിഎഫിന്റെ പ്രവർത്തനങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.

അലാമിപ്പള്ളി ബസ്്സ്റ്റാന്റ് വികസനത്തെ തടസ്സപ്പെടുത്താൻ കോടതിയെ സമീപിച്ചതടക്കമുള്ള നടപടികൾ യുഡിഎഫിന് തിരിച്ചടിയായി. 42 അംഗ നഗരസഭാ കൗൺസിൽ 24 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭൂരിപക്ഷമുറപ്പിച്ചത്. എൽഡിഎഫിന് ലഭിച്ച 24 സീറ്റുകളിൽ ഒന്ന് എൽജെഡിക്കും ഒന്ന് സിപിഐക്കുമാണ് . മൂന്ന് സീറ്റുകളിൽ ഐഎൻഎൽ വിജയിച്ചു. ബാക്കിയുള്ള 19 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചു. യുഡിഎഫിൽ 11 സീറ്റുകൾ ലീഗിനും, 2 സീറ്റുകൾ കോൺഗ്രസ്സിനും ലഭിച്ചു. 6 സീറ്റുകൾ നേടിയ ബിജെപി സ്ഥിതി മെച്ചപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭയിൽ ലീഗിനും ബിജെപിക്കും ഐഎൻഎല്ലിനും പിന്നിലാണ് കോൺഗ്രസ്സിന്റെ സ്ഥാനം.

നീലേശ്വരത്ത് കോൺഗ്രസ്സ് നേതാവ് മാമുനി വിജയന്റെ പരാജയം കോൺഗ്രസ്സിന് തിരിച്ചടിയായി.  കോൺഗ്രസ്സിൽ ശക്തമായ ഗ്രൂപ്പിസമുണ്ടായിരുന്ന നീലേശ്വരത്ത് തെരഞ്ഞെടുപ്പോടനുബന്ധിച്ച് ഗ്രൂപ്പിസം കുറഞ്ഞിരുന്നുവെങ്കിലും, മൂന്നാം വാർഡിലെ റിബൽ സ്ഥാനാർത്ഥിയുടെ വിജയം കോൺഗ്രസ്സിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. നീലേശ്വരത്ത് വികസന മുരടിപ്പ് തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പരിഗണനാ വിഷയം. ഇത് മുതലെടുക്കാൻ യുഡിഎഫ് നേതൃത്വത്തിന് കഴിയാതെ പോയതാണ് നീലേശ്വരത്ത് എൽഡിഎഫ് വിജയിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

LatestDaily

Read Previous

എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാതയ്ക്ക് ഉജ്ജ്വല വിജയം

Read Next

അജാനൂരിൽ ഇടതിന് ഭൂരിപക്ഷം എൽഡിഎഫ് 10, യുഡിഎഫ് 9, ബിജെപി 4